കേരളത്തിന് 700 കോടി പ്രഖ്യാപിച്ചിട്ടില്ലെന്ന് യു.എ.ഇ

single-img
24 August 2018

ന്യൂഡല്‍ഹി: കേരളത്തിന് ദുരിതാശ്വാസമായി നിശ്ചിത തുക പ്രഖ്യാപിച്ചിട്ടില്ലെന്ന് യു.എ.ഇ. യു.എ.ഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബന്ന ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിന് യു.എ.ഇ 700 കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ തുക സ്വീകരിക്കാന്‍ കഴിയില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ വരികയും ഇത് വിവാദമാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് യു.എ.ഇ പ്രതിനിധിയുടെ വിശദീകരണം.

‘വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് എത്രഫണ്ട് ആവശ്യമാണെന്നതു സംബന്ധിച്ച കണക്കുകൂട്ടലുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക സഹായമായി ഒരു നിശ്ചിത തുക പ്രഖ്യാപിക്കാന്‍, കൂടിയാലോചനകള്‍ പൂര്‍ത്തിയായിട്ടില്ല. അത് നടന്നുകൊണ്ടിരിക്കുകയാണ്.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരി ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിനായി ഫണ്ടുകള്‍, സഹായ സാമഗ്രികള്‍, മരുന്നുകള്‍ എന്നിവ ശേഖരിക്കുകയെന്നതാണ് കമ്മിറ്റിയുടെ ലക്ഷ്യം’ അഹമ്മദ് അല്‍ ബന്ന പറഞ്ഞു.

യു.എ.ഇ 700 കോടി രൂപ പ്രഖ്യാപിച്ചിട്ടില്ല എന്നാണോ അര്‍ത്ഥമാക്കുന്നത് എന്നു ചോദിച്ചപ്പോള്‍ ‘ അതെ, അതാണ് ശരി. അന്തിമ തീരുമാനം ഇതുവരെയായിട്ടില്ല. ഫണ്ട് പ്രഖ്യാപിച്ചിട്ടുമില്ല.’ എന്നാണ് അദ്ദേഹം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ച് യു.എ.ഇ പ്രസിഡന്റ് കേരളത്തിന് സഹായമായി 700 കോടി നല്‍കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

ഇക്കാര്യം അംബാസിഡര്‍ നിഷേധിച്ചിട്ടില്ല. എന്നാല്‍ ഔദ്യോഗികമായി അത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍ മുഖ്യമന്ത്രിയും യു.എ.ഇ ഭരണാധികാരിയുമായി സംസാരിച്ച ഘട്ടത്തില്‍ എത്രയെങ്കിലും തുക വാഗ്ദാനം ചെയ്‌തോ എന്ന കാര്യം അംബാസിഡര്‍ വ്യക്തമായി പറയുന്നില്ല.

മുഖ്യമന്ത്രി പിണറായി വിജയനാണ് 700 കോടി രൂപ ധനസഹായം കേരളത്തിന് യുഎഇ നല്‍കുമെന്ന കാര്യം ആദ്യം വ്യക്തമാക്കിയത്. വ്യവസായി യൂസഫലിയുമായി അബുദാബി കിരീടാവകാശി ഇക്കാര്യം സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. യുഎഇ ഭരണാധികാരികള്‍ പ്രധാനമന്ത്രി മോദിയുമായി സംസാരിക്കുകയും യുഎഇയുടെ സഹായമനസ്‌കതയ്ക്ക് മോദി നന്ദി പറഞ്ഞ് മോദി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.