‘ആ 13 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയ മിഷനായിരുന്നു രക്ഷാദൗത്യത്തില്‍ ഏറെ വെല്ലുവിളി’; രക്ഷാപ്രവര്‍ത്തനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വ്യോമസേന പുറത്തുവിട്ടു

single-img
24 August 2018

കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മഹാപ്രളയത്തിനിടെയുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ ഇന്ത്യന്‍ വ്യോമസേന പുറത്തുവിട്ടു. ദക്ഷിണമേഖലാ വ്യോമസേനയുടെ തിരുവനന്തപുരം വിഭാഗം പി.ആര്‍.ഒ ധന്യാ സനലാണ് ആദ്യാവസാനം വെല്ലുവിളികള്‍ നിറഞ്ഞ ഒരു റെസ്‌ക്യൂ മിഷന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ടത്.

അയ്യപ്പാ കോളേജിന്റെ ഹോസ്റ്റലില്‍ കുടങ്ങിയ 13 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയ വ്യോമസേനാ മിഷനായിരുന്നു രക്ഷാദൗത്യത്തില്‍ ഏറെവെല്ലുവിളി നിറഞ്ഞതെന്ന് ഇതിന് നേരിട്ട് സാക്ഷ്യം വഹിച്ച സൗമ്യ ഫേസ്ബുക്കില്‍ കുറിക്കുന്നു.

Posted by Dhanya Sanal on Thursday, August 23, 2018

 

Posted by Dhanya Sanal on Thursday, August 23, 2018

Posted by Dhanya Sanal on Thursday, August 23, 2018

Posted by Dhanya Sanal on Thursday, August 23, 2018

 

Posted by Dhanya Sanal on Thursday, August 23, 2018

 

Posted by Dhanya Sanal on Thursday, August 23, 2018

സൗമ്യയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്..

ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ സുപ്രധാനമായ ഒരു കടമ്പ “#റെസ്ക്യൂ” അവസാനിച്ചു. ഇനി #റിലീഫ്, #റിഹാബിലിറ്റേഷൻ #റികൺസ്ട്രക്ഷൻ എന്നീ ഘട്ടത്തിലൂടെ കേരള ജനതയ്ക്ക് കടന്നുപോകേണ്ടതുണ്ട്. ഓരോ മലയാളിയും, ഒത്തൊരുമയോടെ, തന്നാലാകും വിധം റസ്ക്യൂ മിഷനിൽ പങ്കെടുത്ത മറ്റൊരു സംഭവം കേരളത്തിന്റെ റീസന്റ് ഹിസ്റ്ററിയിലോ റിമോട്ട് ഹിസ്റ്ററിയിലോ ഇല്ലതന്നെ.

ഓരോരുത്തരും വെത്യസ്തമായ അനുഭവങ്ങളിലൂടെ കടന്നുപോയ ദിവസങ്ങൾ. ഓരോരുത്തർക്കും എഴുതാനുണ്ടാകും അവരവരുടേതായ ദുരന്തസ്മരണകൾ!

ഈ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഞാൻ കവർ ചെയ്ത റെസ്ക്യൂ ഓപ്പറേഷൻസ് നാലെണ്ണം ആണ്.
1) ഓഖി ദുരന്തം
2) തേനി ഫോറസ്റ്റ് ഫയർ
3) ലാറ്റ്വിയൻ യുവതി ലിഗയുടെ തിരോദ്ധാനം
4) ഇപ്പോ ഇതാ കേരളാ ഫ്ലഡ്ഡും

ഇവയിൽ വെച്ച് ഏറ്റവും റിസ്കി ആയതും, അതു കൊണ്ട് തന്നെ ഒരിക്കലും മറക്കാൻ ആകാത്തതുമായ ഒരു റസ്ക്യൂ ഓപ്പറേഷനെ കുറിച്ച് ഞാൻ രണ്ട് വാക്ക് പറയട്ടെ. ആഗസ്റ്റ് 18 ആം തീയതി രാത്രി, അയ്യപ്പാ കോളേജ് ഹോസ്റ്റലിലെ 13 കുട്ടികളുടെ വിഞ്ചിംങ്ങിനെ കുറിച്ചാണ് ഞാൻ പറഞ്ഞ് വരുന്നത്.

രക്ഷാപ്രവർത്തനം നേരിട്ട് കാണുവാനും ,പകർത്തുവാനും മാധ്യമപ്രവർത്തകരേയും കൊണ്ട് ഞാൻ വായുസേനയുടെ ഹെലികോപ്റ്ററിൽ 4 മണിക്കൂർ നേരം നീണ്ട രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി സഞ്ചരിച്ച്, തിരിച് ലാന്റ് ചെയ്തതേ ഉള്ളൂ. പത്തനംതിട്ട – ആലപ്പുഴ തുടങ്ങിയ പ്രദേശങ്ങൾ ആണ് പ്രധാനമായും സഞ്ചരിച്ച മേഖല. നാലു മണിക്കൂർ നീണ്ട ആ സോർട്ടിയിൽ ആരേയും റസ്ക്യൂ ചെയ്യേണ്ടതായി കണ്ടില്ല, മറിച്ച് ,ആവശ്യപ്പെട്ട സ്ഥലങ്ങളിലെല്ലാം ഭക്ഷണം ചാക്കിലാക്കിയത് കമാന്റോ സംഘം എയർ ഡ്രോപ് ചെയ്തിരുന്നു.

ശംഖുമുഖം ടെക്നിക്കൽ ഏരിയയിൽ ഏകദേശം 17:30 ഓടെ ലാന്റ് ചെയ്ത എന്നോട് 18:15 ഓടെ അടുത്ത സോർട്ടിയ്ക്ക് തയ്യാറെടുക്കാനായി സ്റ്റേഷൻ കമാണ്ടർ നിർദ്ദേശം തന്നു. അപ്പോഴും, ജീവിതത്തിൽ മറക്കാനാകാത്ത ഒരു ഓപ്പറേഷന്റെ ഭാഗമാകുയാണ് ഞാൻ എന്ന്, ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല.

സമയം 17:40 ,അപ്പോൾ ലാൻറ് ചെയ്ത Mi17V5 ഹെലികോപ്റ്ററിൽ നിന്നും ഗരുഡ് കമാന്റോകളുടെ കമാന്റിംങ്ങ് ഓഫീസർ വിംങ്ങ് കമാണ്ടർ പ്രശാന്തും, ഫ്ലൈറ്റ് എഞ്ചിനീയർ സ്ക്വാഡ്രൻ ലീഡർ റോൺ റോബർട്ടും പുറത്തു വന്നു. വിങ്ങ് കമാണ്ടർ ഖണ്ടാൽകർ ആയിരുന്നു ഹെലികോപ്റ്ററിന്റെ ക്യാപ്റ്റൻ.പരിചയസമ്പന്നനായ പൈലറ്റ്.

എക്സർസൈസ് സംവേദനയ്ക്ക് ശേഷം അന്നാണ് പ്രശാന്ത് സാറിനെ നേരിട്ട് കാണുന്നത്. വിശേഷങ്ങൾ തിരക്കിയപ്പോൾ ആണ് 38 കുട്ടികൾ ഒരു ഹോസ്റ്റലിൽ അകപ്പെട്ടിരിക്കുന്നൂ എന്നും,സാറും, പൈലറ്റ് ഖണ്ടാൽകർ സാറും, സ്ക്വാഡ്രൻ ലീഡർ റോൺ റോബർട്ടും അടങ്ങുന്ന സംഘം രക്ഷാപ്രവർത്തനത്തിന് പോകുന്നു എന്നും, ഞാൻ അവരെ അക്കൊമ്പനി ചെയ്യുന്നുണ്ടോ എന്നും അവർ എന്നോട് അന്വേഷിച്ചത്. സ്റ്റേഷൻ കമാണ്ടർ എന്നോട് രാത്രി പോകുവാൻ നിർദ്ദേശിച്ച റസ്ക്യൂ സോർട്ടി ഇതാണെന്ന് ഞാൻ തിരിച്ചറിയുന്നത് അപ്പോഴാണ്.

അങ്ങനെ 18:15 ഓടെ Mi17V5 ഹെലികോപ്റ്റർ ഞങ്ങളേയും കൊണ്ട് പറന്നുയർന്നു.

രക്ഷാദൗത്യം പുലർച്ചേ തുടങ്ങിയതു കൊണ്ട് അന്നേ ദിവസം ഹെലികോപ്റ്ററിൽ ഇരുന്ന് സിപ് ചെയ്യുന്ന വെള്ളം ഒഴികെ, ഞാനടക്കം ആരും,വേറൊന്നും കഴിച്ചിട്ടില്ല. പ്രശാന്ത്സാർ കമാന്റോസിന് ഉള്ള ഭക്ഷണ പൊതിയിൽ നിന്നും ഒരെണ്ണം എനിക്ക് നീട്ടി. അങ്ങനെ, ആ ദിവസത്തെ ബ്രേക്ഫാസ്റ്റ്-കം-ലഞ്ച്-കം-ഡിന്നറിന് കൂടെ തന്നെ ഞങ്ങൾ ചെയ്യാൻ പോകുന്ന മിഷനെ കുറിച്ച് പ്രശാന്ത് സാർ ഒരു രൂപരേഖ പറഞ്ഞു തന്നു.

#ഗരുഡ് #കമാന്റോ #വിങ്ങ്കമാണ്ടർ #പ്രശാന്ത് #പറഞ്ഞത് #ഇപ്രകാരമാണ്.

1.മറ്റൊരു റസ്ക്യൂ ഓപറേഷൻ കഴിഞ്ഞ് തിരിച്ച് വരുന്ന വഴിയാണ് 38 കുട്ടികൾ കോളേജ് ഹോസ്റ്റലിൽ കുടുങ്ങിക്കിടക്കുന്നത് അറിഞ്ഞത്. ഉടനെ ക്യാപ്റ്റൻ ഖണ്ടാൽകർ ഹെലികോപ്റ്റർ ആ ദിശയിൽ തിരിച്ച് വിട്ടു.
2. മറ്റു കെട്ടിടങ്ങളും, മരങ്ങളും ചുറ്റിലും ഉള്ള, ഹെലികോപ്റ്റർന് താഴ്ന്ന് പറക്കുവാൻ അത്യന്തം ബുദ്ധിമുട്ടേറിയ ഒരു പ്രദേശത്താണ് ഹോസ്റ്റൽ കെട്ടിടം. കുട്ടികൾ ഹെലികോപ്റ്ററിന്റേയും സേനയുടേയും ശ്രദ്ധ ആകർഷിക്കുവാൻ ശ്രമിച്ചതുകൊണ്ട് അവരെ തിരിച്ചറിയുവാൻ ബുദ്ധിമുട്ട് ഉണ്ടായില്ല.
3. താഴ്ന്ന് പറന്ന ഹെലികോപ്റ്ററിൽ നിന്നും പ്രശാന്ത് സാർ തന്നെ ഹോസ്റ്റലിന്റെ ടെറസിൽ ഇറങ്ങി കാര്യം തിരക്കി. വെള്ളത്താൽ ചുറ്റപ്പെട്ട്, ഭീകരമായ ഒരു അന്തരീക്ഷത്തിലായിരുന്നു ആ കുട്ടികൾ.
4.അതിനിടയിൽ ചില സാമൂഹ്യ വിരുദ്ധർ ഈ പ്രളയ ജലത്തിലൂടെ കഷ്ടപ്പെട്ട് ഹോസ്റ്റലിന് മുന്നിലെത്തി പെൺകുട്ടികളോട് അസഭ്യം പറയുകയും, തുണി പൊക്കി കാണിക്കുകയും ചെയ്യുന്നത് അദ്ദേഹം നേരിട്ട് കാണാനിടയായി.
5. ആ രാത്രി ,എല്ലാം കൊണ്ടും ,ആ പെൺകുട്ടികൾ ആ ഹോസ്റ്റലിൽ സുരക്ഷിതരല്ല എന്ന് കമാന്റോ തിരിച്ചറിഞ്ഞു. പൈലറ്റുമായി ചർച്ച ചെയ്തപ്പോൾ അവരെ എല്ലാവരേയും രക്ഷിക്കുന്നത് വരെ ഹെലികോപ്റ്ററിന് അവിടെ വട്ടമിട്ട് പറക്കാനുള്ള മതിയായ ഫ്യുവൽ ഇല്ല എന്ന് മനസ്സിലായി.കാരണം, മറ്റൊരു ദീർഘ നേര മിഷൻ കഴിഞ്ഞ് വരുന്ന വഴിയായിരുന്നു ഹെലികോപ്റ്റർ.
6. കമാന്റോ പെൺകുട്ടികൾക്ക് വാക്ക് കൊടുത്തു “#ഞങ്ങൾ #തിരിച്ച് #വരും. #ഭയപ്പെടാതെ #ഇരിക്കണം.”
7. “#ഞങ്ങൾ #തിരിച്ച് #വരും ” #എന്ന് #വ്യോമസേന #കൊടുത്ത #വാക്ക് #പാലിക്കുവാൻ #രാത്രിയിലെ #ഈഓപറേഷന് #പോയേ #മതിയാകൂ. കഴിക്കുന്നതിനിടയിൽ കമാന്റോ പറഞ്ഞു നിർത്തി.

വെള്ളം തൊടാതെ വിഴുങ്ങിയ ഒരു ചോറുരുളയ്ക്കൊപ്പം മറുപടിയ്ക്കായുള്ള വാക്കുകൾ എന്റെ തൊണ്ടയിൽ കുരുങ്ങി.തിരിച്ച് മറുപടി പറയുവാൻ ഞാൻ വാക്കുകൾക്ക് വേണ്ടി പരതി.

ഞങ്ങളുടെ ഹെലികോപ്റ്റർ ഹോസ്റ്റലിന് മുകളിൽ എത്തിയപ്പോൾ ഇരുട്ടിയിരുന്നു. തുടർന്ന് കമാന്റോ ടെറസിൽ ഇറങ്ങി ഓരോരുത്തരെ ആയി ഹെലികോപ്റ്ററിലേയ്ക്ക് കയറ്റി വിട്ടു കൊണ്ടിരുന്നു. പൊടുന്നനെ അതിഭീകരമായ കാറ്റും മഴയും തുടങ്ങി.13 പേരെ രക്ഷപ്പെടുത്തിയപ്പോഴേക്കും ഇനി ഹെലികോപ്റ്ററിന് അവിടെ തുടരാനാകില്ല എന്ന അവസ്ഥയിൽ, ക്യാൻസർ രോഗി ആയ ഒരു കുട്ടി ഉൾപ്പെടെ ബാക്കി ഉള്ള പെൺകുട്ടികളെ ആ ഹോസ്റ്റലിൽ തനിച്ചാക്കി ഞങ്ങൾക്ക് മടങ്ങേണ്ടി വന്നു.

ഹെലികോപ്റ്ററിൽ ഇനിയും ഇവിടെ തുടരുന്നത് എല്ലാവരുടേയും ജീവന് ആപത്താണ്. ഹെലികോപ്റ്ററിൽ കയറും മുൻപ് കമാന്റോ കുട്ടികൾക്ക് വാക്ക് നൽകി,”നാളെ വെളുപ്പിനേ ഞങ്ങൾ തിരിച്ചെത്തും.ഭയപ്പെടാതിരിക്കുക”.

അതേ സമയം ഹെലികോപ്റ്ററിൽ സുരക്ഷിതരായി എത്തിയ കുട്ടികൾ അലമുറയിടുന്നുണ്ടായിരുന്നു. തങ്ങളുടെ കൂട്ടുകാരികളെ അവിടെ വിട്ട് പോകേണ്ടി വന്നതിന്റെ വൈകാരിക പ്രക്ഷുബ്ദ്ധത താങ്ങുവാൻ ഉള്ള മനക്കരുത്തൊന്നും ആ കൊച്ചുപെൺകുട്ടികൾക്ക് ഇല്ലായിരുന്നു. ഞാൻ ഞങ്ങൾ ആരൊക്കെ ആണെന്ന് പരിചയപ്പെടുത്തി കുട്ടികളെ കംഫർട്ട് സോണിൽ എത്തിക്കുവാൻ ശ്രമിച്ചു കൊണ്ടിരുന്നു

ഞാൻ എന്നാലാകുന്നതൊക്കെ ചെയ്തിട്ടും കുട്ടികൾ കരച്ചിൽ നിർത്തുന്നില്ല. എന്ത് ചെയ്യും?സുരക്ഷിതനായി കേറി വന്ന് ,ഹെലികോപ്റ്ററിൽ തളർന്നിരിക്കുന്ന പ്രശാന്ത് സാറിനെ ഞാൻ നോക്കി. അദ്ദേഹത്തിന് കാര്യം പിടികിട്ടി. കമാന്റോ എഴുന്നേറ്റ് കുട്ടികളുടെ അടുത്തേക്ക് വന്നു .അലമുറയിട്ട് കരയുന്ന രണ്ട് പെൺകുട്ടികളുടെ കൈ പിടിച്ച് ഹെലികോപ്റ്ററിന്റെ ജനൽ പാളി തുറന്ന് ,അവരുടെ കൈകൾ ആ പെരുമഴയത്ത് പുറത്തേക്ക് ഇട്ടു. പെൺ കുട്ടികൾ ഭയന്നു പോയി. വൈകാരികതയ്ക്കപ്പുറം അപ്പോഴാണ് പെൺകുട്ടികൾ തങ്ങൾ ഉൾപ്പെടെ ഉള്ളവർ അകപ്പെട്ടിരിക്കുന്ന സാഹചര്യത്തെക്കുറിച്ച് ബോധവാന്മാരാകുന്നത്.#ഇരുട്ട്, #പെരുമഴ #ആടി #ഉലയുന്ന #ഹെലികോപ്റ്റർ ! പൊടുന്നനെ അവർ കരച്ചിൽ നിർത്തി. എല്ലാവർക്കും ഭക്ഷണവും വെള്ളവും നൽകിയതിനു ശേഷം കമാന്റോ അദ്ധേഹത്തിന്റെ സീറ്റിൽ ചെന്നിരുന്നു.ഞാൻ പെൺകുട്ടികളോടൊപ്പവും.

തീർത്തും വിസിബിലിറ്റി ഇല്ലാത്ത ആ പെരുമഴയത്ത് പൈലറ്റ് വിങ്ങ് കമാണ്ടർ ഖണ്ടാൽകർ സാറിന്റെ അനുഭവസമ്പത്ത് മാത്രമായിരുന്നു ഞങ്ങളുടെ ധൈര്യം.

രാത്രി 20:00 ഓടെ ഞങ്ങൾ ടെക്‌നിക്കൽ ഏരിയയിൽ സുരക്ഷിതരായി ലാന്റ് ചെയ്തു.കുട്ടികളെ സുരക്ഷിതരായി ജില്ലാഭരണകൂടത്തെ ഏൽപ്പിച്ചു.

പിറ്റേന്ന് വെളുപ്പിനുള്ള ആദ്യത്തെ സോർട്ടിയിൽ ഞങ്ങൾ എത്തുന്നതിന് മുമ്പേ, മാധ്യമങ്ങളിലൂടെ വിവരം ലഭിച്ച സംസ്ഥാന സർക്കാർ ആ രാത്രി തന്നെ ബാക്കി ഉള്ള പെൺകുട്ടികളെ ബോട്ടിൽ എത്തി രക്ഷപ്പെടുത്തിയിരുന്നു.

എന്നിരുന്നാലും കമാന്റോ ടെറസിൽ ഇറങ്ങി ,താഴെ ഹോസ്റ്റലിൽ ആരും ഇല്ലാ എന്ന് ഉറപ്പ് വരുത്തി. ശേഷം ,അടുത്ത ഒരു മിഷന് വേണ്ടി ഞങ്ങളേയും വഹിച്ച് ഹെലികോപ്റ്റർ മറ്റൊരു ദിശയിലേക്ക് പറന്നു…

#OPKaruna