ഗുജറാത്തിന് വിദേശസഹായം കിട്ടുകയും കേരളത്തിന് കിട്ടാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്; ‘വിദേശ സഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ല’; കേന്ദ്ര നിലപാടിനെതിരെ മുന്‍ വിദേശ സെക്രട്ടറിമാര്‍

single-img
23 August 2018

കേരളത്തിലേയ്ക്കുളള വിദേശ സഹായം തടയുന്ന മോദി സര്‍ക്കാരിന്റെ നിലപാടിനെതിരെ മുന്‍വിദേശകാര്യ സെക്രട്ടറിമാര്‍ രംഗത്ത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിദേശ സഹായം വേണ്ടെങ്കിലും പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ വിദേശ സഹായം തേടുന്നതില്‍ തെറ്റില്ലെന്നാണ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനും മുന്‍ വിദേശ കാര്യ സെക്രട്ടറി നിരുപമ റാവുവും പ്രതികരിച്ചത്.

പുനരധിവാസത്തിന് വിദേശ സഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് ശിവ്ശങ്കര്‍ മേനോന്‍ പറയുന്നു. ദുരന്ത നിവാരണത്തിന് സഹായം സ്വീകരിക്കുന്നതിലാണ് നയം തടസ്സമാകുന്നത്. ഗുജറാത്തിന് വിദേശസഹായം കിട്ടുകയും കേരളത്തിന് കിട്ടാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്ന ഒരു ട്വീറ്റ് അദ്ദേഹം റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

വിദേശസഹായം സ്വീകരിക്കുന്ന കാര്യത്തില്‍ വകതിരിവുണ്ടാകണം എന്നാണ് മുന്‍ വിദേശകാര്യ സെക്രട്ടറി ആയിരുന്ന നിരുപമ റാവുവിന്റെ പ്രതികരണം. വിദേശത്തുനിന്ന് സഹായം സ്വീകരിക്കുകയല്ല, വിദേശരാജ്യങ്ങള്‍ക്ക് സഹായം നല്‍കുകയാണ് നമ്മള്‍ ചെയ്യാറുള്ളത് എന്നത് ശരിതന്നെ.

പക്ഷേ ഗള്‍ഫ് രാജ്യങ്ങളിലുള്ള എണ്‍പത് ശതമാനം ഇന്ത്യാക്കാരും മലയാളികളാണ്. സാഹചര്യം പരിഗണിക്കണം. വേണ്ട എന്നു പറയാന്‍ എളുപ്പമാണ്, പക്ഷേ കേരളം പ്രതിസന്ധിയിലാണ്, അത് ചെറിയ കാര്യമല്ലെന്നും നിരുപമ റാവു കൂട്ടിച്ചേര്‍ത്തു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ മാധ്യമ ഉപദേഷ്ടകനും വിദേശകാര്യ വിദഗ്ധനുമായ സഞ്ജയ് ബാരുവും യുഎഇയുടെ സഹായം സ്വീകരിക്കേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ ട്വിറ്ററില്‍ പ്രതികരിച്ചു. ഗള്‍ഫ് രാജ്യങ്ങളുമായുള്ള മലയാളികളുടെ ബന്ധം പരിഗണിക്കണം. യുഎഇയുടെ സഹായം നിഷേധിക്കാന്‍ സുനാമി കാലത്ത് വിദേശസഹായം സ്വീകരിച്ചില്ല എന്ന കീഴ്വഴക്കം പറയുന്നത് ശരിയല്ല. ഇക്കാര്യത്തില്‍ പിണറായിയുടെ നിലപാടിനൊപ്പമാണ് എന്നായിരുന്നു സഞ്ജയ് ബാരുവിന്റെ ട്വീറ്റ്.