തൊഴിലില്ലായ്മയും നോട്ട് നിരോധനവും ജിഎസ്ടിയും ആള്‍ക്കൂട്ട കൊലപാതകത്തിന് കാരണം: രാഹുല്‍ ഗാന്ധി

single-img
23 August 2018

ഇന്ത്യയിലെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് കാരണം തൊഴിലില്ലായ്മയും നോട്ട് നിരോധനവും ജിഎസ്ടിയുമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജര്‍മനിയിലെ ഹാംബര്‍ഗിലെ സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

ജിഎസ്ടി ശരിയായ രീതിയില്‍ നടപ്പിലാക്കാത്തത് മൂലം ചെറുകിട വ്യവസായങ്ങള്‍ തകര്‍ന്നു. ജിഎസ്ടിയും തൊഴിലില്ലായ്മയും നോട്ട് നിരോധനവും ജനങ്ങളെ കോപാകുലരാക്കിയിരിക്കുകയാണ്. ഇതാണ് ആള്‍ക്കൂട്ട കൊലപാതകങ്ങളിലേക്ക് നയിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

ബിജെപി സര്‍ക്കാര്‍ ആദിവാസികളേയും ന്യൂനപക്ഷങ്ങളേയും വികസന പ്രവര്‍ത്തനങ്ങളില്‍നിന്നു മാറ്റിനിര്‍ത്തിയിരിക്കുകയാണ്. ഇത് അപകടങ്ങള്‍ ഇനിയും സൃഷ്ടിച്ചേക്കാം. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുന്ന വികസന നയങ്ങള്‍ ആയിരിക്കണം സര്‍ക്കാര്‍ നടപ്പാക്കേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ ചില സംരക്ഷണങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. അത് നല്‍കാന്‍ ഭരണകൂടത്തിന് കഴിയണം. എന്നാല്‍, അത്തരം സംരക്ഷണങ്ങള്‍ എടുത്തു മാറ്റുന്നത് പ്രതിഷേധങ്ങള്‍ക്കിടയാക്കും. വന്‍കിടക്കാര്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍ രാജ്യത്തെ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ലഭിക്കണം.

എന്നാല്‍ ഇന്ത്യയിലെ ബി.ജെ.പി സര്‍ക്കാര്‍ അതിന് തയ്യാറാകുന്നില്ല. ചില വിഭാഗങ്ങള്‍ക്ക് ഉണ്ടായിരുന്ന സംരക്ഷണവലയം സര്‍ക്കാര്‍ എടുത്തുമാറ്റി. ജി.എസ്.ടിയും നോട്ടുനിരോധനവും ചെറുകിട വ്യവസായ മേഖലയെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തു. ഓരോ ദിവസവും പ്രതിസന്ധിയുടെ ഇത്തരം വാര്‍ത്തകളാണ് പുറത്തുവരുന്നത്. പ്രതിപക്ഷം ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുകയും അത് അംഗീകരിച്ച് മതിയായ പരിഹാരം കാണുകയാണ് ചെയ്യേണ്ടതെന്നും രാഹുല്‍ പറഞ്ഞു.