പൂര്‍ണ്ണ ഗര്‍ഭിണിയായ മന്ത്രി സൈക്കിള്‍ ഓടിച്ച് ആശുപത്രിയിലെത്തി പ്രസവിച്ചു

single-img
23 August 2018

മറ്റുള്ളവര്‍ക്ക് എപ്പോഴും ജനപ്രതിനിധികള്‍ മാതൃകയാകണം. പ്രത്യേകിച്ച് ഗര്‍ഭിണികള്‍ എങ്ങനെയായിരിക്കണമെന്ന് മറ്റ് സ്ത്രീകള്‍ കണ്ടുപഠിക്കണം. അത്തരത്തിലൊരു കാഴ്ചയാണ് ന്യൂസിലാന്റില്‍ നിന്ന് വരുന്നത്. ന്യൂസിലാന്‍ഡിലെ വനിതാക്ഷേമ മന്ത്രിയും ഗതാഗത സഹമന്ത്രിയുമായ ജൂലി ആന്‍സെന്ററാണ് പൂര്‍ണ്ണ ഗര്‍ഭിണിയായിരിക്കെ സൈക്കള്‍ ചവിട്ടി
ആശുപത്രിയിലെത്തിയത്.

വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള ഓക്‌ലാന്‍ഡ് സിറ്റി ഹോസ്പിറ്റലില്‍ പ്രസവത്തിനായാണ് മന്ത്രി സൈക്കിളില്‍ പോയത്. ‘സുന്ദരമായ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ന്. സഹായികളായ ആളുകള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ മതിയായ സ്ഥലം കാറിലില്ലെന്നു തോന്നിയതുകൊണ്ടാണ് ഞാനും പങ്കാളിയും ചേര്‍ന്ന് സൈക്കിളില്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടത്.

ഈ യാത്ര വളരെ സന്തോഷകരമായിരുന്നു’ മന്ത്രി പറഞ്ഞു. ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയായ ജസീന്ത അടുത്തിടെയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവാവധി തീരും മുമ്പ് ജോലിയില്‍ തിരികെ പ്രവേശിച്ച ജസീന്ത വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഔദ്യോഗിക പദവിയിലിരിക്കേ കുഞ്ഞിന് ജന്മം നല്‍കിയ രണ്ടാമത്തെ പ്രധാനമന്ത്രിയാണ് ജസീന്ത. 1990ല്‍ ബേനസീര്‍ ഭൂട്ടോയാണ് ഔദ്യോഗിക പദവിയിലിരിക്കേ കുഞ്ഞിനു ജന്മം നല്‍കിയ ആദ്യത്തെ പ്രധാനമന്ത്രി.