മുഖ്യമന്ത്രി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു

single-img
23 August 2018

പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ 8.45ന് ഹെലികോപ്റ്ററില്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ ഇറങ്ങിയ മുഖ്യമന്ത്രി കാര്‍ ഉപേക്ഷിച്ച് കാല്‍നടയായാണ് ദുരിതബാധിതരുടെ അടുത്തേക്കുപോയത്.

ചെങ്ങന്നൂരിലെ സന്ദര്‍ശനത്തിനു ശേഷം മുഖ്യമന്ത്രി കോഴഞ്ചേരിയിലേക്കു പോയി. മന്ത്രി ഇ.ചന്ദ്രശേഖരന്‍, സജി ചെറിയാന്‍ എംഎല്‍എ, കലക്ടര്‍ എസ്.സുഹാസ്, ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രന്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ട്. എന്തെങ്കിലും പറയാനുണ്ടോ എന്ന് ചെങ്ങന്നൂരില്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

മൂന്ന് ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളാണു മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നത്. കോഴഞ്ചേരിയില്‍നിന്ന് ആലപ്പുഴ ജില്ലയിലെ ക്യാംപുകളിലേക്കാണു പോവുക. തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പറവൂരിലെ ക്യാംപുകള്‍ സന്ദര്‍ശിക്കും. ശേഷം തൃശൂര്‍ ചാലക്കുടിയിലെ ക്യാംപുകളിലെത്തും.

വൈകിട്ട് തിരുവനന്തപുരത്ത് തിരിച്ചെത്തി അവലോകന യോഗത്തില്‍ പങ്കെടുക്കും. ക്യാംപുകളിലും ബന്ധുവീടുകളിലുമായി വീട്ടിലേക്കു മടങ്ങാനാകാതെ 13.43 ലക്ഷം പേരുണ്ടെന്നാണു കണക്ക്.