പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല

single-img
23 August 2018

പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് യു.എ.ഇ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിരസിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് മലയാളികള്‍. മോദിയുടെ ഫേസ്ബുക്ക് പേജില്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് നടക്കുന്നത്.

കഴിഞ്ഞദിവസം ‘ഞാന്‍ അക്ഷമനാണ്’ എന്ന കുറിപ്പോടെ മോദി ഫേസ്ബുക്കില്‍ പങ്കുവെച്ച അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ വീഡിയോയ്ക്ക് കീഴിലാണ് ആയിരക്കണക്കിന് മലയാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് എന്ന് ആവശ്യപ്പെടുന്നവര്‍ മുതല്‍ തെറിവിളിക്കുന്നവര്‍ വരെയുണ്ട് ഇക്കൂട്ടത്തില്‍. 40,000 ത്തിലേറെ കമന്റുകളാണ് മോദിയ്‌ക്കെതിരെ ഈ വീഡിയോയ്ക്കു കീഴില്‍ വന്നിട്ടുള്ളത്.

വിദേശ രാജ്യങ്ങളെ സഹായിച്ചിട്ടുള്ള മോദി സര്‍ക്കാരിന്റെ മുന്‍കാല നടപടികളെയും മലയാളികള്‍ ചോദ്യം ചെയ്യുന്നുണ്ട്. ഇത്തരം നെറികെട്ട നിലപാടിലൂടെ കേരളത്തെ തകര്‍ക്കാം എന്ന് കേന്ദ്രം കരുതരുതെന്ന മുന്നറിയിപ്പും കമന്റുകളിലുണ്ട്. അറബ് രാജ്യങ്ങളുടെ സ്‌നേഹവും സപ്പോര്‍ട്ടും മലയാളി പ്രവാസികളുടെ വിയര്‍പ്പിന്റെ വിലയാണെന്നും ചിലര്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.

നേപ്പാള്‍ ഭൂകമ്പ ദുരിതാശ്വാസത്തിന് 6000 കോടി രൂപ നല്‍കിയ മോദി സര്‍ക്കാര്‍ എന്തുകൊണ്ടാണ് കേരളത്തിന് 600 കോടി മാത്രം നല്‍കിയതെന്ന ചോദ്യം ഉന്നിയക്കപ്പെടുന്നുണ്ട്. ഗുജറാത്ത് ഭൂകമ്പകാലത്ത് വിദേശ രാജ്യങ്ങളില്‍ നിന്ന് കൈപറ്റിയ ദുരിതാശ്വാസഫണ്ടുകള്‍ മോദി സര്‍ക്കാര്‍ തിരിച്ചു നല്‍കണമെന്ന ആവശ്യവുമുണ്ട്.

നേരത്തെ, തിരഞ്ഞെടുപ്പ് പ്രചാരണകാലത്തെ സൊമാലിയ പരാമര്‍ശത്തിനെതിരായ മലയാളികളുടെ പോ മോനെ മോദി ഹാഷ്ടാഗ് ലോകമാകെ ചര്‍ച്ചയായിട്ടുണ്ട്.