അപകടം പറ്റിയ ബൈക്കില്‍ നിന്ന് മാതാപിതാക്കള്‍ തെറിച്ചു വീണു; മുന്നിലിരുന്ന കുഞ്ഞിനേയും കൊണ്ട് ബൈക്ക് പാഞ്ഞുപോയി: ആക്ഷന്‍ സിനിമയെ വെല്ലുന്ന വീഡിയോ

single-img
23 August 2018

ആക്ഷന്‍ സിനിമയെ വെല്ലുന്ന വീഡിയോ നെഞ്ചിടിപ്പോടെയാണ് ആളുകള്‍ കാണുന്നത്. ബംഗലൂരുവിലെ തിരക്കുള്ള റോഡിലൂടെ ബൈക്ക് പാഞ്ഞുപോകുകയായിരുന്നു. ബൈക്കില്‍ യുവാവും സ്ത്രീയും മുന്നില്‍ ഒരു കുരുന്നുമാണ് ഉണ്ടായിരുന്നത്. ബൈക്ക് മറ്റൊരു സ്‌കൂട്ടറുമായി കൂട്ടിയിടിച്ചപ്പോള്‍ അതിന്റെ ആഘാതത്തില്‍ യുവാവും സ്ത്രീയും റോഡിലേക്ക് തെറിച്ചുവീണു.

പക്ഷേ കുട്ടിയേയും കൊണ്ട് ബൈക്ക് മുന്നോട്ട് പാഞ്ഞുപോയി. 200 മീറ്റര്‍ ഓടിയ ശേഷം ബൈക്കിന്റെ വേഗത കുറഞ്ഞ് റോഡിന്റെ മീഡിയനില്‍ തട്ടി ബൈക്ക് മറിഞ്ഞു. കുട്ടിയാകട്ടെ പുല്ല് വിരിച്ച ഭാഗത്ത് വീണതിനാല്‍ പോറല്‍പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടു.

പിന്നിലൂടെ വന്ന കാറിന്റെഡാഷ് ക്യാമില്‍ കാര്‍ത്തിക് ഗൗഡ എന്ന യുവാവാണ് വീഡിയോ പകര്‍ത്തിയത്. സാമൂഹ്യമാധ്യമങ്ങളില്‍ ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുകയാണ്. അപ്രതീക്ഷിതമായ അപകടത്തില്‍ തലനാരിഴയ്ക്കാണ് കുഞ്ഞ് രക്ഷപ്പെടുന്നതെന്ന് വീഡിയോ കാണുമ്പോള്‍ മനസിലാകും.