മജീദിക്കയുടെ മകള്‍ മഞ്ജുവിന് ക്ഷേത്രമുറ്റത്ത് കല്യാണം: വ്യത്യസ്തമായ ഒരു കല്യാണക്കഥ

single-img
23 August 2018

യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച വ്യത്യസ്തമായ ഒരു കല്യാണക്കഥ വൈറലാകുന്നു.

ഫിറോസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിങ്ങനെ:

എന്റെ നാട്ടില്‍ നടന്ന ഒരു കല്ല്യാണത്തെ കുറിച്ചാണ് പറയുന്നത്. ഈ പ്രളയക്കെടുതിയിലാണോ കല്ല്യാണത്തെ കുറിച്ച് പറയുന്നത് എന്ന് മുഖം ചുളിക്കാന്‍ വരട്ടെ. ഈ കല്യാണം വേറെയാണ്. ഇത് മജീദ്ക്ക, മകള്‍ മഞ്ജുവിനെ കല്യാണം കഴിപ്പിച്ച കഥയാണ്. കഥയല്ല കാര്യം.

കുന്ദമംഗലത്തിനടുത്തുള്ള പെരിങ്ങളത്തെ മജീദ്ക്കയും റംലത്തയും പത്താം വയസ്സു മുതല്‍ എടുത്തു വളര്‍ത്തിയതാണ് മഞ്ജുവിനെ. മകളെപ്പോലെയല്ല മകളായി തന്നെ. മകനും നിയോജക മണ്ഡലം എം.എസ്.എഫ് സെക്രട്ടറിയുമായ ജുനൈദിന് അങ്ങനെ മഞ്ജു സഹോദരിയായി. എം.എല്‍.ടി വരെ നല്ല വിദ്യാഭ്യാസവും നല്‍കി. ഒടുവില്‍ ജോലിയും ലഭിച്ചു.

ഇന്ന് മഞ്ജുവിന്റെ വിവാഹമായിരുന്നു. എല്ലാം ഹിന്ദു മത ആചാര പ്രകാരം. കൂഴക്കോട് നരസിംഹ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്. വിവാഹം ആഘോഷമാക്കാനായിരുന്നു നാട്ടുകാര്‍ ആഗ്രഹിച്ചിരുന്നതെങ്കിലും പ്രളയക്കെടുതി മൂലം ഉപേക്ഷിച്ചു. എങ്കിലും നാട്ടുകാരും ഞങ്ങള്‍ കുറച്ചു പേരും സല്‍ക്കാരത്തില്‍ പങ്കാളികളായി.

മതത്തിന്റെയും ജാതിയുടെയും വേലി പൊളിച്ചെറിയാന്‍ പലര്‍ക്കും പ്രളയം വരേണ്ടി വന്നുവെങ്കില്‍ ഇങ്ങിനെയും മനുഷ്യര്‍ ഈ നാട്ടിലുണ്ടെന്നത് വലിയ പ്രതീക്ഷയാണ്. മജീദ്ക്കയെയും റംലത്തെയും കുടുംബത്തെയും ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. ഒപ്പം മഞ്ജുവിനും വരന്‍ സുബ്രഹ്മണ്യനും സന്തോഷകരമായ ജീവിതം ആശംസിക്കുന്നു.