ഇത്രയും വലിയ ദുരന്തം ഉണ്ടാകുമെന്ന് മുന്‍കൂട്ടി മനസിലാക്കാന്‍ സാധിച്ചില്ല; ജര്‍മന്‍ യാത്രയില്‍ ഖേദ പ്രകടനവുമായി മന്ത്രി കെ. രാജു

single-img
23 August 2018

തിരുവനന്തപുരം: സംസ്ഥാനം പ്രളയക്കെടുതി നേരിട്ട സമയത്ത് ഇവിടെ ഇല്ലാതിരുന്നത് തെറ്റായിപ്പോയെന്ന് മന്ത്രി കെ. രാജു. ഇത്രയും വലിയ ദുരന്തം ഉണ്ടാകുമെന്ന് മുന്‍കൂട്ടി മനസിലാക്കാന്‍ സാധിച്ചില്ല. പ്രളയം രൂക്ഷമായത് താന്‍ ജര്‍മനിയിലേക്ക് പോയതിനുശേഷമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പതിനഞ്ചാം തീയതി വൈകുന്നേരം ജര്‍മനിക്ക് വിമാനം കയറുമ്പോള്‍ പ്രളയം രൂക്ഷമല്ലായിരുന്നു എന്ന് അദ്ദേഹം അവകാശപ്പെട്ടു. കോട്ടയത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ നാട് രൂക്ഷമായ പ്രളയക്കെടുതിയെ നേരിടുകയാണെന്ന് അദ്ദേഹം പ്രസംഗിച്ചിരുന്നു. പക്ഷേ പ്രസംഗത്തില്‍ പറഞ്ഞത് തൊട്ടുമുമ്പ് ഉണ്ടായ പ്രളയത്തെക്കുറിച്ചാണെന്നാണ് മന്ത്രിയുടെ അവകാശവാദം.

ജര്‍മനിയില്‍ ഡസല്‍ ഫോര്‍ട്ട് എയര്‍പോര്‍ട്ടില്‍ ചെന്നിറങ്ങിയതിന് ശേഷമാണ് കേരളത്തില്‍ പ്രളയം രൂക്ഷമായ സാഹചര്യമാണെന്ന് സമ്മേളന പ്രതിനിധികളില്‍ നിന്ന് അറിഞ്ഞത്. ഉടന്‍തന്നെ സംഘാടകരോട് തിരിച്ചുപോകണം എന്നാവശ്യപ്പെട്ടു. എന്നാല്‍ ഡസല്‍ഫോര്‍ട്ട് വിമാനത്താവളത്തില്‍ നിന്നും കേരളത്തിലേക്ക് വിമാനടിക്കറ്റ് കിട്ടിയില്ലെന്നും കെ.രാജു വിശദീകരിച്ചു.

ഇതിനിടെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഫോണില്‍ വിളിച്ച് തിരികെ വരണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ അപ്പോഴും ടിക്കറ്റ് കിട്ടിയില്ല. ഒടുവില്‍ വലിയ ശ്രമങ്ങള്‍ക്കുശേഷം പത്തൊന്‍പതാം തീയതി 185 കിലോമീറ്റര്‍ അകലെയുള്ള ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ നിന്നാണ് ടിക്കറ്റ് ശരിയായതെന്നും മന്ത്രി പറയുന്നു.

ദുരന്തമേഖലയായി മാറിയ കോട്ടയത്തിന്റെ ചുമതലുണ്ടായിരുന്ന മന്ത്രി, മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരിപാടിക്കായി ജര്‍മ്മനിയിലേക്ക് പോയ സംഭവം ഏറെ വിവാദമായിരുന്നു. സന്ദര്‍ശന വേളയില്‍ വകുപ്പ് കൈമാറിയത് മുഖ്യമന്ത്രി അറിയാതെയാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ സിപിഐയുടെ അടിയന്തര എക്‌സിക്യൂട്ടീവ് ഈ മാസം 28ന് ചേരാനിരിക്കെയാണ് ഖേദ പ്രകടനം.