‘അധികം ഡയലോഗടി വേണ്ട; നടപടി നേരിടേണ്ടി വരും’: മുത്തച്ഛന് ഇന്‍സുലിന്‍ വാങ്ങാന്‍ പോകുന്നതിനിടെ ഹെലികോപ്ടറില്‍ ലിഫ്റ്റ് അടിച്ച ജോബിക്ക് താക്കീതുമായി സൈന്യം

single-img
23 August 2018

പ്രളയത്തിനിടയിലും മലയാളികളെ ചിരിപ്പിച്ച ചെങ്ങന്നൂര്‍കാരന്‍ ജോബിയുടെ ഹെലികോപ്റ്റര്‍ യാത്ര നിയമനടപടിക്ക് വിധേയമായേക്കും. ജോബിയെ തിരുവനന്തപുരത്ത് എത്തിക്കാന്‍ പറന്ന സമയം കൊണ്ട് വ്യോമസേനയ്ക്ക് ഇന്ധനനഷ്ടവും ദുരന്തമേഖലയില്‍ നിന്നും ഒരു അമ്മയേയും കുഞ്ഞിനേയും രക്ഷപ്പെടുത്താനുള്ള അവസരവും നഷ്ടപ്പെട്ടെന്നുള്ള വിവരം പുറത്തു വന്നതോടെ ഇയാള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.

എന്നാല്‍ ജോബി പറയുന്നത് ‘ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല’. സമൂഹമാധ്യങ്ങളില്‍ തന്റെ ഫോട്ടോ വന്നതോടെ ജീവിതം മടുത്ത അവസ്ഥയാണ് തനിക്ക്. സര്‍വതും നഷ്ടപ്പെട്ട് നില്‍ക്കുന്ന സമയത്ത് ഇത്തരത്തിലുള്ള പ്രചരണം താങ്ങാനാവുന്നില്ലെന്നും ജോബി പറയുന്നുണ്ട്. പല ദൃശ്യ മാധ്യമങ്ങളിലുടെയും ജോബി വിശദീകരണം നല്‍കുന്നുണ്ട്. എന്നാല്‍ ജോബിക്കെതിരെ സൈന്യം രംഗത്തെത്തി. അവിടെ നടന്ന സംഭവം പ്രതിരോധ വകുപ്പിന്റെ വക്താവ് ധന്യാ സനല്‍ ഫെയ്‌സ്ബുക്കിലുടെ വിശദീകരിക്കുന്നുണ്ട്.

ഞാറാഴ്ച്ച ഉച്ചതിരിഞ്ഞ് വ്യോമസേനയുടെ Mi17V5 ഹെലികോപ്റ്ററാണ് ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉണ്ടായിരുന്നത്. ഇതില്‍ സൈന്യത്തോടപ്പം മാധ്യമ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ദുരന്തമുഖത്ത് എത്തുന്ന ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്ന് എന്താണ് ആവശ്യം എന്ന് ദുരന്ത ബാധിതരോട് ആംഗ്യഭാഷയില്‍ ചോദിക്കും. ഭക്ഷണം ആവശ്യപ്പെട്ടാല്‍ ഭക്ഷണ ചാക്ക് താഴേയ്ക്ക് എറിഞ്ഞു കൊടുക്കും.

കൂടെ പോരുന്നോ എന്ന് ആംഗ്യ ഭാഷയില്‍ ചോദിക്കും. പോരുന്നു എന്ന് ആംഗ്യഭാഷയില്‍ മറുപടി കിട്ടിയാല്‍ മാത്രമേ കമാന്റോ താഴേയ്ക്ക് ഇറങ്ങി അയാളെ ഹെലികോപ്റ്ററില്‍ കയറ്റുകയുള്ളൂ. എന്നാല്‍ ദുരന്തമുഖത്ത് കുടുങ്ങി കിടക്കുന്നവര്‍ക്കും ആംഗ്യ ഭാഷ മനസ്സിലായി. 28 വയസുള്ള ജോബി ജോയിക്ക് മാത്രം ഭക്ഷണം വേണോ, കൂടെ പോരുന്നോ എന്നീ രണ്ട് ആംഗ്യ ഭാഷ മനസ്സിലായില്ലേ?. ധന്യാ സനല്‍ ചോദിക്കുന്നു.

എന്നാല്‍ ഇനിയും അസത്യം പ്രചരിപ്പിക്കുന്ന വീഡിയോ പുറത്തിറക്കിയാല്‍ വ്യോമ സേനയുടെ കൃത്യനിര്‍വഹണത്തിന് ബുദ്ധിമുട്ടുണ്ടാക്കിയതിന് ജോബി ജോയ് മറുപടി പറയുന്നതോടൊപ്പം നിയമനടപടി നേരിടേണ്ടി വരികയും ചെയ്‌തേക്കാം എന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ജോബി ജോയ് എന്ന വെക്തി ചെങ്ങന്നൂര്‍ ഭാഗത്തു നിന്നും ജോയ്‌റൈഡ് നടത്തി എന്ന പത്രവാര്‍ത്തയെ തുടര്‍ന്ന് ആ വ്യക്തിയും നാട്ടുകാരും ചേര്‍ന്ന് ഒരു വിശദീകരണ വീഡിയോ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു. തിരക്കേറിയ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പ്രാധാന്യം അര്‍ഹിക്കുന്നതെങ്കിലും, ഇത്തരം ചെറിയ കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാം എന്നാണ് കരുതിയത്. പക്ഷേ, രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തും വിധം പെരുമാറിയ ജോബി ജോയ് നാട്ടില്‍ തിരിച്ചെത്തി നല്ല പിള്ള ചമയുന്ന വീഡിയോ പ്രചരിപ്പിക്കുമ്പോള്‍ അതിന് മറുപടി പറയണമെന്നും, യാഥാര്‍ത്ഥത്തില്‍ നടന്നത് എന്താണെന്ന് വിശദീകരിക്കണം എന്നും തോന്നിയതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്.

#എങ്ങനെആണ് #വ്യോമസേന റെസ്‌ക്യൂ #ഓപറേഷന്‍സ്‌നടത്തുന്നത്?

1.ജില്ലാ ഭരണകൂടം സംസ്ഥാന ദുരന്തനിവരണ അഥോറിറ്റി മുഖേന, ആളുകള്‍ കുടുങ്ങി കിടക്കുന്ന കോര്‍ഡിനേറ്റ്‌സ് എയര്‍ഫോഴ്‌സിന് ലഭ്യമാക്കുന്നു.

2. ആക്കുളത്തുള്ള ദക്ഷിണ വ്യോമസേനാ ആസ്ഥാനത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് ശംഖുമുഖം എയര്‍ ഫോഴ്‌സ് സ്റ്റേഷന്‍ ടെക്‌നിക്കല്‍ ഏരിയയില്‍ നിന്നും എയര്‍ ഓപ്പറേഷന്‍സ് നടത്തുകയും, ഏത് കോര്‍ഡിനേറ്റ്‌സില്‍ ആണോ രക്ഷാപ്രവര്‍ത്തനം ആവശ്യമുള്ളത്, ആ പ്രദേശത്തേയ്ക്ക് ഹെലികോപ്റ്റര്‍ അയയ്ക്കുകയും ചെയ്യുന്നു.

3. തങ്ങള്‍ക്കു ലഭിച്ച കോര്‍ഡിനേറ്റ്‌സ് അനുസരിച്ച് ദുരന്തമുഖത്ത് എത്തുന്ന ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്ന് നിരീക്ഷണം നടത്തുന്നു. ഏറ്റവും പ്രധാന്യം അര്‍ഹിക്കുന്ന പ്രായമായവര്‍, രോഗികള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നീ വിഭാഗങ്ങളുടെ റസ്‌ക്യൂ അഭ്യര്‍ത്ഥനയ്ക്ക് ആണ് വ്യോമമാര്‍ഗത്തിലുള്ള റസ്‌ക്യൂ മിഷനില്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുന്നത്.

4.ദുരന്തമുഖത്ത് എത്തുന്ന ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്ന് എന്താണ് ആവശ്യം എന്ന് ദുരന്ത ബാധിതരോട് ആംഗ്യഭാഷയില്‍ ചോദിക്കും. ഭക്ഷണം ആവശ്യപ്പെട്ടാല്‍ ഭക്ഷണ ചാക്ക് താഴേയ്ക്ക് എറിഞ്ഞു കൊടുക്കും. ‘കൂടെ പോരുന്നോ ‘ എന്ന് ആംഗ്യ ഭാഷയില്‍ ചോദിക്കും. ‘പോരുന്നു’ എന്ന് ആംഗ്യഭാഷയില്‍ മറുപടി കിട്ടിയാല്‍ മാത്രമേ കമാന്റോ താഴേയ്ക്ക് ഇറങ്ങി അയാളെ ഹെലികോപ്റ്ററില്‍ കേറ്റുകയുള്ളൂ.

ജീവന്‍ രക്ഷിക്കാന്‍ പെടാപാട് പെട്ട് ഓടുന്ന ഹെലികോപ്റ്റര്‍ സംഘത്തിനും, ദുരന്തമുഖത്ത് കുടുങ്ങി കിടക്കുന്നവര്‍ക്കും ആംഗ്യ ഭാഷ മനസ്സിലായി. 28 വയസുള്ള ജോബി ജോയ്ക്ക് മാത്രം ‘ ഭക്ഷണം വേണോ ‘ ,’ കൂടെ പോരുന്നോ ‘ എന്നീ രണ്ട് ആംഗ്യ ഭാഷ മനസ്സിലായില്ല എന്ന് സ്ഥാപിക്കുവാന്‍ നാട്ടില്‍ തിരിച്ചെത്തി വീഡിയോ എടുത്ത് പ്രചരിപ്പിക്കേണ്ടി വന്നു!!

#ജോബിജോയ്‌ടെകാര്യത്തില്‍സംഭവിച്ചത്എന്താണ്?

ഞാറാഴ്ച്ച ഉച്ചതിരിഞ്ഞ് നടന്ന രക്ഷാപ്രവര്‍ത്തനം കവര്‍ ചെയ്യാന്‍ ടൈംസ് ഓഫ് ഇന്ത്യയിലെ രാകേഷും, UNAയിലെ സുനീഷും വ്യോമസേനയുടെ Mi17V5 ഹെലികോപ്റ്ററില്‍ സഞ്ചരിച്ചിരുന്നു. അതേ ഹെലികോപ്റ്ററിലെ സംഘത്തെ വിളിച്ച് വരുത്തി ആണ് മേല്‍ പറഞ്ഞ ജോബി ജോയ് തന്റെ ഹെലികോപ്റ്റര്‍ യാത്ര എന്ന സ്വപ്നം നിറവേറ്റിയത്.

ടൈംസ് ഓഫ് ഇന്ത്യ ലേഖകന്‍ രാകേഷ് തന്റെ ലേഖനത്തില്‍ പറഞ്ഞ ഓരോ കാര്യങ്ങളും അദ്ധേഹം നേരിട്ട് കണ്ട് അനുഭവിച്ചതാണ്. അത്യന്തം കോംപ്ലക്‌സായ റസ്‌ക്യൂ മിഷന്റെ ഇടയ്ക്ക് ഹെലികോപ്റ്റര്‍ കാണാനും ഫോട്ടോ എടുക്കാനും ആളുകള്‍ ശ്രമിക്കുന്നത് റസ്‌ക്യൂ മിഷന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ജോബി ജോയ് വിഷയത്തിന് മുന്നേ തന്നെ വ്യോമസേനാ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞതിന്റെ വീഡിയോ താഴെ ചേര്‍ക്കുന്നു.

വ്യോമസേനയുടെ രക്ഷാ ദൗത്യത്തിന് സാരമായ ബുദ്ധിമുട്ട് ഉണ്ടാക്കിയ ജോബി ജോയ് എന്ന ചെറുപ്പക്കാരനെ ഒരു നിയമ നടപടിക്കും മുതിരാതെ, സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന റിലീഫ് ക്യാംബിലേയ്ക്ക് വിടുകയാണ് വ്യോമസേന ചെയ്തത്. എന്നാല്‍ ഇനിയും അസത്യം പ്രചരിപ്പിക്കുന്ന വീഡിയോയും കൊണ്ട് ഇറങ്ങിയാല്‍, വ്യോമസേന മാത്രമല്ല, അന്ന് ആ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരും ജോബി ജോയ്ക്കും പൊതുജനത്തിനും മുന്നില്‍ സത്യം വിളിച്ചു പറയും.

അങ്ങനെയായാല്‍, വ്യോമ സേനയുടെ കൃത്യനിര്‍വഹണത്തിന് ബുദ്ധിമുട്ടുണ്ടാക്കിയതിന് ജോബി ജോയ് മറുപടി പറയുന്നതോടൊപ്പം നിയമനടപടി നേരിടേണ്ടി വരികയും ചെയ്‌തേക്കാം എന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു. ആയതിനാല്‍ ഇനിയെങ്കിലും ചെയ്ത തെറ്റ് മൂടി വെയ്ക്കാന്‍ അസത്യം പ്രചരിപ്പിക്കുന്ന വീഡിയോയുമായി ഈ വഴി വരല്ലേ എന്ന് അപേക്ഷിക്കുക കൂടി ചെയ്യുന്നു.