യുഎഇ 700 കോടി വാഗ്ദാനം ചെയ്‌തെന്ന വാര്‍ത്ത വ്യാജമെന്ന് ജനം ടിവി: ബിജെപി ചാനലിനെതിരെ പ്രതിഷേധം ശക്തം

single-img
23 August 2018

 

വലിയൊരു പ്രളയത്തിന് ശേഷം കേരളം കരകയറാനുള്ള ശ്രമത്തിലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി സഹായങ്ങളാണ് കേരളത്തിന് ലഭിക്കുന്നത്. എന്നാല്‍ യു.എ.ഇ പ്രഖ്യാപിച്ച 700 കോടിയുടെ സഹായം വേണ്ടെന്ന കേന്ദ്രത്തിന്റെ നിലപാട് ഓരോ മലയാളിയും ഏറെ ആശങ്കയോടെയാണ് കേട്ടത്.

ഇതിനിടയിലാണ് കേരളത്തിന് യുഎഇ 700 കോടി വാഗ്ദാനം ചെയ്‌തെന്ന വാര്‍ത്ത വ്യാജമെന്ന് ജനം ടിവി വാര്‍ത്ത നല്‍കിയത്. യുഎഇ 700 കോടി പ്രഖ്യാപിച്ചതിന്റെ യാതൊരു ഔദ്യോഗിക വിവരങ്ങളും പുറത്തു വന്നില്ലെന്നിരിക്കെ മുഖ്യമന്ത്രിയുടെ അവകാശവാദവും ദുരൂഹതയുണര്‍ത്തുന്നതാണെന്ന് ജനം ടിവി പറയുന്നു. യുഎഇ ഉപസൈന്യാധിപന്റെ ട്വീറ്റ് ആധാരമാക്കിയാണ് ജനം ടിവി വാര്‍ത്ത നല്‍കിയിരിക്കുന്നത്. മാത്രമല്ല കേരളത്തിലെ പ്രളയക്കെടുതിയെ വരുത്തി വച്ച പ്രളയം എന്നു പറഞ്ഞാണ് ജനം ടിവി വിശേഷിപ്പിച്ചിരിക്കുന്നത്.

ജനം ടിവി വാര്‍ത്തയുടെ പൂര്‍ണ രൂപം

ന്യൂഡല്‍ഹി: വരുത്തിവച്ച പ്രളയക്കെടുതിയെ തുടര്‍ന്നുണ്ടാകുന്ന ജനരോഷം കേന്ദ്രത്തിനെതിരെ തിരിക്കാനുള്ള കേരള സര്‍ക്കാരിന്റെ ഗൂഢനീക്കം പൊളിയുന്നു. യുഎഇ ഉപസൈന്യാധിപന്‍ പ്രധാനമന്ത്രിയോട് സംസാരിച്ചെന്നും 700 കോടി വാഗ്ദാനം ചെയ്‌തെന്നുമുള്ള മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് രേഖകള്‍.

പ്രധാനമന്ത്രിയോട് സംസാരിച്ച വിവരം യുഎഇ ഉപസൈന്യാധിപന്‍ അന്നു തന്നെ ട്വീറ്റ് ചെയ്തിരുന്നു. അതില്‍ 700 കോടിയെന്ന് പറഞ്ഞിട്ടില്ല. മാത്രമല്ല ജീവകാരുണ്യ സംഘടനകള്‍ സഹായിക്കുമെന്നാണ് പറഞ്ഞിട്ടുള്ളതെന്നും ട്വീറ്റ് വ്യക്തമാക്കുന്നു. എന്നാല്‍ ഉപസൈന്യാധിപന്‍ പ്രധാനമന്ത്രിയോട് സംസാരിച്ചെന്നും 700 കോടി പ്രഖ്യാപിച്ചെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

യുഎഇ യുടെ 700 കോടി കേന്ദ്രം തടഞ്ഞുവെന്നുള്ള വ്യാജപ്രചാരണവുമായി കേരളത്തിലെ ചില രാഷ്ട്രീയകക്ഷികളും വിഘടനവാദികളും പ്രചാരണങ്ങളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ഉപസൈന്യാധിപന്റെ ട്വീറ്റ് പുറത്തുവന്നത്. ഇതോടെ ആരോടാണ് 700 കോടി പ്രഖ്യാപിച്ചതെന്ന ചോദ്യവുമായി മലയാളികള്‍ രംഗത്തെത്തി.

യുഎഇ 700 കോടി പ്രഖ്യാപിച്ചതിന്റെ യാതൊരു ഔദ്യോഗിക വിവരങ്ങളും പുറത്തു വന്നില്ലെന്നിരിക്കെ മുഖ്യമന്ത്രിയുടെ അവകാശവാദവും ദുരൂഹതയുണര്‍ത്തുന്നതാണ്. മാത്രമല്ല പ്രഖ്യാപിക്കാത്ത 700 കോടി കേന്ദ്രം തടഞ്ഞെന്ന പ്രചാരണവുമായി കേരളത്തെ സ്വതന്ത്രമാക്കണമെന്ന വാദമുയര്‍ത്തി വിഘടനവാദികളും രംഗത്തെത്തിയിരുന്നു.

അശാസ്ത്രീയമായി ഡാമുകളെല്ലാം തുറന്നുവിട്ടതിലൂടെ കേരളത്തില്‍ വെള്ളപ്പൊക്കത്തിനും ദുരിതത്തിനും കാരണമായ സര്‍ക്കാര്‍ കെടുകാര്യസ്ഥതയെ മറച്ചുവെക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു. ചില വിഘടന വാദ സംഘടനകളും മതമൗലികവാദികളും കിട്ടിയ തക്കത്തിന് കേന്ദ്രസര്‍ക്കാരിനെതിരെ ആക്രമണവുമായി രംഗത്തെത്തിയത് കേരളത്തെ ഇന്ത്യയില്‍ നിന്ന് വിഭജിക്കാനുള്ള ലക്ഷ്യത്തോടെയാണെന്ന ആശങ്കകളും ശക്തമാവുകയാണ്.

വാര്‍ത്ത പുറത്തുവന്നതോടെ ബിജെപി ചാനലിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ട്രോളുകളും വ്യാപകമായിട്ടുണ്ട്. അതേസമയം ബിജെപി ചാനലായ ജനം ടിവിയില്‍ ഇത്തരത്തില്‍ ഒരു വാര്‍ത്ത എങ്ങനെ വന്നു എന്നതിനെ ചൊല്ലി ബിജെപിക്കുള്ളിലും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

കാരണം യുഎഇയുടെ 700 കോടിയുടെ സാമ്പത്തികസഹായം കേരളത്തിന് കിട്ടില്ല എന്ന സ്ഥിതി വന്നതോടെ വന്‍തോതില്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ ഇന്നലെ രാത്രി തന്നെ ദില്ലിയില്‍ ഉന്നതതലയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ സഹായ വാഗ്ദാനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും ഇത് സ്വീകരിക്കേണ്ടെന്നുമായിരുന്നു തീരുമാനം. ബിജെപി ചാനലിലെ വാര്‍ത്തയാണ് ശരിയെങ്കില്‍ ഇന്നലെ യോഗം ചേര്‍ന്നു എന്ന് പറഞ്ഞ കേന്ദ്രത്തിന്റെ വാദം തെറ്റാണോ എന്നും സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ ചോദിക്കുന്നു.

മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്

പ്രളയ ദുരന്തത്തിൽപ്പെട്ട കേരളത്തെ സഹായിക്കാന്‍ യു.എ.ഇ സര്‍ക്കാര്‍ 700 കോടി രൂപ നല്‍കുമെന്നും അവര്‍ ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിനിടെയാണ് പറഞ്ഞത്. യു.എ.ഇ ഭരണാധികാരികളോടുള്ള കേരളത്തിന്റെ കൃതജ്ഞത അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനെ കണ്ടപ്പോളാണ് അവർ ഇക്കാര്യം അറിയിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പല കുടുംബങ്ങളുടെയും രണ്ടാം വീടാണ് ഗള്‍ഫ്. അവിടെയുള്ള മലയാളികളും ആ നിലയില്‍ തന്നെയാണ് കാണുന്നത്. ഏതാനും ജോലിക്കാര്‍ മാത്രമല്ല അവര്‍. ഗള്‍ഫിലുള്ള ജനസംഖ്യയും വീടുകളുമെടുത്താല്‍ പല വീടുകളുമായി പോലും ഒരു മലയാളി ബന്ധമുണ്ടാകും. മലയാളി ടച്ച് എല്ലാ കാര്യത്തിലുമുണ്ടാകും. ഈ ദുരിതത്തില്‍ നമ്മളെ പോലെ തന്നെ വികാരം ഉള്‍ക്കൊള്ളുന്നവരാണ് ഗള്‍ഫിലുള്ള ആളുകള്‍. യുഎഇ സര്‍ക്കാര്‍ വിഷമത്തിലും സങ്കടത്തിലും സഹായിക്കാന്‍ തയ്യാറായിട്ടുണ്ട്.

അത് നമ്മുടെ പ്രധാനമന്ത്രിയുടെ അടുത്ത് യുഎഇ കിരീടാവകാശി സംസാരിച്ചിട്ടുണ്ട്. അബുദാബി കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ഡര്‍ ഓഫ് യുഎഇ ആംമ്ഡ് ഫോഴ്‌സസുമായ ശൈഖ്‌ മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ സഹായിക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയുടെ അടുത്ത് സംസാരിച്ചിട്ടുണ്ട്. സഹായമായി അവര്‍ നിശ്ചയിട്ടുള്ളത് 100 മില്യണ്‍ ഡോളറാണ്. ഇന്ത്യന്‍ രൂപയില്‍ 700 കോടി രൂപയുടെ സഹായമാണ് അവര്‍ നല്‍കുക.

നമ്മുടെ വിഷമം മനസ്സിലാക്കിയുള്ള സഹായധനമാണ്. ഇത്തരമൊരു ഫണ്ട് നല്‍കാന്‍ തയ്യാറായ യുഎഇയുടെ പ്രസിഡന്റ് ശൈഖ്‌ ഖലിഫ ബിന്‍ സയ്ദ് അല്‍ നഹ്യാന്‍ അതേ പോലെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ്‌ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇവരോടെല്ലാമുള്ള കൃതജ്ഞത ഈ സര്‍ക്കാരിനോടുള്ള കൃതജ്ഞത ഈ ഘട്ടത്തില്‍ മലയാളികള്‍ക്ക് വേണ്ടിയും നമ്മുടെ നാടിന് വേണ്ടിയും രേഖപ്പെടുത്തട്ടെ.

ഇന്ന് കാലത്ത് പെരുന്നാള്‍ ആശംസ അറിയിക്കാന്‍ യുഎഇ കിരീടവകാശി ശൈഖ്‌ മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനെ നമ്മുടെ കേരളീയനായ ശ്രീ യൂസഫലി കണ്ട് സംസാരിച്ചപ്പോഴാണ് അദ്ദേഹത്തോടാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. പ്രധാനമന്ത്രിയോട് ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും അറിയിച്ചു. സഹായ വാഗ്ദാനം നമുക്ക് നല്ല കരുത്ത് പകരുന്ന ഒന്നാണ്. ലോക സമൂഹം ഒന്നടങ്കമുണ്ട് എന്ന കരുത്തും നമുക്ക് ലഭിക്കുന്നുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.