കേന്ദ്ര സര്‍ക്കാര്‍ വിദേശ സഹായം അനുവദിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാം; അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ പറയുന്നു…

single-img
23 August 2018

പ്രളയക്കെടുതിയിലായ കേരളത്തിന് യുഎഇ ഉള്‍പ്പെടെ ചില രാജ്യങ്ങള്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായം നിരസിക്കാനുള്ള കേന്ദ്ര നയത്തിനെതിരെ പ്രതിഷേധമുയരുന്നു. വിദേശ സഹായം സ്വീകരിക്കുന്ന കാര്യത്തില്‍ ഇനി എന്ത് ചെയ്യാമെന്നുള്ള കാര്യത്തില്‍ വ്യക്തത വരുത്തി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ രംഗത്തുവന്നു. കേന്ദ്ര സര്‍ക്കാര്‍ അടുത്ത 29ന് മുമ്പായി കേരളത്തിന് അനുകൂല നിലപാട് എടുത്തില്ലെങ്കില്‍ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കാനാകുമെന്ന് ഫേസ്ബുക്ക് ലൈവില്‍ ഹരീഷ് വിശദീകരിച്ചു.

വീഡിയോ കാണാം…

 

Posted by Harish Vasudevan Sreedevi on Wednesday, August 22, 2018

 

 

മോദി സര്‍ക്കാരിനെതിരെ പ്രതിഷേധം കനക്കുന്നു; കേരളത്തിലെ ബിജെപി നേതാക്കള്‍ക്കിടയിലും മുറുമുറുപ്പ്; പ്രവാസികളും അമര്‍ഷത്തില്‍

 

സുനാമിയുണ്ടായപ്പോള്‍ വിദേശസഹായം വേണ്ടെന്ന് യുപിഎ സര്‍ക്കാര്‍ വ്യക്തമാക്കിയെന്നും ആ നയം തുടരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രളയക്കെടുതിയിലായ കേരളത്തിനു യുഎഇ ഉള്‍പ്പെടെ ചില രാജ്യങ്ങള്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായം നിരസിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരേ പ്രവാസലോകത്താണ് ശക്തമായ പ്രതിഷേധം. സഹായം സ്വീകരിക്കുന്നതില്‍ നിയമതടസ്സമുണ്ടെന്ന സൂചനകള്‍ പുറത്തുവന്നതോടെ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സംഘപരിവാറിനുമെതിരേ സാമൂഹികമാധ്യമങ്ങളില്‍ പ്രതിഷേധമുയര്‍ന്നു.

സഹായം സ്വീകരിക്കാന്‍ ഇന്ത്യക്ക് മടിയെന്ന മട്ടില്‍ യു.എ.ഇ.യിലെ അറബ് ഇംഗ്ലീഷ് മാധ്യമങ്ങളില്‍ പെട്ടെന്നുതന്നെ ഇന്ത്യയിലെ വിവാദം വാര്‍ത്തകളായി മാറുകയും ചെയ്തു. പ്രളയമുണ്ടായ കേരളത്തിന് 500 കോടി രൂപ മാത്രം സഹായം പ്രഖ്യാപിച്ചതും നേരത്തേ നേപ്പാളിന് 2000 കോടി വരെ നല്‍കിയതുമെല്ലാം പ്രവാസലോകത്ത് ചര്‍ച്ചകളായി. കേരളത്തോട് മോദി സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയുടെ ഒടുവിലത്തെ ഉദാഹരണമായാണ് പ്രവാസികള്‍ ഈ നടപടികളെ വിശേഷിപ്പിച്ചത്.

കേരളത്തിലെ ഭരണ പ്രതിപക്ഷ നേതാക്കളും മോദി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രംഗത്തു വന്നു. ഇതിനിടെ കേരളത്തിലെ ബിജെപി നേതാക്കള്‍ക്കും സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉള്ളത്. പല നേതാക്കളും മോദി സര്‍ക്കാരിന്റെ ഈ സമീപനം തെറ്റാണെന്ന് രഹസ്യമായി പറയുന്നുണ്ട്. പിണറായിയെ പുകഴ്ത്തിയും മോദി സര്‍ക്കാരിനെ വിമര്‍ശിച്ചും ആര്‍.എസ്.എസ് മുഖപത്രമായ കേസരിയുടെ ഓണ്‍ലൈന്‍ പതിപ്പില്‍ ലേഖനം വന്നതും ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.

അതേസമയം പ്രളയക്കെടുതിയിലായ കേരളത്തിന് യുഎഇയില്‍ നിന്നു സഹായധനം സ്വീകരിക്കാനാവില്ലെന്ന കേന്ദ്രവാദം പൊളിയുന്നു. ദേശീയ ദുരന്തനിവാരണ നയ പ്രകാരം വിദേശ സഹായം സ്വീകരിക്കാന്‍ തടസ്സമില്ല. വിദേശ രാജ്യങ്ങള്‍ സ്വമേധയാ നല്‍കുന്ന സഹായം സ്വീകരിക്കാവുന്നതാണ്.

2016ലെ ദുരന്തനിവാരണ നയത്തിലാണ് ഇക്കാര്യമുള്ളത്. സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച് കേന്ദ്രസര്‍ക്കാരിനു തീരുമാനമെടുക്കാവുന്നതാണ്. കേരളത്തിന്റെ ഭാഗത്തുനിന്നു ശക്തമായ സമ്മര്‍ദം ഉണ്ടാവുകയാണെങ്കില്‍ ഈ നയത്തിനു മാറ്റം വന്നേക്കാമെന്ന അവസ്ഥയാണു നിലവിലുള്ളത്.

പ്രളയദുരിതാശ്വാസത്തിനായി കേരളത്തിനു വിദേശരാജ്യങ്ങള്‍ നല്‍കുന്ന സഹായം സ്വീകരിക്കേണ്ടെന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. വിദേശ രാജ്യങ്ങളുടെയും ഏജന്‍സികളുടെയും സഹായം സ്വീകരിക്കേണ്ടതില്ലെന്ന നയം മാറ്റേണ്ടതില്ലെന്ന നിലപാടാണു കേന്ദ്രത്തിനുള്ളത്.

യുഎഇ 700 കോടി രൂപയും ഖത്തര്‍ 35 കോടി രൂപയുമാണ് കേരളത്തിനു നല്‍കാന്‍ തയാറായത്. മാലദ്വീപും ജപ്പാനും സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ദുരന്തങ്ങളുണ്ടാകുമ്പോള്‍ രക്ഷപ്രവര്‍ത്തനങ്ങളും പുനരധിവാസവും ഒറ്റയ്ക്കു നടപ്പാക്കാനുള്ള ശേഷിയുണ്ടെന്നതാണ് ഇന്ത്യ സമീപകാലത്ത് സ്വീകരിച്ചിട്ടുള്ള നിലപാട്.

2004ന് ശേഷം വിദേശ രാജ്യങ്ങളില്‍ നിന്നോ, ഏജന്‍സികളില്‍ നിന്നോ സാമ്പത്തികമായോ അല്ലാതെയോ ഉള്ള സഹായങ്ങള്‍ സ്വീകരിച്ചിട്ടില്ല. കേരളത്തിന് സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങള്‍ക്കു നന്ദി അറിയിച്ചിട്ടുണ്ടെങ്കിലും വര്‍ഷങ്ങളായി തുടരുന്ന നയം മാറ്റേണ്ടതില്ലെന്നാണു കേന്ദ്ര നിലപാട്.