പ്രളയത്തില്‍ വീട് നഷ്ടമായ 1000 പേര്‍ക്ക് വീടുകള്‍ കോണ്‍ഗ്രസ് നിര്‍മ്മിച്ചു നല്‍കും

single-img
22 August 2018

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വീടുകള്‍ നഷ്ടമായ ആയിരം പേര്‍ക്ക് അഞ്ചുലക്ഷം രൂപവീതം ചെലവില്‍ വീടുകള്‍ നിര്‍മിച്ച്‌ നല്‍കാന്‍ കെപിസിസി എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചതായി പ്രസിഡന്‍റ് എം.എം.ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വീടുകളുടെ നിര്‍മാണത്തിന് ആയിരം മണ്ഡലം കമ്മിറ്റികള്‍ അഞ്ച്‌ലക്ഷം രൂപ വീതം സ്വരൂപിക്കും.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കണം ഔദ്യോഗിക സഹായങ്ങള്‍ ദുരിത ക്യാമ്പില്‍ ഉള്ളവര്‍ക്ക് കിട്ടുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉറപ്പു വരുത്തണം. ഇത് ലഭ്യമാകാത്ത സ്ഥലത്ത് അത് നേടികൊടുക്കുന്നതിന് വേണ്ട സഹായം പ്രവര്‍ത്തകര്‍ നല്‍കണമെന്നും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികളടകം എല്ലാ പ്രവര്‍ത്തകരും പോഷക സംഘടനകളും പങ്കാളികളാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഘോഷങ്ങള്‍ എല്ലാം മാറ്റി വയ്ക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ അതിനായി സമാഹരിച്ച തുകകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണം. ജനങ്ങളുടെ ഒറ്റകെട്ടായ സഹകരണ കൊണ്ടാണ് ദുരന്തത്തെ നേരിടാന്‍ സാധിച്ചത്. മത്സ്യത്തൊഴിലാളികളെ എത്ര പ്രശംസിച്ചാലും മതിയാകില്ല. ദുരന്തനിവാരണത്തിനായി മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി ഒരു സേനയെ സജ്ജമാക്കണമെന്നും എം.എം ഹസന്‍ പറഞ്ഞു. യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകള്‍, ദുരന്തത്തിന്റെ രൂക്ഷത അതേ രൂപത്തില്‍ ലോകത്തെ അറിയിച്ച മാധ്യമങ്ങള്‍, മത -സാമുദായിക സംഘടനകള്‍ എന്നിവരുടെ സേവനത്തെ അദ്ദേഹം അഭിനന്ദിച്ചു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തില്‍ വളരെയധികം പാളിച്ചകള്‍ സര്‍ക്കാരിന് പറ്റി. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സൈന്യത്തിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തനിവാരണ അതോറിറ്റി പുനസംഘടിപ്പിക്കുന്നതിന് വിധഗ്ദാഭിപ്രായം തേടണം. പുതിയ വീട് നിര്‍മ്മിക്കുമ്പോള്‍ മഴവെള്ള സംഭരണികള്‍ നിര്‍ബന്ധമാക്കണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇടപെടുമ്പോള്‍ കൊടിയോ, മറ്റ് അടയാളങ്ങളോ പാടില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നിട്ടും കഴിഞ്ഞ ദിവസങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ പോകുന്ന വാഹനങ്ങള്‍ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടിച്ചെടുത്തു കൊടികുത്തുന്നത് അപലപനീയമാണ് അത് തടയുന്നതിന് കര്‍ശന നടപടി എടുക്കണമെന്നും ഹസന്‍ പറഞ്ഞു.