699 യാനങ്ങളിലായി 2826 മത്സ്യത്തൊഴിലാളികള്‍;ജീവന്‍ കാത്തത് 65,000 പേരുടെ:കേരളത്തിന്റെ സ്വന്തം സൈനികര്‍ രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നത് ഇങ്ങനെ

single-img
22 August 2018

മഹാപ്രളയത്തില്‍ സംസ്ഥാനത്തെ വിവിധയിടങ്ങള്‍ മുങ്ങിയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായകമായത് മത്സ്യത്തൊഴിലാളികളുടെ ഇടപെടല്‍. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലെ മത്സ്യത്തൊഴിലാളികളും വളളങ്ങളുമാണ് ദുരന്തബാധിതരെ രക്ഷപ്പെടുത്താനായി മുന്നിട്ടിറങ്ങിയത്.

രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികൾ 65,000 പേരെ രക്ഷപ്പെടുത്തി. ഓഗസ്റ്റ് 15 മുതൽ 20 വരെ നടത്തിയ രക്ഷാപ്രവർത്തനത്തിൽ 2826 മത്സ്യത്തൊഴിലാളികളും 699 യാനങ്ങളും പങ്കെടുത്തു. സംസ്ഥാനം ഇതുവരെ കാണാത്ത ദുരിതാശ്വാസ പ്രവർത്തനമാണ് കടലിന്റെ മക്കൾ നടത്തിയത്.

പ്രളയം വിഴുങ്ങിയ പത്തനംതിട്ട ജില്ലയിലെ റാന്നി, പന്തളം, കോഴഞ്ചേരി, ആറന്മുള, തിരുവല്ല എന്നിവിടങ്ങളിലും ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ അടക്കമുളള പ്രദേശങ്ങളിലും തിരുവനന്തപുരത്തെ തീര പ്രദേശങ്ങളായ വിഴിഞ്ഞം, പൂന്തുറ, അഞ്ചുതെങ്ങ്, വലിയതുറ എന്നിവിടങ്ങളില്‍ നിന്നുളള മത്സ്യത്തൊഴിലാളികളാണ് രംഗത്തിറങ്ങിയത്.

വലിയ വാഹനങ്ങളില്‍ വളളം പത്തനംതിട്ടയിലെത്തിച്ചും ദുരിതാശ്വാസ ക്യാംപുകളില്‍ കഴിഞ്ഞുമാണ് സജീവ രക്ഷാപ്രവര്‍ത്തനം നടത്തിയത്.കടലില്‍ പോകുമ്പോള്‍ ഉപയോഗിക്കുന്ന വയര്‍ലെസ് സെറ്റും, ടോര്‍ച്ചുമടക്കമാണ് രക്ഷാപ്രവര്‍ത്തനത്തിനു മത്സ്യത്തൊഴിലാളികള്‍ രംഗത്തിറങ്ങിയത്.

ദുരന്തമുഖത്ത് ദൗത്യവുമായി മത്സ്യത്തൊഴിലാളികള്‍ ഇറങ്ങിയപ്പോള്‍ സമൂഹ മാധ്യമങ്ങളിലടക്കം അഭിനന്ദന പ്രവാഹമാണ് ഇവരെ തേടിയെത്തിയത്. ഇവര്‍ക്കാവശ്യമായ ഭക്ഷണം, ഇന്ധനം, ലൈഫ് ജാക്കറ്റ്, ഔട്ട്‌ബോഡ് മോട്ടോര്‍ എന്നിവയ്ക്കായി 43 ലക്ഷം രൂപ ചെലവായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ഈ തുക നല്‍കും. രക്ഷാപ്രവര്‍ത്തനത്തില്‍ തകരാറിലായ യാനങ്ങള്‍ നവീകരിക്കാനുള്ള തുക സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.