National

അവരും ചേരുന്നു നമ്മോടൊപ്പം; പ്രളയ ദുരന്തത്തിൽ കേഴുന്ന കേരളത്തിന് ഒന്നേകാൽ ലക്ഷം രൂപ നൽകി മുംബൈയിലെ ലൈംഗികത്തൊഴിലാളികൾ

പ്രളയം ബാധിച്ച കേരളത്തിന് തങ്ങളാൽ കഴിയുന്ന സഹായവുമായി മഹാരാഷ്ട്രയിലെ ലൈംഗിക തൊഴിലാളികൾ.
പ്രളയദുരിതം നേരിടുന്ന കേരളത്തിന് 21,000 രൂപ ലൈംഗിക തൊഴിലാളികൾ സംഭാവനയായി നൽകിയിരുന്നു. ഇതിന് പുറമെ ഒരു ലക്ഷം രൂപ നൽകുമെന്നും പണം സമാഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്നും അവർ വെളിപ്പെടുത്തി.

സ്‌നേഹാലയ എന്ന സർക്കാർ ഇതര സന്നദ്ധ സംഘടനയാണ് ഇതിന് നേതൃത്വം നൽകിയത്. കേരളത്തിന് നൽകേണ്ട പണം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ് അവർ നൽകുന്നത്. അഹമ്മദ്‌നഗർ ഡെപ്യൂട്ടി കലക്ടർ പ്രശാന്ത് പാട്ടീലിന് സഹായധനത്തിന്റെ ചെക്ക് കൈമാറിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

ഓഗസ്റ്റ് മാസം അവസാനം ഒരു ലക്ഷം രൂപയുടെ സഹായവും കൈമാറുമെന്ന് സ്‌നേഹാലയയുടെ സ്‌നേഹജ്യോത് പദ്ധതിയുടെ കോർഡിനേറ്റർ ദീപക് ബുരം പറഞ്ഞു. ലൈംഗിക തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് സ്‌നേഹാലയ. 30 വർഷമായി ഈ സംഘടനയുടെ സജീവ പ്രവർത്തകനാണ് ദീപക് ബുര.