പന്തളത്ത് രക്ഷാപ്രവർത്തനത്തിനിടെ പോയ അഞ്ചുതെങ്ങു സ്വദേശികളുടെ വള്ളം മതിലിലിടിച്ചു തകർന്നു; തിരിച്ചുവന്ന് അരിയും പുതുവസ്ത്രങ്ങളും ശേഖരിച്ച് പന്തളത്തുകാർക്ക് നൽകി അവർ കടം വീട്ടി

single-img
22 August 2018


പ്രളയബാധിതരെ രക്ഷപ്പെടുത്തുവാൻ രക്ഷാപ്രവർത്തനത്തിനു പോയ അഞ്ചുതെങ്ങു സ്വദേശികളുടെ ബോട്ട് രക്ഷാപ്രവർത്തനത്തിനിടെ മതിലിലിടിച്ചു തകർന്നു. രക്ഷാപ്രവർത്തനം മതിയാക്കി തിരിച്ചു വന്നവർ വെറുതേയിരുന്നില്ല. അരിയും പുതുവസ്ത്രങ്ങളും ശേഖരിച്ച് പന്തളത്തുകാർക്കു തന്നെ നൽകി അവർ കടം വീട്ടുകയായിരുന്നു.

അഞ്ചുതെങ്ങ് മാമ്പള്ളി പുല്ലു കുഴി വീട്ടിലെ അലക്‌സാണ്ടറാണ് തന്റെ വേളാങ്കണ്ണിമാത വള്ളവും ചെറുമക്കളായ 22 വയസ്സുള്ള ഷിബുവിനേയും 24 വയസ്സുള്ള സുമിത്തിനേയും ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിന് പന്തളത്തേയ്ക്കയച്ചത്. നൂറമാളം പേരെ രക്ഷപ്പെടുത്തിയ അവർ കൂടുതൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടവേയാണ് വള്ളം മതിലിലിടിച്ച് തകർന്നത്.

വള്ളം നഷ്ടപ്പെട്ടതിനെ തുടർന്ന് രക്ഷാപ്രവർത്തനം മതിയാക്കി അവർ തിരിച്ചു വന്ന് അഞ്ചുതെങ്ങിൽ കാര്യം അവതരിപ്പിക്കുകയായിരുന്നു. പന്തളത്തെ ദുരന്തകഥകളും കഷ്ടതകളും അവരിൽ നിന്നുമറിഞ്ഞ അഞ്ചുതെങ്ങുകാർ പന്തളത്ത് ദുരിതമനുഭവിക്കുന്നവരെ അടിയന്തിരമായി നമ്മളാൽ കഴിയുന്ന സഹായമെത്തിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. ഇത് കേട്ട മത്സ്യതൊഴിലാളിയായ അലക്‌സാണ്ടറും മത്സ്യ കച്ചവടക്കാരിയായ മേരി അലക്‌സാണ്ടറും അപ്പോൾത്തന്നെ രണ്ടഖുചാക്ക് അരി നൽകി.

വീട്ടിലുള്ളവരുടെയും മറ്റു കുടുംബാംഗങ്ങളുടെ കൈവശമുണ്ടായിരുന്ന പുതുവസ്ത്രങ്ങളും ശേഖരിച്ച് അവർ ടൻ തന്നെ ചിറയിൻകീഴ് താലൂക്കാഫീസിലെത്തി തഹസീൽദാർ നിർമ്മൽകുമാറിന് അവ കൈമാറുകയായിരുന്നു. പന്തളത്തുകാർക്കു തന്നെ സഹായം കൈമാറണമെന്ന് പ്രത്യേകം നിർദേശവും അവർ നൽകി.