യുഎഇ കേരളത്തിന് 700 കോടി രൂപ നൽകും

single-img
21 August 2018

പ്രളയ ദുരന്തത്തിൽപ്പെട്ട കേരളത്തെ സഹായിക്കാന്‍ യു.എ.ഇ സര്‍ക്കാര്‍ 700 കോടി രൂപ നല്‍കുമെന്നും അവര്‍ ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യു.എ.ഇ ഭരണാധികാരികളോടുള്ള കേരളത്തിന്റെ കൃതജ്ഞത അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനെ കണ്ടപ്പോളാണ് അവർ ഇക്കാര്യം അറിയിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം, പ്രളയത്തിന്‌ശേഷം പുതിയ കേരളം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ആഗസ്റ്റ് 30ന് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കും. ഇതിനായി ഗവര്‍ണര്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്.
പുനരധിവാസത്തിന് ഓരോ വകുപ്പും പ്രത്യേക കര്‍മ പദ്ധതികള്‍ തയാറാക്കാനും മന്ത്രിസഭ തീരുമാനിച്ചു. സാധനങ്ങള്‍ക്ക് ജിഎസ്ടിയ്ക്കു പുറമേ പത്ത് ശതമാനം സെസ് ഏര്‍പ്പെടുത്തും.

സംസ്ഥാന ജിഎസ്ടിയില്‍ ആയിരിക്കും പത്ത് ശതമാനം സെസ് ഏര്‍പ്പെടുത്തുക. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിക്കുന്നതിന്റെ ഭാഗമായാണ് സെസ് ഏര്‍പ്പെടുത്തുന്നത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ യാതൊരുവിധ സംഘടന പ്രവര്‍ത്തനവും അനുവദിക്കില്ല.

വായ്പയെടുക്കാനുള്ള പരിധി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്ന് ശതമാനമാണ് ഇപ്പോള്‍ പരിധി. ഇത് 4.5 ശതമാനമായി ഉയര്‍ത്താന്‍ ആവശ്യപ്പെടും. അങ്ങനെ ഉയര്‍ത്തിയാല്‍ 10500 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

തൊഴിലുറപ്പ് പദ്ധതിക്ക് അടക്കം കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നതിന് പ്രത്യേക പാക്കേജ് വേണം. 2600 കോടിയുടെ പ്രത്യേക പാക്കേജാണ് ആവശ്യപ്പെടുന്നത്. പശ്ചാത്തല സൗകര്യം, കൃഷി, ജലസേചനം, സാമൂഹ്യ മേഖലകളില്‍ ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കാന്‍ നബാഡിനോട് സഹായം ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ പോയി വായ്പാ കുടിശ്ശിക ആവശ്യപ്പെടുന്നതില്‍നിന്ന് വിലക്കും. അവര്‍ ജനങ്ങളുടെ പ്രയാസം കണക്കിലെടുത്തുള്ള സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.