ഇനി കരുതലോടെ നീങ്ങണം; മമ്മൂട്ടി പറയുന്നു

single-img
21 August 2018

മഹാപ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഒപ്പം നില്‍ക്കാന്‍ താനുമുണ്ടെന്ന് പ്രഖ്യാപിച്ച് നടന്‍ മമ്മൂട്ടി.
ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് മമ്മൂട്ടി പിന്തുണ പ്രഖ്യാപിച്ചത്.

മമ്മൂട്ടിയുടെ വാക്കുകൾ: ‘പ്രിയപ്പെട്ടവരേ, നമ്മള്‍ ഒരു പ്രകൃതിദുരന്തം കഴിഞ്ഞിരിക്കുകയാണ്. ഒരേ മനസോടെ, ഒരേ ശരീരത്തോടെ, ഒരേ ലക്ഷ്യത്തോടെ നമ്മൾ അതിനെ അതിജീവിച്ചു കഴിഞ്ഞു. ലക്ഷക്കണക്കിനു ജീവൻ നമ്മള്‍ രക്ഷിച്ചു, ഇനി രക്ഷിക്കാനുള്ളത് അവരുടെ ജീവിതങ്ങളാണ്. പ്രളയത്തിനു മുൻപും ശേഷവും എന്നു കേട്ടിട്ടില്ലേ? പ്രളയം കഴിഞ്ഞു, ഇനി പ്രളയത്തിനു ശേഷമാണ്. അവർക്ക് ഒരുപാട് സ്വപ്നങ്ങൾ നഷ്ടപ്പെട്ടു പോയിട്ടുണ്ട്, വസ്തുക്കൾ നഷ്ടപ്പെട്ടു പോയിട്ടുണ്ട്.

ജീവിതം, ജീവന്‍, വീട്, കൃഷി സമ്പാദ്യങ്ങൾ, വിലപ്പെട്ട രേഖകൾ എല്ലാം നഷ്ടപ്പെട്ടു. അതൊക്കെ തിരിച്ചെടുക്കണം. അതിനുള്ള ധൈര്യവും ആവേശവും നമ്മൾ കൊടുക്കണം അവരുെട ജീവൻ തിരിച്ചു പിടിക്കാൻ കാണിച്ച അതേ ഉൻമേഷം നമ്മൾ കാണിക്കണം”.

ക്യാമ്പിനുള്ളവർ വീടുകളിലേക്ക് തിരിച്ചുപോകുന്നവർ പല കാര്യങ്ങളും ശ്രദ്ധിക്കണമെന്നും മമ്മൂട്ടി ഓർമിപ്പിച്ചു. ഒരുപാട് മാലിന്യജലവും വീടുകളിലേക്ക് കയറിയിട്ടുണ്ട്. അവിടെ രോഗാണുക്കൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ ശുചീകരണപ്രവര്‍ത്തനങ്ങൾ വേണ്ടത്ര കരുതലോടെ ചെയ്യണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. പകര്‍ച്ച വ്യാധികളും ഒരു ദുരന്തമാണ്. കരുതലോടെ നീങ്ങണം. ഒന്നുമുണ്ടാകില്ല. എല്ലാവരും സന്തോഷത്തോടെ ഇരിക്കണം– മമ്മൂട്ടി പറഞ്ഞുനിര്‍ത്തി.

https://m.facebook.com/story.php?story_fbid=276384086508272&id=257135417773&refsrc=https%3A%2F%2Fm.facebook.com%2FMammootty%2Fvideos%2F276384086508272%2F&_rdr