മുഖ്യമന്ത്രി അറിയാതെ ചുമതല കൈമാറി; മന്ത്രി കെ രാജു കുരുക്കില്‍; മന്ത്രിയുടെ നിലപാട് തള്ളി സിപിഐയും

single-img
21 August 2018

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ ജര്‍മനയില്‍ പോയ വനം വകുപ്പ് മന്ത്രി കെ രാജുവിനെതിരേ പുതിയ വിവാദം. വിദേശ യാത്രയ്ക്ക് പോകുന്നതിനായി തന്റെ വകുപ്പ് കെ തിലോത്തമന് കൈമാറിയതാണ് കൂടുതല്‍ വിവാദത്തിലായിരിക്കുന്നത്. മുഖ്യമന്ത്രി അറിയാതെ സ്വന്തം ലെറ്റര്‍ പാഡിലാണ് വകുപ്പ് ചുമതല തിലോത്തമന് കൈമാറിയത്.

സാധാരണ ഒരു മന്ത്രി വിദേശയാത്ര നടത്തുമ്പോള്‍ വകുപ്പിന്റെ ചുമതല മറ്റൊരു മന്ത്രിക്ക് കൈമാറുന്ന കാര്യം രേഖാമൂലം മുഖ്യമന്ത്രിയെ അറിയിക്കാറുണ്ട്. എന്നാല്‍ കെ. രാജുവിന്റെ കാര്യത്തില്‍ അതുണ്ടായില്ല. വകുപ്പിന്റെ ചുമതല നല്‍കാനുള്ള അധികാരം മുഖ്യമന്ത്രിക്കു മാത്രമാണുള്ളത് എന്നിരിക്കെ, നേരിട്ട് മറ്റൊരു മന്ത്രിക്ക് ചുമതല കൈമാറാന്‍ കഴിയില്ല. യാത്രതിരിക്കുന്ന ദിവസമാണ് തന്റെ വകുപ്പിന്റെ ചുമതല ഏല്‍പിക്കുന്നതായി മന്ത്രി പി.തിലോത്തമന് ലെറ്റര്‍പാഡില്‍ എഴുതി അറിയിച്ചത്. ഇത് ചട്ടവിരുദ്ധമാണെന്നാണ്ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അതിനിടെ, കേരളം പ്രളയദുരിതത്തില്‍ ഉഴലുമ്പോള്‍ മന്ത്രി കെ. രാജു ജര്‍മന്‍ സന്ദര്‍ശനത്തിനു പോയ സംഭവത്തില്‍ മന്ത്രിയുടെ നിലപാട് സിപിഐ തള്ളി. സംഭവിച്ചത് തെറ്റുതന്നെയാണെന്നും കൂടുതല്‍ ന്യായീകരിച്ച് വഷളാക്കരുതെന്നും പാര്‍ട്ടി നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. വിദേശ യാത്ര നടത്തിയതില്‍ തെറ്റില്ലെന്ന മന്ത്രിയുടെ പ്രസ്താവന പാര്‍ട്ടി നേതൃത്വം തള്ളിക്കളഞ്ഞു.

സംഭവിച്ചതു തെറ്റുതന്നെയാണെന്ന് പാര്‍ട്ടി നേതൃത്വം കെ. രാജുവിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തില്‍ മന്ത്രി വിദേശത്തേക്ക് പോകരുതായിരുന്നു എന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരസ്യമായിത്തന്നെ പറഞ്ഞിരുന്നു. തുടര്‍ന്നാണ് നേതൃത്വം മന്ത്രിയെ തിരിച്ചുവിളിച്ചത്. ഇത്രയും സംഭവങ്ങള്‍ക്കു ശേഷവും കാര്യങ്ങളെ ന്യായീകരിക്കുന്നത് ശരിയല്ലെന്ന് മന്ത്രിക്ക് നേതൃത്വം നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

ജര്‍മന്‍ സന്ദര്‍ശനത്തിനു പോയ മന്ത്രി കെ. രാജു തിങ്കളാഴ്ചയാണ് തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്. താന്‍ ജര്‍മനിയിലേക്ക് പോകുന്ന സമയത്ത് മഴ ഉണ്ടായിരുന്നില്ലെന്നും പാര്‍ട്ടിയുടെ അനുമതിയോടെയാണ് പോയതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചിരുന്നു. ഇവിടെയുള്ള മലയാളികളുടെ സഹോദരങ്ങള്‍ത്തന്നെയാണ് അവിടെയുമുള്ളതെന്നും അവര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് പോയതെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍വര്‍ത്തനങ്ങളില്‍ കോട്ടയം ജില്ലയുടെ ചുമതല തനിക്കുണ്ടായിരുന്നതായി മന്ത്രി സമ്മതിച്ചു. എന്നാല്‍ വിദേശ യാത്ര തെറ്റായിപ്പോയതായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.