കേരളത്തിന് നല്‍കിയ അരി സൗജന്യമല്ല; അരിക്ക് പണം നല്‍കിയില്ലെങ്കില്‍ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് കുറയ്ക്കുമെന്ന് കേന്ദ്രം

single-img
21 August 2018

തിരുവനന്തപുരം: പ്രളയ ദുരിതം നേരിടുന്ന കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ പ്രഹരം. കേരളത്തിന് നല്‍കിയ അരി വിഹിതത്തിന് പണം നല്‍കണമെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. കേന്ദ്രം നല്‍കിയിരിക്കുന്ന അരിക്ക് 233 കോടി രൂപയാണ് നിശ്ചയിച്ചിരിക്കുന്ന വില.

പ്രളയക്കെടുതി നേരിടാന്‍ സംസ്ഥാനത്തിന് കൂടുതല്‍ ഭക്ഷ്യധാന്യങ്ങളുടെ ആവശ്യമുണ്ട്. കേന്ദ്രത്തില്‍ നിന്ന് 89,540 മെട്രിക് ടണ്‍ അരിയാണ് നല്‍കിയത്. ഇതിനാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പണം ആവശ്യപ്പെട്ടിരിക്കുന്നത്. പണം നല്‍കിയില്ലെങ്കില്‍ കേന്ദ്രത്തില്‍ നിന്നുള്ള ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ഈ തുക കുറയ്ക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. അതേസമയം, ഉടനടി തുക നല്‍കേണ്ടതില്ലെന്നും കത്തില്‍ പറയുന്നു. ദുരിതാശ്വാസ ഫണ്ട് അനുവദിക്കും മുമ്പ് തുക നല്‍കേണ്ടതായി വരും.

പ്രളയക്കെടുതി നേരിടുന്ന സംസ്ഥാനത്തെ ദ്രോഹിക്കുന്ന നയങ്ങളാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. നേരത്തെ കേരളത്തിന് അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നുള്ള ധനസഹായങ്ങള്‍ ലഭിക്കുന്നതും കേന്ദ്രം തടഞ്ഞിരുന്നു. കേരളത്തിന് അന്താരാഷ്ട്ര ഏജന്‍സികളുടെ ധനസഹായം ഇപ്പോള്‍ ആവശ്യമില്ലെന്നും ആവശ്യമായത് കേന്ദ്രം നല്‍കുന്നുണ്ടെന്നും പറഞ്ഞാണ് സാമ്പത്തിക സഹായം നിരസിച്ചത്.