പ്രളയത്തില്‍ നിന്ന് ഗര്‍ഭിണിയെ രക്ഷിച്ച നാവികസേനയ്ക്ക് വീടിനു മുകളില്‍ ‘നന്ദി’ എഴുതി നാട്ടുകാര്‍

single-img
20 August 2018

പ്രളയത്തില്‍ നിന്ന് രക്ഷിച്ച നാവികസേനയ്ക്ക് വീടിന്റെ ടെറസിന് മുകളില്‍ നന്ദി എഴുതി നാട്ടുകാര്‍. ടെറസിന് മുകളില്‍ ‘Thanks’ എന്നെഴുതിയിരിക്കുന്നതിന്റെ ആകാശദൃശ്യം എ.എന്‍.ഐയാണ് പുറത്തുവിട്ടത്. ആലുവ ചെങ്ങമനാട്ട് നിന്ന് സാജിത എന്ന ഗര്‍ഭിണിയെ രക്ഷിച്ചത് നാവികസേനയിലെ കമാന്‍ഡര്‍ വിജയ് വര്‍മയുടെ നേതൃത്വത്തിലായിരുന്നു.

സാജിത അന്ന് തന്നെ കൊച്ചിയിലെ ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്‍കി. ആഗസ്ത് 17നായിരുന്നു സംഭവം. പ്രളയ കാലത്തെ അതിജീവന ചിത്രമായി മാറി ആ അമ്മയും കുഞ്ഞും. കഴിഞ്ഞ ദിവസം വിജയ് വര്‍മ്മയുടെ കുഞ്ഞിനെയും അമ്മയെയും സന്ദര്‍ശിക്കുകയും ചെയ്തു. പിന്നാലെയാണ് ടെറസിന് മുകളില്‍ നാട്ടുകാര്‍ നന്ദി രേഖപ്പെടുത്തിയത്.

അതേസമയം, കേരളത്തില്‍ ഇനി കനത്ത മഴയുണ്ടാകില്ലെന്നും ചാറ്റല്‍മഴ മാത്രമാണ് ഉണ്ടാവുകയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. എല്ലാ ജില്ലകളിലും നിലവിലുളള ജാഗ്രതാനിര്‍ദേശം പിന്‍വലിച്ചെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു. പ്രത്യേക മുന്നറിയിപ്പുകള്‍ പുറപ്പെടുവിക്കാത്തതും കഴിഞ്ഞ 24 മണിക്കൂറില്‍ അതിതീവ്ര മഴ ഉണ്ടാകാത്തതും ആശ്വാസകരമാണ്.

സംസ്ഥാനത്തു മഴ കുറഞ്ഞെങ്കിലും പ്രളയബാധിത പ്രദേശങ്ങളായ പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. നിരവധിപേര്‍ ഇപ്പോഴും പലയിടത്തായി കുടുങ്ങികിടക്കുന്നുണ്ട്. ചെങ്ങന്നൂരില്‍ പാണ്ടനാട്, വെണ്‍മണി, ഇടനാട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് ഇനിയും ജനങ്ങളെ രക്ഷപ്പെടുത്താനുള്ളത്.

തിരുവന്‍വണ്ടൂര്‍, കല്ലിശേരി, എനക്കാട് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് തുടരുകയാണ്. കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലും സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. എറണാകുളം ജില്ലയില്‍ പറവൂര്‍ പൂവത്തുശേരി, കുത്തിയതോട് എന്നിവിടങ്ങളില്‍ ഇപ്പോഴും ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ട്. ഇവരെ ഇനിയും രക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. ആലുവയിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.

ആലുവ തുരുത്ത്, ചെമ്പകശേരി, തോട്ടുമുഖം, ദേശം തുടങ്ങിയ പ്രദേശങ്ങളിഴും പ്രളയക്കെടുതി തുടരുന്നു. തൃശൂരിന്റെ തെക്കു പടിഞ്ഞാറന്‍ മേഖലയായ ആലപ്പാട്, പുള്ള്, ചേറ്റുപുഴ, മക്കൊടി, ചേര്‍പ്പ്, എട്ടുമുന തുടങ്ങിയ ഗ്രാമങ്ങളിലും വലപ്പാട് മുതല്‍ ചാവക്കാട് വരെയുള്ള തീരദേശ മേഖലയിലും വെള്ളപ്പൊക്കം തുടരുന്നു.

അധികജലം ഒഴുക്കാന്‍ ആനത്തോട്, കൊച്ചു പമ്പ ഡാമുകളുടെ ഷട്ടര്‍ തുറക്കുന്നതിനാല്‍ പമ്പയുടേയും കക്കാട്ടാറിന്റേയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നുണ്ട്. 2401.80 അടിയാണ് നിലവിലെ ജലനിരപ്പ്.

അണക്കെട്ടിലെ ജലനിരപ്പു കുറഞ്ഞതോടെ നിലവില്‍ തുറന്നിരിക്കുന്ന മൂന്നു ഷട്ടറുകള്‍ 1.9 മീറ്ററായി താഴ്ത്തി. ജലനിരപ്പ് കുറഞ്ഞതിന്റെ ഭാഗമായി പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കുറച്ചു. അറുന്നൂറ് ക്യുമെക്‌സ് വെള്ളമാണ് മൂന്നു ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുക്കുന്നത്. എഴുന്നൂറു ക്യുമെക്‌സ് വെള്ളമായിരുന്നു ഇന്നലെ പുറത്തേക്ക് ഒഴുക്കി കൊണ്ടിരുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെയും ജലനിരപ്പ് കുറഞ്ഞു. നിലവില്‍ 140 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞിട്ടുമുണ്ട്. പതിമൂന്ന് സ്പില്‍വേ ഷട്ടറുകളിലൂടെയാണ് മുല്ലപ്പെരിയാറില്‍നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. അതേസമയം പമ്പാ, മൂഴിയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ 15 സെന്റിമീറ്റര്‍ തുറന്നു. പ്രളയക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം നാളെചേരും.

അതേസമയംപ്രളയത്തെ തുടര്‍ന്നു നിര്‍ത്തിവച്ച ട്രെയിന്‍ ഗതാഗതത്തില്‍ ഭാഗികമായ നിയന്ത്രണം തുടരുന്നു. ഇന്ന് 28 ട്രെയിനുകള്‍ പൂര്‍ണമായും മൂന്ന് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. ബാക്കി ട്രെയിനുകള്‍ യഥാസമയം സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.