അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ തന്നെ രണ്ട് റെക്കോഡുകള്‍ സൃഷ്ടിച്ച് ഋഷഭ് പന്ത്

single-img
20 August 2018

അരങ്ങേറ്റത്തിലെ ആദ്യ റണ്‍ നേടിയത് സിക്‌സറിലൂടെ, തൊട്ടുപിന്നാലെ അഞ്ചു ക്യാച്ചുകളും. ഇന്ത്യന്‍ യുവതാരം ഋഷഭ് പന്ത് റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്. ടെസ്റ്റ് അരങ്ങേറ്റത്തിലെ രണ്ടാമത്തെ മാത്രം പന്ത് സിക്‌സ് പറത്തിയാണ് പന്ത് റെക്കോര്‍ഡിട്ടത്.

രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ സിക്‌സ് അടിച്ച് അക്കൗണ്ട് തുറക്കുന്ന പന്ത്രണ്ടാമത്തെ മാത്രം താരമാണ് പന്ത്. 51 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 24 റണ്‍സാണ് ആദ്യ മല്‍സരത്തില്‍ പന്തിന്റെ സമ്പാദ്യം.

എറിക് ഫ്രീമാന്‍, കാര്‍ലില്‍ ബെസ്റ്റ്, കീത്ത് ഡാബെന്‍ഗ്വ, ഡെയ്ല്‍ റിച്ചാര്‍ഡ്‌സ്, ഷഫീയുല്‍ ഇസ്‌ലാം, ജഹുറുല്‍ ഇസ്‌ലാം, അല്‍ അമിന്‍ ഹുസൈന്‍, മാര്‍ക്ക് ക്രെയ്ഗ്, ധനഞ്ജയ ഡിസില്‍വ, കമ്‌റുല്‍ ഇസ്‌ലാം, സുനില്‍ അംബ്രിസ് എന്നിവരാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ള മറ്റു താരങ്ങള്‍.

പിന്നീട് അഞ്ചു ക്യാച്ചുകള്‍ നേടിയാണ് പന്ത് വീണ്ടും റെക്കോര്‍ഡ് ബുക്കില്‍ സ്ഥാനം നേടിയത്. ടെസ്റ്റ് അരങ്ങേറ്റത്തില്‍ അഞ്ച് ക്യാച്ച് നേടുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് പന്ത്. അതേസമയം, രാജ്യാന്തര തലത്തില്‍ ഈ നേട്ടം കൈവരിക്കുന്ന 291–ാം താരമാണ് പന്ത്. നരേന്‍ തമാനെ (പാക്കിസ്ഥാനെതിരെ 1955ല്‍), കിരണ്‍ മോറെ (ഇംഗ്ലണ്ടിനെതിരെ 1986ല്‍), നമാന്‍ ഓജ (ശ്രീലങ്കക്കയ്‌ക്കെതിരെ 2015ല്‍) എന്നിവരാണ് മുന്‍പ് ഈ റെക്കോര്‍ഡ് നേടിയിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍. ഇംഗ്ലണ്ട് താരങ്ങളായ അലസ്റ്റയര്‍ കുക്ക്, കീറ്റണ്‍ ജെന്നിങ്‌സ്, ഒലീ പോപ്പ്, ക്രിസ് വോക്‌സ്, ആദില്‍ റഷീദ് എന്നിവരാണ് മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ പന്തിന്റെ ഗ്ലൗസിനുള്ളില്‍ കുടുങ്ങിയത്.