നെല്ലിയാമ്പതി ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയില്‍

single-img
20 August 2018

ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയില്‍. കാലാവസ്ഥ അനുകൂലമായാല്‍ ഇന്ന് ഹെലികോപ്റ്ററില്‍ മെഡിക്കല്‍ സംഘം നെല്ലിയാമ്പതിയില്‍ എത്തും. ഇടവിട്ട കനത്ത മഴ നെല്ലിയാമ്പതിയുടെ പല മേഖലകളിലും പെയ്യുന്നുണ്ട്.

നേരത്തേ മണ്ണിടിഞ്ഞ പ്രദേശങ്ങളില്‍ മണ്ണിളകി വരാനും സാധ്യതയുണ്ട്. ഇതിനെ തുടര്‍ന്ന് കൂടുതല്‍ ദ്രുതകര്‍മ്മ സേന നെല്ലിയാമ്പതിയിലേക്ക് പുറപ്പെട്ടെങ്കിലും കഴിഞ്ഞ ദിവസം പകുതി വഴിയില്‍ യാത്ര ഉപേക്ഷിക്കുകയായിരുന്നു. ഒറ്റപ്പെട്ട പ്രദേശങ്ങളിലേയ്ക്ക് 130 ആര്‍.എ.എഫ് ഉദ്യോഗസ്ഥരും 70 വോളണ്ടിയര്‍മാരും 30 റവന്യൂ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ഭക്ഷ്യധാന്യങ്ങളടങ്ങുന്ന 20 കിലോയുടെ 200 ബാഗുകള്‍ തലച്ചുമടായി എത്തിച്ചിട്ടുണ്ട്.

നെന്മാറയില്‍ നിന്ന് പത്ത് കിലോമീറ്ററോളം വാഹനത്തിനും തുടര്‍ന്ന് ഏകദേശം 20 കിലോമീറ്ററോളം കാല്‍നടയായുമാണ് പ്രദേശത്തെത്തിയത്. ചുരവും പാലവും ഇടിഞ്ഞ പ്രദേശങ്ങളില്‍ വടം കെട്ടിയും മറ്റുമാണ് രക്ഷാസംഘം ആറുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പ്രദേശത്തെത്തിയത്.

അരിയും ബിസ്‌കറ്റും പഴവും ഇഡലിയും വെള്ളവും മരുന്നും മറ്റുമടങ്ങിയ വസ്തുക്കളാണ് എത്തിച്ചത്. നിലവില്‍ പ്രദേശത്ത് മൊബൈല്‍ വൈദ്യുതി ബന്ധം ഇല്ലാത്തതും നെല്ലിയാമ്പതിയില്‍ ഉള്ള വാഹനങ്ങളില്‍ ഇന്ധനം ഇല്ലാത്തതും പ്രതിസന്ധിയാണ്.

നെല്ലിയാമ്പതിയിലേക്കുള്ള ഡോക്ടര്‍ നെന്മാറയില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ഇതിനാല്‍ ഡിഎംഒയുടെ നിര്‍ദ്ദേശപ്രകാരം മറ്റൊരു ഡോക്ടറെ കാല്‍നടയായി നെല്ലിയാമ്പതിയില്‍ എത്തിച്ചിട്ടുണ്ട്. ഇവര്‍ ഇപ്പോള്‍ ചന്ദ്രമലയിലാണ് തമ്പടിച്ചിരിക്കുന്നത്. ഇനിയും ധാരാളം ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു കിടക്കുന്നുണ്ട്.

അതേസമയം നെല്ലിയാമ്പതി ഒരു തോട്ടം മേഖലയാണ്. ഇവിടേയ്ക്ക് എത്തിപ്പെടാന്‍ ആയില്ലെങ്കില്‍ തൊഴിലാളികള്‍ പട്ടിണിയാകും. ഫാക്ടറികള്‍ പൂട്ടിയിടേണ്ടി വരും. വരുന്ന മാസം തേയില നുള്ളുന്ന സീസണ്‍ ആണ്. റോഡ് ഗതാഗതം താറുമാറായതിനാല്‍ ഇവരുടെ തൊഴില്‍ അനിശ്ചിതത്വത്തിലാകും. റോഡ് സാധാരണ നിലയില്‍ ആകാന്‍ ആറ് മാസമെങ്കിലും വേണ്ടിവരും. അതിനാല്‍ കാല്‍നടയാത്രയ്ക്കും ഇരുചക്രവാഹനങ്ങള്‍ക്കും കടന്നുപോകാനുമുള്ള സൗകര്യം ഒരുക്കാനുള്ള തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്.