നീരവ് മോദി ബ്രിട്ടനിലുണ്ടെന്ന് സ്ഥിരീകരണം; ഇന്ത്യയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് സിബിഐ അപേക്ഷ നല്‍കി

single-img
20 August 2018

പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 13,500 കോടി രൂപ വായ്പയെടുത്ത് രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദി ബ്രിട്ടനിലുണ്ടെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് മോദിയുടെ സാന്നിധ്യം ബ്രിട്ടന്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. നീരവ് മോദിയെ ഇന്ത്യക്ക് കൈമാറുന്നതിനായി സിബിഐ ബ്രിട്ടന് അപേക്ഷ നല്‍കി. ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടനിലെ ഇന്ത്യന്‍ എംബസി മുഖേന നീരവ് മോദിയെ വിട്ടുകിട്ടാനുള്ള രേഖകള്‍ കൈമാറിയതായി സുപ്രീം കോടതിയെ നേരത്തെ സിബിഐ അറിയിച്ചിരുന്നു.

13,500 കോടി രൂപയുടെ വായ്പതട്ടിപ്പു പുറത്തുവരുന്നതിന് ആഴ്ചകള്‍ക്കു മുമ്പ്, ജനുവരിയിലാണ് നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും ഇന്ത്യ വിട്ടത്. മോദി യുകെയിലുണ്ടെന്നും വിട്ടു കിട്ടാനായി ഔദ്യോഗിക നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ നേരത്തെ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു,

മറ്റൊരു തട്ടിപ്പുകേസില്‍ ഇന്ത്യ തേടുന്ന മദ്യ വ്യവസായി വിജയ് മല്യയെ വിട്ടുകിട്ടാനുള്ള നടപടികള്‍ യുകെയില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ പതിനാറു വര്‍ഷത്തിനിടെ ഇന്ത്യ ഇത്തരത്തില്‍ നല്‍കിയ ഒമ്പതു അപേക്ഷകള്‍ ബ്രിട്ടന്‍ തള്ളിയിരുന്നു.