കൂടപ്പിറപ്പുകളെ രക്ഷിച്ചതിന് പണം വേണ്ട സാര്‍…; മുഖ്യമന്ത്രിയുടെ വാഗ്ദാനം സ്‌നേഹത്തോടെ നിരസിച്ച് മത്സ്യതൊഴിലാളി: വീഡിയോ

single-img
20 August 2018

പ്രളയത്തില്‍ അകപ്പെട്ട് പലയിടങ്ങളിലും കുടുങ്ങി കിടന്നവരെ രക്ഷപ്പെടുത്തി തിരികെ കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് മല്‍സ്യ തൊഴിലാളികളായിരുന്നു. ഇക്കാര്യം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുകയും ചെയ്തിരുന്നു. കേരളത്തിന്റെ സൈന്യം മല്‍സ്യതൊഴിലാളികള്‍ ആണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

Big salute #kerala Chief Minister's Office, Kerala

Posted by Khais Mohmmed on Sunday, August 19, 2018

രക്ഷാപ്രവര്‍ത്തനത്തിനെത്തിയ എല്ലാ മല്‍സ്യതൊഴിലാളികള്‍ക്കും പണവും വാഗ്ദാനം ചെയ്തു. മാത്രമല്ല തകര്‍ന്ന ബോട്ടുകള്‍ നന്നാക്കി നല്‍കാമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഫോര്‍ട്ടുകൊച്ചിക്കാരനായ മല്‍സ്യതൊഴിലാളി ഖായിസ് മുഹമ്മദ് ഫെയ്‌സ്ബുക്കിലൂടെ മുഖ്യമന്ത്രിയുടെ വാഗ്ദാനം സ്‌നേഹത്തോടെ നിരസിച്ച് രംഗത്തെത്തിയത്.

‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി സാര്‍ അറിയുന്നതിന്, എന്റെ പേര് ഖായിസ്. എന്റെ വീട് ഫോര്‍ട്ട് കൊച്ചിയിലാണ്. ഞാനൊരു മല്‍സ്യ തൊഴിലാളിയുടെ മകനാണ്. എന്റെ വാപ്പ പണിയെടുത്തത് ഹാര്‍ബറിലാണ്. ആ പൈസ കൊണ്ടാണ് ഞാനും എന്റെ കുടുംബവും അനിയനും എല്ലാം ജീവിച്ചത്.

ഞാനും എന്റെ മല്‍സ്യതൊഴിലാളികളായ സുഹൃത്തുക്കളും ഇവിടുന്ന് ബോട്ടെടുത്ത് പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ വേണ്ടി പോയിരുന്നു. അതില്‍ പങ്കെടുത്തതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. പക്ഷേ ഞാന്‍ കേട്ടിരുന്നു, സാര്‍ പറയുന്നത് ഞങ്ങളാണ് സാറിന്റെ സൈന്യമെന്ന്, മല്‍സ്യ തൊഴിലാളികളാണ് സാറിന്റെ സൈന്യമെന്ന്. അതിന് ഞാനൊരുപാട് അഭിമാനിച്ചു. എന്നാല്‍ പിന്നീട് ഞാനറിഞ്ഞു രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ മല്‍സ്യതൊഴിലാളികള്‍ക്ക് 3000 രൂപ വച്ച് കൊടുക്കുന്നുണ്ടെന്ന്. വളരെ സങ്കടത്തോടെ പറയുന്നു ഞങ്ങളുടെ കൂടെപ്പിറപ്പുകളെ രക്ഷിച്ചതിന് കാശ് ഞങ്ങള്‍ക്ക് വേണ്ട.

സാര്‍ മറ്റൊരു കാര്യം പറഞ്ഞിരുന്നു, ഞങ്ങളുടെ കേടായ ബോട്ടുകളെല്ലാം നന്നാക്കി തരുമെന്ന്. അത് നല്ലൊരു കാര്യമാണ്. കാരണം ഞങ്ങള്‍ക്ക് മറ്റ് ഉപജീവന മാര്‍ഗങ്ങള്‍ ഒന്നുമില്ല. അതല്ലാതെ ഞങ്ങളുടെ കൂടപ്പിറപ്പുകളെ, ഞങ്ങളുടെ സൗഹൃദങ്ങളെ രക്ഷിച്ചതിനുള്ള കാശ് ഞങ്ങള്‍ക്കുവേണ്ട. ഇത്രയും പറഞ്ഞുകൊണ്ട് എല്ലാ ആദരവോടും നന്ദിയോടും ഞാന്‍ നിര്‍ത്തുന്നു’. ഇതാണ് ഖായിസ് മുഹമ്മദിന്റെ വാക്കുകള്‍. ഇതോടെ നിരവധിപേരാണ് ഖായിസിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.