പ്രളയസമയത്ത് ജര്‍മ്മനിയിലേക്ക് പോയ വനം മന്ത്രി കെ.രാജുവിനെതിരെ കാനം രാജേന്ദ്രന്‍ രംഗത്ത്

single-img
20 August 2018

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ സമയത്ത് മന്ത്രി കെ. രാജു വിദേശത്ത് പോയത് ശരിയായില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രിക്കെതിരെ നടപടി എടുക്കണമോയെന്ന് പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പാര്‍ട്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കെ. രാജു തിങ്കളാഴ്ച എത്തുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

മന്ത്രിയുടെ നിലപാട് പാര്‍ട്ടിയെ അറിയിക്കട്ടേ. പാര്‍ട്ടി നിലപാട് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. വെള്ളപ്പൊക്കത്തിന് മുന്നേ തീരുമാനിച്ച യാത്രയാണ്. എങ്കിലും ആ സമയത്ത് പോയതിലെ അനൗചിത്യം ബോധ്യപ്പെട്ടിട്ടുണ്ട്. മന്ത്രിക്കെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് അക്കാര്യം പരസ്യമായി സംവാദം ചെയ്യേണ്ടതില്ലെന്നും കാനം പറഞ്ഞു.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാനാണ് മന്ത്രി ജര്‍മ്മനിക്ക് പോയത്. കോട്ടയം ജില്ലയുടെ രക്ഷാദൗത്യം ഏകോപിപ്പിക്കാനുള്ള ചുമതലയുള്ള ആളായിരുന്നു വനംമന്ത്രി രാജു. കേരളം ഇതുവരെ കാണാത്ത പ്രളയം നേരിടുമ്പോള്‍ രക്ഷാ ചുമതല ഏകോപിപ്പിക്കേണ്ട മന്ത്രി ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ വിദേശയാത്ര നടത്തിയത് ഏറെ വിമര്‍ശനം നേരിട്ടിരുന്നു. യാത്ര വിവാദമായതോടെ സിപിഐ മന്ത്രിയോട് തിരിച്ച് വരാന്‍ ആവശ്യപ്പെടുകയായിരുന്നു.