Editorial, Featured

നമ്മുടെ നല്ല കാലങ്ങളിൽ കേരളത്തിൻറെ സ്വന്തം സൈനികരെ മറക്കാതിരിക്കുക; അപ്രതീക്ഷിത ദുരന്തങ്ങളിൽ അവരുണ്ടാകും നമുക്കൊപ്പം എന്നും എപ്പോഴും

 

അക്ഷരാർത്ഥത്തിൽ കേരളത്തെ പിടിച്ചു കുലുക്കിയ ഒരു പ്രളയക്കാലമാണ് ഇത്‌. നാടും നഗരവും വെള്ളത്തിൽ മുങ്ങി കിടപ്പാടം ഉൾപ്പടെ സർവ്വതും നഷ്ടപ്പെട്ട് ഒരു ജനത ഇന്ന് നമുക്ക് മുന്നിൽ സഹായത്തിനായി കേഴുകയാണ്. കനത്ത പേമാരിയിൽ ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനം വേണ്ടി വന്നപ്പോൾ ആരും വിളിക്കാതെ, ആരുടെയും നിർദ്ദേശമില്ലാതെ ഓടിയെത്തിയതാണ് കടലിൻറെ മക്കൾ. കമ്പോളങ്ങളിൽ പോയി മത്സ്യം വാങ്ങുമ്പോൾ മാത്രം ഉണ്ടാകുന്ന ഒരു ബന്ധമാണ് മത്സ്യത്തൊഴിലാളികളും സാധാരണക്കാരും തമ്മിൽ. എന്നാൽ ആപത്ഘട്ടത്തിൽ ഈ സാധാരണക്കാർ ഞങ്ങളുടെ കൂടെപ്പിറപ്പാണ് എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് കടലിൻറെ മക്കൾ രക്ഷാപ്രവർത്തനത്തിൽ മുൻപന്തിയിൽ എത്തുകയായിരുന്നു.

 

കഴിഞ്ഞദിവസത്തെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു ഒരു കാര്യമുണ്ട്. കേരളത്തിൻറെ സൈനികരാണ് മത്സ്യത്തൊഴിലാളികൾ- എന്ന്. ദുരിത ഭാരം പേറുന്നവരോട് നിഷ്ക്രിയമായ പ്രതികരണം തുടർന്ന് കേന്ദ്രസർക്കാരിനുള്ള മറുപടികൂടിയാണ് മത്സ്യത്തൊഴിലാളികളുടെ കടന്നുവരവ്. ആരും വിളിക്കാതെ അവർ എത്തി. നിരവധിപേരെ ജീവിതത്തിലേക്ക് അവർ കൈ പിടിച്ചുകയറ്റി. തങ്ങളുടെ ജോലി ഭംഗിയായി തീർത്തശേഷം ആരോടും പറയാതെ അവർ എങ്ങോ പോയി മറഞ്ഞു. കഥകളിലും സിനിമകളിലും ഒക്കെ കാണുന്ന അധ്യാപനങ്ങളിൽ രക്ഷകനായി എത്തുന്ന നായകർ എന്ന വിശേഷണം കടലിൻറെ മക്കൾക്ക് ഈ സാഹചര്യത്തിൽ നന്നായി ഇണങ്ങും.

കഴിഞ്ഞദിവസത്തെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു ഒരു കാര്യമുണ്ട്. കേരളത്തിൻറെ സൈനികരാണ് മത്സ്യത്തൊഴിലാളികൾ- എന്ന്

വർഷത്തിൽ ചുരുക്കം ചില ദിനങ്ങൾ ഒഴിച്ച് വറുതിയിൽ ജീവിക്കുന്നവരാണ് ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും. കടലിൻറെ കലിതുള്ളൽ ഗുണങ്ങളും അവരുടെ ജീവിതത്തെ ഒരുപോലെ ബാധിക്കുന്നു. കടൽ മാത്രമാണ് അവരുടെ ഏക ആശ്രയം. കടലിനെ ജീവിതമാർഗ്ഗമായി കാണുന്ന അവരുടെ ജീവിതത്തിലും വറുതിയുടെ നാളുകൾ സുലഭമാണ്. എന്നാൽ അതിനെപ്പറ്റി ഒരിക്കൽപോലും നാം ആലോചിച്ചിട്ടില്ല എന്നുള്ളതാണ് സത്യം. ട്രോളിംഗ് നിരോധനം ഉള്ളപ്പോഴും നമ്മുടെ ചിന്ത മറ്റേതെങ്കിലും രീതിയിൽ മത്സ്യം വാങ്ങാൻ കിട്ടുമോ എന്നായിരിക്കും. എന്നാൽ ട്രോളിങ് നിരോധനം മൂലം മത്സ്യത്തൊഴിലാളിയുടെ കുടുംബം പട്ടിണിയിലാണ് എന്ന് ഒരു ചിന്ത നമുക്ക് ഉണ്ടാകില്ല. മനുഷ്യനും മത്സ്യവും തമ്മിലുള്ള ബന്ധത്തിൻ ഇടയ്ക്ക് ഒരു ഇടനിലക്കാരൻ എന്ന രീതിയിൽ മാത്രമേ മത്സ്യത്തൊഴിലാളികളെ കണ്ടിട്ടുള്ളൂ.

തകർത്തു പെയ്യുന്ന പേമാരിയും കുത്തിയൊഴുകുന്ന പ്രണയ ജലവും അവരെ സംബന്ധിച്ച് സാധാരണം മാത്രമാണ്. ഭൂമിയുടെ മുക്കാൽ ഭാഗത്തോളം വ്യാപിച്ചു കിടക്കുന്ന സമുദ്രത്തിൻറെ വന്യതയെ കീറിമുറിച്ച് ലക്ഷ്യത്തിലേക്ക് പോയി തിരിച്ചു വരുന്നവരാണ് അവർ. സംസാരങ്ങൾ ഇല്ലാതെ ആംഗ്യത്തിലൂടെ സന്ദേശങ്ങൾ കൈമാറുന്നവർ. ദുരന്ത മുഖത്തേക്ക് പറന്നെത്തി മണിക്കൂറുകൾകൊണ്ട് നിരവധിപേരെ അവർ ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയത് ഇതേ കാരണം കൊണ്ടാണ്. ഒരു ആത്മവിശ്വാസം തന്നെയാണ് അവരുടെ സമ്പാദ്യവും. ദുരന്തത്തിൽ അകപ്പെട്ട കിടക്കുന്നവർ തങ്ങളുടെ സഹോദരരാണ് എന്ന ബോധം അവർക്കുള്ളത് കൊണ്ടാണ് ദുരന്ത മുഖത്തേക്ക് അവർ പറന്നെത്തിയത്. പക്ഷേ പരിഷ്കാരികളായ ജനങ്ങൾക്കുമുന്നിൽ അവർ ഇന്നും അപരിഷ്കൃതർ മാത്രം.

 

കാലാവസ്ഥ മാറുന്നതിനനുസരിച്ച് എല്ലാ വർഷത്തെയും പോലെ വറുതിക്കാലം മത്സ്യത്തൊഴിലാളികൾക്ക് മുന്നിലും എത്തും. പക്ഷേ അവരുടെ ആ അവസ്ഥ നാം അറിയുക കൂടിയില്ല. ജീവിതത്തിരക്കുകളും അതിനിടയിൽ ഉയരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തലുകളുമായി നാം വ്യാപൃതരാകും. വറുതി കാലത്തിൻറെ മൂർദ്ധന്യത്തിൽ സ്വന്തം കുട്ടികൾക്കുപോലും ആഹാരം കണ്ടെത്താനാകാതെ അവർ വലയുകയാകും. തങ്ങളുടെ ദയനീയ അവസ്ഥ അവർ ഒരിക്കലും മറ്റുള്ളവർക്ക് മുന്നിൽ അവതരിപ്പിക്കില്ല. അങ്ങനെ ചെയ്തുള്ള ശീലങ്ങളൊന്നും അവർക്കില്ല തന്നെ. കടൽ വീണ്ടും കഴിയുമ്പോൾ കിട്ടുന്നതുകൊണ്ട് സുഭിക്ഷമായി അവർ ജീവിക്കുകയും ചെയ്യും. അതാണ് മത്സ്യത്തൊഴിലാളികൾ. പക്ഷേ മറ്റുള്ളവരുടെ വേദന അവർക്ക് കാണാൻ ആകുന്നു എന്നുള്ളത് അവരെ വ്യത്യസ്തനാകുകയാണ്. അതിന് ഉദാഹരണമാണ് നാം ഇപ്പോഴത്തെ പ്രണയ ദുരന്തമുഖത്ത് കണ്ടത്.

കടലിൻറെ മക്കളുടെ അടുത്ത വറുതിക്കാലം രൂക്ഷമാകുന്ന സമയത്ത് നാം അവരെക്കൂടി ഒന്നോർക്കുക. സംഘങ്ങളായി അവർ താമസിക്കുന്ന ഇടത്തേക്ക് ഒന്ന് ചെല്ലുക. അവർ ചോദിച്ചില്ലെങ്കിലും ആഹാരസാധനങ്ങൾ കുടുംബാംഗങ്ങൾക്ക് നൽകുക.

 

മത്സ്യത്തൊഴിലാളികളെ എമ്പാടും ബാധിച്ച ഓഖി ദുരന്തത്തെ തുടർന്ന് ദുരിതാശ്വാസത്തിന് ഇറങ്ങിയവരുടെ മുന്നിൽ താൻ പണം നൽകില്ല എന്ന് പറഞ്ഞ കാര്യം ഒരു വ്യക്തി സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. മത്സ്യത്തൊഴിലാളികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ നാം എന്തിനു വിഷമിക്കണം എന്ന ചിന്താഗതിക്കാരാണു നമ്മിൽ പലരും. അവരുടെ വീടുകളിൽ വെള്ളം കയറുമ്പോൾ അവർ എന്തിന് കടലിന് സമീപത്ത് വീടുവച്ചു എന്ന് ചിന്തിക്കുന്നവരും ചോദിക്കുന്നവരും ആണ് നമ്മൾ. സഹജീവികളിൽ ഒന്നായി മത്സ്യത്തൊഴിലാളികളെ കാണാൻ ഭൂരിപക്ഷവും ഇതുവരെയും തയ്യാറായിട്ടില്ല എന്നുള്ളതാണ് വാസ്തവം. എന്നാൽ അവർ അങ്ങനെയല്ല എന്ന് കാലം നമുക്ക് കാണിച്ചുതരുന്നു. മനുഷ്യത്വത്തിന് ഉറവിടം എപ്പോഴും താഴേക്കിടയിൽ ആയിരിക്കും എന്നു പറയുന്നത് മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ നൂറുശതമാനം സത്യമാണ്.

കടലിൻറെ മക്കളുടെ അടുത്ത വറുതിക്കാലം രൂക്ഷമാകുന്ന സമയത്ത് നാം അവരെക്കൂടി ഒന്നോർക്കുക. സംഘങ്ങളായി അവർ താമസിക്കുന്ന ഇടത്തേക്ക് ഒന്ന് ചെല്ലുക. അവർ ചോദിച്ചില്ലെങ്കിലും ആഹാരസാധനങ്ങൾ കുടുംബാംഗങ്ങൾക്ക് നൽകുക. ആശ്വാസ വചനങ്ങൾ കൂടി അവരുടെ സൗഹൃദം നേടാൻ ശ്രമിക്കുക. നടക്കുമോ എന്ന് ഉറപ്പില്ലാത്ത ചില ചിന്തകളാണ് ഇത്. എന്നാൽ നടന്നാൽ ഒരു സാമ്രാജ്യം ആയിരിക്കും നമ്മൾ വെട്ടിപ്പിടിക്കുക. ഇനിയൊരു കാലത്ത് അവിചാരിതമായി കടന്നുവരുന്ന പ്രകൃതിയുടെ കലിതുള്ളലിൽ നിന്നും നമ്മളെ രക്ഷപ്പെടുത്താൻ അവരായിരിക്കും ആദ്യം എത്തുക. പ്രതിഫലേച്ഛയില്ലാതെ കേരളത്തിൻറെ സ്വന്തം സൈന്യം ഉണ്ടാകും നമുക്കൊപ്പം എന്നും എപ്പോഴും.