കൊച്ചിയിലെ നാവിക സേനാ വിമാനത്താവളത്തില്‍ നിന്ന് സര്‍വ്വീസുകള്‍ തുടങ്ങി; പൊതുജനങ്ങള്‍ക്കായുള്ള വിമാന സര്‍വീസ് വീണ്ടും നടത്തുന്നത് 20 വര്‍ഷത്തിന് ശേഷം

single-img
20 August 2018

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ട സാഹചര്യത്തില്‍ കൊച്ചിയിലെ നാവിക സേനാ വിമാനത്താവളത്തില്‍ നിന്ന് ചെറുവിമാനങ്ങളുടെ സര്‍വ്വീസുകള്‍ തുടങ്ങി. എയര്‍ ഇന്ത്യയുടെ ചെറുവിമാന ഉപകമ്പനിയായ അലയന്‍സ് എയറിന്റെ 70 പേര്‍ക്കു യാത്ര ചെയ്യാവുന്ന ചെറുവിമാനം എടിആര്‍ ആണ് രാവിലെ 7.30 ന് ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലെ ഐഎന്‍എസ് ഗരുഡ വ്യോമ താവളത്തിലിറങ്ങിയത്.

ബംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വ്വീസുകളാണ് കൊച്ചിയില്‍ നിന്ന് നടക്കുന്നത്. ചെറു യാത്രാവിമാനങ്ങളുടെ നാല് സര്‍വ്വീസുകളാണ് ഇന്ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ബംഗലൂരുവില്‍ നിന്ന് തന്നെ 8.10നും 12.30യ്ക്ക് കൊച്ചിയിലേക്ക് വിമാനം എത്തും.

ഈ വിമാനങ്ങള്‍ തിരിച്ച് ബംഗലൂരുവിലേക്ക് പറക്കുകയും ചെയ്യും. ഇപ്പോള്‍ എയര്‍ ഇന്ത്യാ വിമാനങ്ങള്‍ മാത്രമാണ് ഇറങ്ങുന്നതെങ്കിലും നാളെ ഇന്‍ഡിഗോ, ജെറ്റ് എയര്‍വേയ്‌സ് വിമാനങ്ങള്‍ സര്‍വ്വീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്‍ഡിഗോയും ജെറ്റ് എയര്‍വേയ്‌സും ഇന്ന് പരീക്ഷണ പറത്തല്‍ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

1999ല്‍ നെടുമ്പാശേരി വിമാനത്താവളം കമ്മിഷന്‍ ചെയ്യുന്നതു വരെ ഇവിടെനിന്നു യാത്രാവിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നു. ഏറ്റവുമൊടുവില്‍ നേവല്‍ ബേസ് വിമാനത്താവളത്തില്‍നിന്നു പൊതുജനങ്ങള്‍ക്കായുള്ള സര്‍വീസ് നടത്തിയത് 1999 ജൂണ്‍ പത്തിന് ആയിരുന്നു. രാജ്യാന്തര വിമാനത്താവളം തുറക്കുന്നതുവരെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്ന് ആഭ്യന്തര സര്‍വീസുകള്‍ നടത്തും.