ദുരിതാശ്വാസ ക്യാമ്പില്‍ ആവശ്യത്തിന് മരുന്നില്ല; വിളിച്ചിട്ട് മന്ത്രി ഫോണ്‍ എടുത്തില്ല: കെ.കെ ശൈലജക്കെതിരെ പൊട്ടിത്തെറിച്ച് വി.ഡി സതീശന്‍

single-img
19 August 2018

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിനെതിരെ ആഞ്ഞടിച്ച് പറവൂര്‍ എംഎല്‍എ വി ഡി സതീശന്‍. പലവട്ടം വിളിച്ചിട്ടും ആരോഗ്യമന്ത്രി കെകെ ശൈലജ ഫോണ്‍ എടുത്തില്ലെന്നും ഒരു കിറ്റ് മരുന്നുപോലും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ചയും ഞായറാഴ്ചയും ആരോഗ്യമന്ത്രിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സാധിച്ചില്ല. ആരോഗ്യമന്ത്രിയുടെ വസതിയിലേക്കു വിളിച്ച് തിരിച്ചു വിളിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ഓഫീസില്‍ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല.

ഞായറാഴ്ച രാവിലെ എല്ലാ നിയന്ത്രണങ്ങളും വിട്ട് മന്ത്രിയോട് സംസാരിക്കേണ്ടി വന്നുവെന്നും എംഎല്‍എ പറഞ്ഞു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍നിന്ന് ഒരു ഡോക്ടര്‍ വിളിക്കുകയും പത്ത് മെഡിക്കല്‍ ടീമിനെ ഇങ്ങോട്ട് അയക്കാമെന്നു പറയുകയും ചെയ്തു.

വെള്ളം തുറന്നുവിടുന്നെന്ന മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല. കിട്ടിയിരുന്നെങ്കില്‍ ആളുകളെ മാറ്റാന്‍ സാധിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച മുതലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാണ്. ഇതുവരെ രണ്ടായിരത്തോളം ആളുകളെ രക്ഷപ്പെടുത്താനായി. അയ്യായിരത്തോളം ആളുകളെ ഇനിയും രക്ഷപ്പെടുത്താനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വിഡി സതീശന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജ പറഞ്ഞു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഒരു കുറവും വരാതിരിക്കാന്‍ കിണഞ്ഞുപരിശ്രമിക്കുകയാണ്. ഇവിടെയുള്ളവര്‍ മതിയാകാത്തതിനാല്‍ തമിഴ്‌നാട്ടില്‍നിന്നും കര്‍ണാടകയില്‍നിന്നും മെഡിക്കല്‍ ടീമിനെ വരുത്തുന്നുണ്ട്.

സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരെയും സംഘടിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്നലെ വൈകുന്നേരത്തെ സതീശന്റെ പ്രതികരണം കണ്ടിരുന്നു. മരുന്നും മറ്റും ലഭിക്കുന്നില്ലെന്നു പറയുന്നതും കേട്ടിരുന്നു.

തുടര്‍ന്ന് അദ്ദേഹം ഇങ്ങോട്ടു വിളിക്കുന്നതിനു മുമ്പേ തന്നെ അങ്ങോട്ടു ഫോണില്‍ വിളിച്ചു. എന്നാല്‍ അദ്ദേഹം ഫോണ്‍ എടുത്തില്ല. ഞായറാഴ്ച രാവിലെ എം എല്‍ എ വിളിക്കുമ്പോള്‍ ചെങ്ങന്നൂരിലേക്കുള്ള യാത്രയിലായിരുന്നു. മറ്റൊരാളുമായി ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് എംഎല്‍എയുടെ വിളി വന്നത്. അതിനാലാണ് അപ്പോള്‍ ഫോണ്‍ എടുക്കാന്‍ സാധിക്കാതെ പോയത്. തുടര്‍ന്ന് തിരിച്ചുവിളിച്ചു. വളരെ രോഷാകുലനായാണ് അദ്ദേഹം സംസാരിച്ചതെന്നും മന്ത്രി പറഞ്ഞു.