സംസ്ഥാനത്ത് സ്ഥിതിഗതികള്‍ ശാന്തമാകുന്നു; രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍; എറണാകുളം–തൃശൂര്‍ റോഡില്‍ ഗതാഗതം പുനരാരംഭിച്ചു

single-img
19 August 2018

സംസ്ഥാനത്ത് സ്ഥിതിഗതികള്‍ ശാന്തമാകുന്നു. എല്ലാ ജില്ലകളിലെയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു. പ്രളയബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ആലുവ, പറവൂര്‍ മേഖലയില്‍ വെള്ളം ഇറങ്ങിത്തുടങ്ങി. ആലുവ മാര്‍ത്താണ്ഡവര്‍മ പാലംവഴി തൃശൂര്‍ ഭാഗത്തേക്കു റോഡ് ഗതാഗതം പുനരാരംഭിച്ചു.

കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. വൈറ്റില മൊബിലിറ്റി ഹബ്ബിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. എറണാകുളം സ്റ്റാന്‍ഡില്‍നിന്നു തൃശൂരിലേക്ക് 15 മിനിറ്റ് ഇടവിട്ട് കെഎസ്ആര്‍ടിസി സര്‍വീസുണ്ട്.

അതേസമയം, ഇടപ്പള്ളി–പന്‍വേല്‍ ദേശീയപാതയില്‍ ഗതാഗതം പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. വരാപ്പുഴ–പറവൂര്‍ ഭാഗത്തു ചെറിയപ്പിള്ളി പാലത്തിന് അപ്പുറവും ഇപ്പുറവും പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. കൊച്ചി നഗരത്തിനു വടക്കു പടിഞ്ഞാറുള്ള ഏഴു ദ്വീപുകളില്‍ ജലനിരപ്പു താണുകൊണ്ടിരിക്കുകയാണ്.

അതേസമയം പ്രളയക്കെടുതിയില്‍ ഇന്ന് നാല് പേര്‍കൂടി മരിച്ചതോടെ ആകെ മരണം 361 ആയി. ഇനിയും ഒറ്റപ്പെട്ട് കഴിയുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാണ്. ചെങ്ങന്നൂര്‍, തിരുവല്ല, പറവൂര്‍ മേഖലകളില്‍ ഇപ്പോഴും നിരവധിപേര്‍ ഒറ്റപ്പെട്ട് കഴിയുന്നുണ്ട്.

പലരും പക്ഷേ വീട് വിട്ട് വരാന്‍ തയ്യാറാകുന്നില്ല. പാണ്ടനാട് മേഖലയില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. പാണ്ടനാട് ഇന്നലെ ബോട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയി കാണാതായ ആറ് പേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. വെള്ളമിറങ്ങിയതോടെ വലിയ ബോട്ടുകളിലുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. കൂടുതല്‍ ചെറുവള്ളങ്ങളാണ് ഈ മേഖലയില്‍ ഇനി രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യം. സംസ്ഥാനത്താകെ ഏഴ് ലക്ഷത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്.

കൂടുതല്‍ വസ്ത്രവും മരുന്നുകളും ക്യാമ്പുകളില്‍ ആവശ്യമാണ്. നീരൊഴുക്ക് കുറഞ്ഞതോടെ മിക്ക അണക്കെട്ടുകളിലേയും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. ജലനിരപ്പ് നേരിയ നിലയില്‍ കൂടിയെങ്കിലും ഇടുക്കിയിലെ രണ്ട് ഷട്ടറുകള്‍ അടച്ചു. റോഡ്, ട്രെയിന്‍ ഗതാഗതവും ഭാഗീകമായി പുനരാരംഭിച്ചു.

കഴിഞ്ഞ 5 ദിവസമായി ഭക്ഷണവും വെള്ളവും കിട്ടാതെ കുടുങ്ങിക്കിടക്കുന്ന നിരവധി പേര്‍ പറവൂര്‍ മേഖലയിലുണ്ട്. ഇവരെ രക്ഷപെടുത്തി കരക്ക് എത്തിക്കാനുള്ള ശ്രമം ഈ മേഖലയില്‍ അതിവേഗം പുരോഗമിക്കുകയാണ്. നാവിക സേനയുടേയും കരസേനയുടേയും ദുരന്ത നിവാരണ സേനയുടേയും തീര സംരക്ഷണ സേനയുടേയും നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നത്.

കുത്തിയതോട് ക്യാമ്പില്‍ കുടുങ്ങിക്കിടന്ന 800 ലധികം ആളുകളെ കരക്കെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഇവിടെ പെരിയാറില്‍ ജല നിരപ്പ് കുറഞ്ഞത് ആശ്വാസമായി. ചെറുതോണിയില്‍ നിന്നും ഒഴുക്കി വിടുന്ന വെള്ളത്തിന്റെ തോത് കുറച്ചു. വെള്ളം കയറിയ മേഖലകളില്‍ പലിയടത്തും വെള്ളം ഇറങ്ങിത്തുടങ്ങി

170 ലധികം ക്യാമ്പുകളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ലക്ഷത്തി എഴുപതിനായിരത്തിലധികം ആളുകള്‍ ക്യാമ്പുകളിലുണ്ട്. ചില ക്യാമ്പുകളില്‍ ഭക്ഷണം തികയുന്നില്ല. അടിയന്തിര വൈദ്യ സഹായം പലയിടത്തും ആളുകള്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

മരുന്നുകളുടെ ക്ഷാമവുമുണ്ട്. എല്ലാ മെഡിക്കല്‍ ഷോപ്പുകളും അടിയന്തിരമായി തുറന്നു പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. കടകളില്‍ അമിത വില ഈടാക്കിയാലോ സാധനങ്ങള്‍ പൂഴ്ത്തിവെച്ചാലോ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

കാലടി പെരുമ്പാവൂര്‍, ആലുവ ആങ്കമാലി മേഖലകളില്‍ വെള്ളം ഏറെക്കുറെ ഇറങ്ങി. വീടകളിലും സ്ഥാപനങ്ങളിലും ചെളിയടിഞ്ഞു കിടക്കുകയാണ്. വെള്ളം ഇറങ്ങിയതോടെ ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. പെരുമ്പാവൂര്‍ കാലടി മേഖലകളില്‍ എംസി റോഡ് പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ്. എങ്കിലും വാഹനങ്ങള്‍ ഓടുന്നുണ്ട്.