ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ പേരില്‍ നിര്‍ബന്ധിത പണപ്പിരിവ് നടത്തിയാല്‍ കര്‍ശന നിയമനടപടി

single-img
19 August 2018

ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നതിനെന്ന പേരില്‍ പൊതുജനങ്ങളില്‍ നിന്നും നിര്‍ബന്ധിത പണപ്പിരിവ് നടത്തരുതെന്ന് മുന്നറിയിപ്പ്. റോഡുകള്‍ ഉപരോധിച്ച് വരെ പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും, ഇനിയും ഇത്തരം നടപടികള്‍ ഉണ്ടായാല്‍ ദുരന്തനിവാരണ വകുപ്പ് പ്രകാരം കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും ആലപ്പുഴ ജില്ലാകളക്ടര്‍ അറിയിച്ചു. സ്വമേധയാ സഹായം ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അടുത്തുള്ള കളക്ഷന്‍ സെന്ററില്‍ ഏല്‍പ്പിക്കേണ്ടതാണെന്നും കളക്ടര്‍ പറഞ്ഞു.

അതിനിടെ സംസ്ഥാനത്ത് കനത്ത മഴ കുറയുന്നു. എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഒഡീഷബംഗാള്‍ തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെങ്കിലും ഇതുവരെ ശക്തി പ്രാപിചിട്ടില്ല.

രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായ ചെങ്ങന്നൂരില്‍ സ്ഥിതിഗതികള്‍ നിയന്തണവിധേയമാകുന്നുണ്ട്. രാവിലെ ആറ്മണിമുതല്‍ ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ചെങ്ങന്നൂരിലെ ആറായിരത്തിലേറെ ആളുകളെ കരയ്‌ക്കെത്തിച്ചിരുന്നു. ശനിയാഴ്ച്ച ഒരടിയോളം വെള്ളം കുറഞ്ഞെങ്കിലും പല സ്ഥലത്തും കനത്ത കുത്തൊഴുക്കും മഴയും കാറ്റും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായിരുന്നു.