സമുദ്രത്തോട് പടവെട്ടി പ്രളയത്തിനെതിരെ പൊരുതാനെത്തിയവർ:രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയിലെ റിയല്‍ ഹീറോസ് ഇവരാണ്

single-img
18 August 2018

നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ മഴക്കെടുതിയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് കേരളം. ത്വരിതഗതിയിലാണ് സംസ്ഥാനത്തങ്ങോളമിങ്ങോളം രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിനിടെ രക്ഷാപ്രവർത്തനത്തിനെത്തിയ മത്സ്യബന്ധനത്തൊഴിലാളികൾ രക്ഷിച്ചത് നിരവധി ജീവനുകളാണ്.

ആരുടെയും കാര്യമായ നിർദ്ദേശങ്ങൾ ഒന്നുതന്നെയില്ലാതെ ലോറികൾ പടിച്ച് ബോട്ടും കയറ്റിയാണ് അവർ ദുരിത ബാധിത മേഖലയിൽ എത്തുന്നത്. വിഴിഞ്ഞം, നീണ്ടകര, അഴീക്കൽ എന്നിവിടങ്ങളിലൊക്കെ നിന്നും നൂറുകണക്കിന് മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

മത്സ്യത്തൊഴിലാളികൾ തന്നെ ഡീസലും പെട്രോളുമൊക്കെ നിറച്ചാണ് ദുരന്ത മേഖലയിൽ സജീവമാകുന്നത്. പലർക്കും ആഹാരം പോലും ലഭിക്കുന്നില്ല എന്നുണ്ടെങ്കിലും രക്ഷാരപവർത്തനത്തിൽ വീഴ്ച വരുത്തുന്നില്ല. മറ്റ് പലരുടെയും ബോട്ടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ എടുത്തുകൊണ്ട് രക്ഷാപ്രവർത്തനം നടത്താനെത്തിയവരും ഇവർക്കിടയിലുണ്ട്.

ഇതിനിടെ രക്ഷാപ്രവർത്തനത്തിനിടയിൽ നിരവധി ബോട്ടുകൾ തകർന്നിരുന്നു. രാത്രിയിൽ രക്ഷാപ്രവർത്തനം നടത്താൻ ആവശ്യത്തിന് വെളിച്ചം പോലും ഇല്ല എന്നുള്ളതാണ് നിലവിലെ സ്ഥിതി. കടലിൽ പോകുന്ന വലിയ ബോട്ടുകൾ ഒഴിച്ചുള്ളവ ഇവർ രക്ഷാപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. പലരും കുടംബത്തെ ഉപേക്ഷിച്ചാണ് രക്ഷാരപവർത്തന മേഖലയിൽ സജീവമാകുന്നത്.

കഴിഞ്ഞദിവസം മത്സ്യബന്ധനത്തൊഴിലാളികളുമായി കാണാതായ ബോട്ട് എടത്വയിൽ കണ്ടെത്തിയിരുന്നു. മത്സ്യബന്ധനത്തൊഴിലാളികളും നാവികസേനാംഗങ്ങളുമടക്കം പത്തു പേരുമായി നിരണത്തേക്ക് രക്ഷാപ്രവർത്തനായി തിരിച്ച ബോട്ട് ഇന്നലെ രാത്രിയോടെയാണ് കാണാതായത്.

ബോട്ട് കണ്ടെത്തിയെങ്കിലും അടുത്തേക്കു പോകാനാവാഞ്ഞ സ്ഥിതിയായിരുന്നു. കാണാതായ പത്തു പേരെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ലായിരുന്നു. എന്നാൽ, ബോട്ടിലുണ്ടായിരുന്നവർ സുരക്ഷിതരാണെന്നും വെള്ളവും ഭക്ഷണവും ലഭിക്കാത്തതിനാൽ അവശരാണെന്നുമുള്ള വാർത്തകളാണ് ഇപ്പോൾ ലഭിക്കുന്നത്.