ദുരിതാശ്വാസ നിധിയിലേക്ക് സഹായ ഹസ്തവുമായി സംസ്ഥാനങ്ങള്‍‍;രാജ്യത്തെ മുഴുവന്‍ കോണ്‍ഗ്രസ്,ആംആദ്മി എംപിമാരും എംഎല്‍എമാരും ഒരു മാസത്തെ ശമ്പളം കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും

single-img
18 August 2018

മഹാപ്രളയത്തില്‍ ഒറ്റപ്പെട്ടു പോയ കേരളത്തിന് സഹായ ഹസ്തം നീട്ടി വിവിധ സംസ്ഥാനങ്ങള്‍.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തെലങ്കാന സര്‍ക്കാര്‍ 25 കോടിയും ഹരിയാന സര്‍ക്കാര്‍ 10 കോടി രൂപയും ജാര്‍ഖണ്ഡ് സര്‍ക്കാര്‍ 5 കോടി രൂപയും പ്രഖ്യാപിച്ചു. കര്‍ണാടക സര്‍ക്കാര്‍ പത്തു കോടി രൂപ നല്‍കും.

തമിഴ്‌നാട് സര്‍ക്കാര്‍ 5 കോടി രൂപ കൂടി കേരളത്തിന് പ്രഖ്യാപിച്ചു. നേരത്ത 5 കോടിരൂപ പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് ബീഹാര്‍ സര്‍ക്കാര്‍ 10 കോടി രൂപ നല്‍കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് ഗുജറാത്ത് സര്‍ക്കാര്‍ 10 കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു.

കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഒരുമാസത്തെ ശംബളം നല്‍കും. 4 അഗ്നിശമനസേനാ ടീമിനെ വിട്ടുനല്‍കിയിട്ടുണ്ട്.പ​ഞ്ചാ​ബ്​, ഡൽഹി സ​ർ​ക്കാ​റുകൾ 10 കോ​ടി രൂ​പ​ വീതവും നൽകും.പഞ്ചാബ്​ നൽകുന്ന തുകയിൽ അ​ഞ്ചു​കോ​ടി രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കാണ്​.ബാ​ക്കി തു​ക​ക്ക്​ ഉ​ട​ന​ടി ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ കേ​ര​ള​ത്തി​ൽ വി​മാ​ന​മാ​ർ​ഗം എ​ത്തി​ക്കും.കേരളത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ 20 കോടി രൂപ ധനസഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

രാജ്യത്തെ മുഴുവന്‍ കോണ്‍ഗ്രസ് എംപിമാരും എംഎല്‍എമാരും ഒരു മാസത്തെ ശമ്പളം കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല അറിയിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കേരളത്തിന് ധനസഹായം നല്‍കണമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ആംആദ്മി എംഎല്‍എമാരുടെയും എംപിമാരുടെയും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചു. അരവിന്ദ് കെജരിവാള്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.