മഴക്കെടുതി; മെഡിക്കല്‍, വിവിധ സര്‍വകലാശാല അലോട്ട്‌മെന്റുകള്‍, റെയില്‍വേ പരീക്ഷകള്‍ എന്നിവ മാറ്റി

single-img
18 August 2018

മഴക്കെടുതിയും വെള്ളപ്പൊക്കവും കണക്കിലെടുത്ത് സംസ്ഥാനത്ത് നിരവധി പരീക്ഷകൾ മാറ്റി വെച്ചു. വിവിധ സർവ്വകലാശാല ഉൾപ്പടെ റെയിൽവെയും പരീക്ഷകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. കൂടാതെ കോളേജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന അലോട്ട്മെന്റുകളും മാറ്റിവച്ചിട്ടുണ്ട്.

മാറ്റിവച്ച പരീക്ഷകൾ

റെയിൽവേ 20, 21 തിയ്യതികളിൽ നടത്താനിരുന്ന അസിസ്റ്റന്റ് ലോക്കോ പൈലറ്റ് & ടെക്നീഷ്യൻ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. കേരളത്തിൽ പരീക്ഷാകേന്ദ്രം ലഭിച്ചവർക്കും മറ്റ് സംസ്ഥാനങ്ങളിൽ പരീക്ഷാകേന്ദ്രം ലഭിച്ച കേരളത്തിൽനിന്നുള്ളവർക്കുമാണ് പരീക്ഷ മാറ്റിവച്ചത്. മറ്റ് സംസ്ഥാനങ്ങളിലുള്ളവർക്ക് പരീക്ഷയിൽ മാറ്റമില്ല.

കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയിൽ ജോയിന്റ് ഡയറക്ടർ (ഐ.ഇ.സി.), അസിസ്റ്റന്റ് ഡയറക്ടർ (വി.ബി.ഡി.), ഡിസ്ട്രിക്ട് സൂപ്പർവൈസർ (ഐ.സി.ടി.സി.), ഡിവിഷണൽ അസിസ്റ്റന്റ് (എം. ആൻഡ്. ഇ.), ഫിനാൻസ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് ഓഗസ്റ്റ് 19ന് നടത്താനിരുന്ന ഒ.എം.ആർ. പരീക്ഷ മാറ്റിവെച്ചതായി എൽ.ബി.എസ്. ഡയറക്ടർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

ആരോഗ്യ സർവകലാശാല ആഗസ്റ്റ് 20, 21 തീയതികളിൽ നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും പ്രാക്ടിക്കൽ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

അലോട്ട്‌മെന്റുകൾ

എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്സുകളിൽ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് അതത് കോളേജുകളിൽ പ്രവേശനം നേടുന്നതിനുള്ള സമയം 23ന് വൈകുന്നേരം അഞ്ച് മണിവരെയായി നീട്ടി. അഞ്ച് മണിക്കുശേഷം എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്സുകളിൽ നിലനിൽക്കുന്ന ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായുള്ള മോപ്പ് അപ്പ് കൗൺസലിംഗ് 28ന് തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ക്യാമ്പസിലുള്ള ഓൾഡ് ആഡിറ്റോറിയത്തിൽ നടക്കും.

രണ്ടാംഘട്ട അലോട്ട്‌മെന്റിൽ എം.ബി.ബി.എസ്./ബി.ഡി.എസ്. ഒഴികെയുള്ള മറ്റ് മെഡിക്കൽ/അനുബന്ധ കോഴ്സുകളിൽ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് പ്രവേശനം നേടുന്നതിന് ആഗസ്റ്റ് 30ന് വൈകുന്നേരം അഞ്ച് മണിവരെയായി നീട്ടിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: http://www.cee.kerala.gov.in

പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് മഹാത്മഗാന്ധി സർവകലാശാല അലോട്ട്‌മെന്റ് മാറ്റിവച്ചു. ബിരുദ/ബിരുദാനന്തര/ബി.പി.എഡ്/ ബി.എൽ.ഐ.എസ്.സി പ്രോഗ്രാമുകളിലേക്കുള്ള അലോട്ട്‌മെന്റാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി സർവകലാശാല പിന്നീട് അറിയിക്കും