കേരളത്തിന് സഹായ ഹസ്തവുമായി ബോളിവുഡ് താരങ്ങളും

single-img
18 August 2018

മഹാപ്രളയം നേരിടുന്ന കേരളത്തെ പരമാവധി സഹായിക്കണമെന്ന് കരണ്‍ ജോഹര്‍.
ട്വിറ്ററിലൂടെയാണ് അദ്ദേഹം സഹായം അഭ്യര്‍ത്ഥിച്ചത്.

“വളരെ ദുഖകരമായ വാര്‍ത്തകളാണ് കേരളത്തില്‍ നിന്നുവരുന്നത്. ഹൃദയഭേദകമാണ്.
എല്ലാവരും ആവുന്ന വിധം സഹായിക്കണം. ഇതിനെതിരേ കൂട്ടായ പ്രവര്‍ത്തനമാണ്
ആവശ്യമാണ്’- കരണ്‍ ജോഹര്‍ ട്വിറ്ററില്‍ കുറിച്ചു.

ബോളിവുഡില്‍ നിന്ന് വരുണ്‍ധവാനും സഹായവുമായി നേരത്തെ രംഗത്ത്
എത്തിയിരുന്നു. തമിഴ്സിനിമാ മേഖലയില്‍ നിന്ന് നിരവധി പേരാണ് സഹയവുമായി
എത്തിയത്. നയന്‍താര പത്ത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
നിധിയിലേക്ക് സംഭാവന ചെയ്തു. നയന്‍താരയുടെ ജന്മദേശം പത്തനംത്തിട്ടയിലെ
തിരുവല്ലയാണ്. ഏറ്റവുമധികം പ്രളയം ബാധിച്ച പ്രദേശങ്ങളില്‍ ഒന്നാണ്
തിരുവല്ല.

പ്രളയബാധയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായവുമായി നടന്‍മാരായ
ധനുഷും വിജയ് സേതുപതിയും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയിലേയ്ക്ക് ധനുഷ് 15 ലക്ഷവും വിജയ് സേതുപതി 25 ലക്ഷവും
സംഭാവനയായി നല്‍കും.

കേരളത്തിന് തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കണമെന്നും തമിഴ്
സിനിമാലോകത്തോട് വാര്‍ത്താകുറിപ്പിലൂടെ താരസംഘടനയായ നടികര്‍ സംഘം ജനറല്‍
സെക്രട്ടറി വിശാല്‍ അഭ്യര്‍ത്ഥിച്ചിരുന്നു. വിശാല്‍ 10 ലക്ഷം രൂപ
നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.