പ്രളയം ദുരന്തത്തില്‍ തകർന്നത് 26,000 വീടുകള്‍‍; റോഡുകള്‍ മാത്രം നന്നാക്കാന്‍ വേണ്ടത് 13,000 കോടി.

single-img
18 August 2018

പ്രളയ ദുരന്തത്തില്‍ 19,512 കോടി രൂപയുടെ നാശനഷ്ട്ടങ്ങള്‍ ഉണ്ടായതായി പ്രാഥമിക വിലയിരുത്തല്‍. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് പ്രളയ ദുരന്തത്തില്‍ ഉണ്ടായ നഷ്ടത്തിന്‍റെ കണക്കു സംസ്ഥാനം പ്രധാനമന്ത്രിക്ക് നല്‍കിയത്. വെള്ളം ഇറങ്ങിയ ശേഷം മാത്രമേ യഥാര്‍ത്ഥ നഷ്ടം കണക്കാക്കാന്‍ സാധിക്കുകയുള്ളൂ. ഇതിലും കൂടുതല്‍ ആകും യഥാര്‍ഥ നഷ്ട്ടം എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

357 പേര്‍ ഇതുവരെ മരണപ്പെട്ടു. 40,000 ഹെക്ടറലധികം കൃഷി നശിച്ചു. ആയിരത്തോളം വീടുകള്‍ പൂര്‍ണ്ണമായും 26,000 ത്തിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. 3,026 ക്യാമ്പുകളിലായി ഇപ്പോള്‍ 3,53,000 പേരുണ്ട്. 46,000 ത്തിലധികം കന്നുകാലികളും രണ്ടു ലക്ഷത്തിലധികം കോഴി-താറാവുകളും ചത്തതായി ആണ് പ്രാഥമിക വിവരം. ഉടമസ്ഥര്‍ തിരിച്ചു വീടുകളില്‍ എത്തിയാല്‍ മാത്രമേ വളര്‍ത്തു മൃഗങ്ങളുടെ പൂര്‍ണ്ണമായ കണക്കു ലഭ്യമാകുകയുള്ളൂ.

16,000 കി.മീ. പൊതുമരാമത്ത് റോഡുകളും 82,000 കി.മീ. പ്രാദേശിക റോഡുകളും 134 പാലങ്ങളും ഇതിനോടകം കേരളത്തില്‍ തകര്‍ന്നിട്ടുണ്ട്. റോഡുകളുടെ നഷ്ടം മാത്രം 13,000 കോടിയോളം വരും. പാലങ്ങളുടെ നഷ്ടം 800 കോടിയിലധികമാണ്. വിശദമായ പരിശോദന നടത്തിയാല്‍ മാത്രമേ കൂടുതല്‍ പാലങ്ങളുടെ സുരക്ഷയെ കുറിച്ച് വിശദമായ വിവരം ലഭിക്കുകയുള്ളൂ.