സംസ്ഥാനത്ത് ഇന്ധന ക്ഷാമമെന്ന് വ്യാജ പ്രചരണം;ഇന്ധനം വാങ്ങി സൂക്ഷിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

single-img
18 August 2018

തിരുവനന്തപുരം: കേരളത്തില്‍ ഇന്ധന ക്ഷാമമെന്ന് വ്യാപക പ്രചരണം നടന്നതോടെ ആളുകള്‍ പെട്രോളും ഡീസലും വാങ്ങിക്കൂട്ടുകയാണ്. . എന്നാല്‍ സംസ്ഥാനത്ത് ഇന്ധനക്ഷാമമില്ലെന്നും ആളുകള്‍ അനാവശ്യമായി ഇന്ധനം വാങ്ങിക്കൂട്ടേണ്ട ആവശ്യമില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

ഇന്ധനം വാങ്ങിക്കൂട്ടുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ.വാസുകി അറിയിച്ചു. ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

കൊച്ചിയിലെ റിഫൈനറി പൂര്‍ണമായും സുരക്ഷിതമാണെന്നും സംസ്ഥാനത്ത് ഇന്ധനപ്രതിസന്ധി ഇല്ലെന്നും ബി.പി.സി.എല്‍ വ്യക്തമാക്കി. റിഫൈനറിയിലെ എല്ലാ പ്രവര്‍ത്തനങ്ങളും സാധാരണഗതിയില്‍ നടക്കുന്നുണ്ട്. ചിലയിടങ്ങളില്‍ ഗതാഗത തടസം മൂലം ചരക്കുനീക്കത്തില്‍ ചെറിയ പ്രശ്നമുണ്ട്. ഗതാഗതം പുനഃസ്ഥാപിക്കുതോടെ അത് മാറുമെന്നും പരിഭ്രാന്തരാകരുതെന്നും ബി.പി.സി.എല്‍ കേരളാ റീടെയില്‍ വിഭാഗം മേധാവി വെങ്കിട്ടരാമ അയ്യര്‍ പറഞ്ഞു.

അതേസമയം, പലരും കന്നാസുകളിലും മറ്റുമായി ഇന്ധനം വാങ്ങിക്കുന്നതിനാൽ പൊലീസിന്റെയും ഫയർ ഫോഴ്സിന്റെയും മറ്റ് ദുരന്തനിവാരണ പ്രവർത്തകരുടെയും വാഹനങ്ങളിൽ പെട്രോൾ നിറയ്‌ക്കാനുള്ള സാഹചര്യമില്ലാതാകുകയാണെന്ന് കേരളാ സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി സർക്കാർ സ്വകാര്യ വാഹനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങൾക്ക് ഇന്ധനം നിറയ്‌ക്കുന്നതിന് മുൻഗണന നൽകണമെന്ന് പമ്പ് ഉടമകൾക്ക് തിരുവനന്തപുരം ജില്ലാ കളക്ടർ നിർദ്ദേശം നൽകി.