ചാലക്കുടി ടൗണില്‍ വെള്ളം പൂര്‍ണമായി ഇറങ്ങി;പെരിങ്ങല്‍ക്കുത്തിലും ഇടമലയാറിലും ജലനിരപ്പ് കുറഞ്ഞു

single-img
18 August 2018

തൃശൂര്‍: ചാലക്കുടി പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെ ടൗണിലെ പ്രളയത്തിന് അറുതിയായി. തൃശൂര്‍ മുതല്‍ അങ്കമാലി വരെ ദേശീയപാതയില്‍ വെള്ളക്കെട്ടില്ല. റോഡ് പലയിടത്തും തകര്‍ന്നിട്ടുണ്ട്. കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. സ്വകാര്യ വാഹനങ്ങള്‍ വേഗം കുറച്ച് കടത്തിവിടുന്നുണ്ട്.

പെരിങ്ങല്‍ക്കൂത്ത് അണക്കെട്ടിലെ ജലനിരപ്പ് താഴുകയാണ്. കഴിഞ്ഞ മൂന്നു ദിവസമായി അണക്കെട്ട് കവിഞ്ഞൊഴുകുകയായിരുന്നു. ഷട്ടറുകള്‍ വഴി പുറത്തേക്കു വിടുന്ന വെള്ളത്തിന്റെ അളവിലും ഗണ്യമായ കുറവു വന്നിട്ടുണ്ട്. ഇതു ചാലക്കുടി പുഴയിലെ ജലനിരപ്പും താഴ്ത്തി. ഇതേത്തുടര്‍ന്നാണ് ചാലക്കുടി ടൗണില്‍ വെള്ളം ഇറങ്ങിയത്.

ധ്യാനകേന്ദ്രത്തില്‍ കുടുങ്ങിയ മറ്റുള്ളവരെ പുറത്തേക്ക് കൊണ്ടുവരാനുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. ചാലക്കുടിയിലും ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഭക്ഷണവും വെള്ളവുമില്ലാതെ മൂന്നാംദിവസമാണ് ഇവരിവിടെ കുടുങ്ങിയിരിക്കുന്നത്.

അതിനിടെ,​ ഇടമലയാര്‍ ഡാമിലെ ജലനിരപ്പും താഴ്ന്നു. 168.1 അടിയാണ് ഇപ്പോള്‍ ഡാമിലെ ജലനിരപ്പ്. ഇടുക്കിയില്‍ ജലനിരപ്പ് 2401.50 അടിയായിരുന്നു.

പ്രളയക്കെടുതി മൂലം ദുരിതത്തിലായിരുന്ന ആലുവയില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങി. ചില ഭാഗങ്ങളില്‍ റോഡ് ഗതാഗതം ആരംഭിച്ചു. ഇതുവഴി ഭക്ഷണവിതരണവും മറ്റും ആരംഭിച്ചു. പത്തനംതിട്ട റാന്നി മേഖലയില്‍ നിന്നു ജനങ്ങളെ പൂര്‍ണമായി ഒഴിപ്പിച്ചു. എന്നാല്‍ വെള്ളക്കെട്ട് ഇതുവരെ മാറിയിട്ടില്ല.

അതേസമയം, പന്തളത്ത് വെള്ളം ഒഴിയുന്നില്ല. ഒഴുക്കും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തിന് ഇതും തടസമാകുന്നു. ചെങ്ങന്നൂരില്‍ 50 അംഗ നാവികസേന രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി.

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.