എളുപ്പത്തില്‍ ചീത്തയാവുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊടുത്തയക്കരുത്:വിതരണത്തിന് വേണ്ടത് ജലാംശമില്ലാത്ത ഭക്ഷണം

single-img
18 August 2018

തിരുവനന്തപുരം: ദുരിത ബാധിത മേഖലകളില്‍ കഴിയുന്നവര്‍ക്ക് ഹെലികോപ്ടര്‍ വഴി നല്‍കുന്ന ഭക്ഷണം ജലാംശമില്ലാത്തതും പാചകം ആവശ്യമില്ലാത്തതും വേഗത്തില്‍ ചീത്തയാകാത്തതുമാകണമെന്ന് സൈനിക അധികൃതര്‍ അറിയിച്ചു. കളക്‌ഷന്‍ സെന്ററുകളിലേക്ക് എത്തിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ കുപ്പിവെള്ളം, അവല്‍, മലര്‍, ശര്‍ക്കര, ബിസ്‌ക്കറ്റ്, ഡ്രൈ ഫ്രൂട്ട്സ്, ചോക്കലേറ്റ്, ബണ്‍ എന്നിവയ്ക്കു പ്രാധാന്യം നല്‍കണമെന്നും അറിയിപ്പില്‍ പറയുന്നു.

പാകം ചെയ്തതും എളുപ്പത്തില്‍ ചീത്തയാവുന്നതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിരവധി
പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കുന്ന സാഹചര്യത്തിലാണ് അധികൃതര്‍
ഇക്കാര്യം വ്യക്തമാക്കിയത്. ഭക്ഷണം പാഴായി പോകാതിരിക്കാനും ദുരിത
ബാധിതര്‍ക്ക് വേണ്ടത്ര അളവില്‍ ലഭ്യമാക്കാനും ഇതു സഹായിക്കുമെന്നും സൈനിക
അധികൃതര്‍ പറയുന്നു.

തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് വ്യോമമാര്‍ഗം ഇന്നലെ ഭക്ഷ്യ വസ്തുക്കള്‍ പത്തനംതിട്ടയില്‍ എത്തിച്ചിരുന്നു.ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുപോകുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ ജില്ലാ ഭരണകൂടം
ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്‌.