വെള്ളം രണ്ടാമത്തെ നിലയിലേക്കും കയറുന്നു; ആരെങ്കിലും വന്ന് രക്ഷിക്കണേ…: സഹായം അഭ്യര്‍ഥിച്ച് നടന്‍ സലീംകുമാറും

single-img
17 August 2018

കൊച്ചി: പ്രളയത്തില്‍ കുടുങ്ങി നടന്‍ സലിം കുമാറും. പറവൂര്‍ കൊടുങ്ങല്ലൂരിലെ തന്റെ വീട്ടിലാണ് നടനും മുപ്പത്തഞ്ചോളം പേരടങ്ങുന്ന സംഘവും കുടുങ്ങി കിടക്കുന്നത്. ഇന്നലെയാണ് വീട്ടിലേക്ക് വെളളം എത്തിതുടങ്ങിയത്. ഇതോടെ വൈകിട്ട് 3 മണിയോടെ നടന്‍ വീടുപേക്ഷിച്ച് പോകാന്‍ തയ്യാറായെങ്കിലും വീടിന് സമീപത്തുളള 35 ഓളം പേര്‍ അഭയം തേടി സലിം കുമാറിന്റെ വീടിലെത്തുകയായിരുന്നു.

ഇതോടെ നടന്‍ അവര്‍ക്കൊപ്പം വീട്ടില്‍ കഴിയാന്‍ തീരുമാനിച്ചു. എന്നാല്‍ ഇന്നുച്ചയോടെ വീടിന്റെ താഴത്തെ നില പൂര്‍ണമായും മുങ്ങി. രണ്ടാം നിലയിലേക്ക് വെളളം എത്തിയാല്‍ പിന്നെ ടെറസിലേക്ക് കയറേണ്ടി വരും. എന്നാല്‍ ഇത് വളരെ ബുദ്ധിമുട്ടാണെന്നും തന്റെ കൂട്ടത്തില്‍ നിരവധി പ്രായമായവര്‍ ഉണ്ടെന്നും നടന്‍ അറിയിച്ചു. വെളളം ഉയരുകയാണെന്നും എത്രയും പെട്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ എത്തി സഹായിക്കണമെന്നും സലിം കുമാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഇന്നലെ വീടിനു ചുറ്റും വെളളം നിറഞ്ഞതിനാല്‍ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വോയിസ് ക്ലിപ്പ് പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ധര്‍മ്മജനെയും കുടുംബത്തെയും രക്ഷാപ്രവര്‍ത്തകരെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വഞ്ചിയിലാണ് രക്ഷാപ്രവര്‍ത്തകര്‍ ഇവരെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വീട്ടില്‍ വെള്ളം കയറിയതിനാല്‍ നടി മല്ലിക സുകുമാരനെ രക്ഷാപ്രവര്‍ത്തകര്‍ എത്തി മാറ്റിപ്പാര്‍പ്പിച്ചിരുന്നു. തിരുവനന്തപുരം നഗരസഭാ പ്രതിപക്ഷ നേതാവ് ഗിരി കുമാര്‍ അടക്കമുളള സംഘമാണ് മല്ലികയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.