ഇന്നും കനത്ത മഴയ്ക്ക് സാധ്യത; തൃശൂരില്‍നിന്ന് എറണാകുളത്തേക്കുള്ള ദേശീയപാത അടച്ചു; കുതിരാന്‍ വഴിയുള്ള പാലക്കാട് റോഡ് അടഞ്ഞു കിടക്കുന്നു; ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്കുള്ള റോഡും വെള്ളത്തില്‍

single-img
17 August 2018

എറണാകുളത്തേക്കു തൃശൂരില്‍നിന്നുള്ള ദേശീയപാത പൂര്‍ണ്ണമായും അടച്ചു. നഗരത്തിനടുത്തുള്ള ടോള്‍ പ്ലാസ, പുതുക്കാട്, ആമ്പല്ലൂര്‍, കറുകുറ്റി, മുരിങ്ങൂര്‍ തുടങ്ങിയ സ്ഥലത്തെല്ലാം പാതയില്‍ വെള്ളം കയറി. പലയിടത്തും പുഴ റോഡിനു കുറുകെ ഒഴുകുന്ന അവസ്ഥയാണ്. മുരിങ്ങൂര്‍ മേല്‍പ്പാലത്തിലും വെള്ളം കയറി.

തൃശൂരില്‍ രാവിലെ പത്തുവരെ മഴയ്ക്കു നേരിയ ശമനമുണ്ടായിരുന്നെങ്കിലും പിന്നീടു വീണ്ടും മഴ തുടങ്ങി. കുതിരാന്‍ വഴിയുള്ള പാലക്കാട് റോഡ് അടഞ്ഞു കിടക്കുന്നു. ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്കു പോകാനുള്ള റോഡും പലയിടത്തായി വെള്ളത്തിലാണ്. തൃശൂര്‍ നഗരത്തിലെ വെള്ളക്കെട്ടു കുറച്ചു കുറഞ്ഞു.

ചാലക്കുടിയില്‍ വെള്ളം ഉയരുകയാണ്. മാള, ചാലക്കുടി പ്രദേശത്തു പതിനായിരത്തിലേറെ പേര്‍ അതീവ ഗുരുതരാവസ്ഥയെ നേരിടുന്നു. അതേസമയം, ചാലക്കുടി മാള പുത്തന്‍വേലിക്കരക്കടുത്തു പള്ളിക്കടുത്തുള്ള കെട്ടിടം തകര്‍ന്നു ആറു പേരെ കാണാതായി. ഇവര്‍ കെട്ടിടത്തിനു അടിയില്‍പെട്ടിരിക്കുകയാണ്. രാത്രി 12 മണിയോടെയായിരുന്നു അപകടം.

അതേസമയം, നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തില്‍ ഒറ്റപ്പെട്ട് രക്ഷാഹസ്തം കാത്ത് ഇപ്പോഴും പതിനായിരങ്ങള്‍. എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും കൂടുതല്‍പേര്‍ കുടുങ്ങിക്കിടക്കുന്നത്. രണ്ടുദിവസമായി ഭക്ഷണം പോലും കഴിക്കാത്തവരും രോഗികളും പ്രായമായവരും കുട്ടികളും ഇക്കൂട്ടത്തിലുണ്ട്.

എറണാകുളം ജില്ലയില്‍മാത്രം ഒന്നരലക്ഷത്തോളംപേര്‍ വിവിധ ക്യാംപുകളിലായി കഴിയുന്നു. ആലുവയും പരിസരപ്രദേശങ്ങളും പൂര്‍ണമായും മുങ്ങിയ അവസ്ഥയിലാണ്. പത്തനംതിട്ട ജില്ലയിലെ മൂന്നില്‍ രണ്ടുഭാഗത്തും പ്രളയം രൂക്ഷം. കുട്ടനാട് കൂടുതല്‍ ഗുരുതര സ്ഥിതികളിലേക്ക് നീങ്ങുന്നു.

കോട്ടയം, വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല. കൊല്ലത്തും രാത്രി ശക്തമായ മഴയും കാറ്റും ദുരിതംവിതച്ചു. ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴക്കെടുതിയില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം നൂറുകഴിഞ്ഞു.

വിവിധ ജില്ലകളിലായി 107 ജീവനുകളാണ് നഷ്ടപ്പെട്ടത്. അതേസമയം കഴിഞ്ഞ ദിവസം എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലങ്ങളിലേക്ക് ഇന്ന് രാവിലെ കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ഇടുക്കി ഉള്‍പ്പെടെ മിക്ക അണക്കെട്ടുകളും ഇപ്പോഴും നിറഞ്ഞ അവസ്ഥയിലാണ്.