രക്ഷാപ്രവര്‍ത്തനം വൈകി; റവന്യൂ അഡീ. ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ ശാസന

single-img
17 August 2018

തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനത്തില്‍ കാര്യമായി ഇടപെട്ടില്ലെന്ന് ആരോപിച്ച് റവന്യൂ അഡീ. ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസിച്ചു. റിലീഫ് കമ്മീഷണര്‍ കൂടിയായ പി.എച്ച് കുര്യനെയാണ് മുഖ്യമന്ത്രി ശാസിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ശാസന. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത അവലോകന യോഗത്തിലാണ് ഇത്.

പത്തനംതിട്ട ജില്ലയിലടക്കം പുറത്തിറങ്ങാനാകാതെ ഒറ്റപ്പെട്ടവരെ ഹെലിക്കോപ്റ്റര്‍ വഴി രക്ഷപ്പെടുത്താന്‍ വൈകി. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് ആയില്ലെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പത്തനംതിട്ടയിലും കുട്ടനാട്ടിലും കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ ഇന്ന് പുലര്‍ച്ചെ തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ വൈകിയാണ് ഇന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശം പാലിക്കാതെ ജനങ്ങളെ ദുരിതത്തിലാക്കിയതിനാണ് പി.എച്.കുര്യനെ മുഖ്യമന്ത്രി ശാസിച്ചത്.

ഇതുവരെ എത്ര പേരെ രക്ഷപ്പെടുത്തി, ബാക്കിയുള്ളവരെ എപ്പോള്‍ രക്ഷിക്കാനാകും?, തുടങ്ങിയ കാര്യങ്ങളും വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. സൈനിക വിഭാഗങ്ങളെ കൃത്യമായി ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടു പോകേണ്ടത് റിലീഫ് കമ്മീഷണറാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസം ഉയര്‍ന്ന പരാതികളെ തുടര്‍ന്നാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിരിക്കുന്നത്.