‘വിദേശയാത്രകള്‍ക്ക് 1484 കോടിയും പരസ്യങ്ങള്‍ക്ക് 4300 കോടിയും ചെലവഴിച്ച മോദിക്ക് കേരളത്തിന് നല്‍കാന്‍ മാത്രം പണമില്ലേ?’; നല്‍കിയത് വെറും 100 കോടി മാത്രം; മോദിക്കെതിരെ പ്രതിഷേധം

single-img
17 August 2018

കേരളത്തിലെ വെള്ളപ്പൊക്ക ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി മാത്രം ധനസഹായം പ്രഖ്യാപിച്ച മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രശാന്ത് ഭൂഷന്‍. വിദേശയാത്രകള്‍ക്ക് 1484 കോടി, പരസ്യങ്ങള്‍ക്ക് 4300 കോടി, ശിവജി പ്രതിമയ്ക്ക് 3600 കോടി, പട്ടേല്‍ പ്രതിമയ്ക്ക് 2989 കോടി, കുംഭമേളയ്ക്ക് 4200 കോടി, എന്നാല്‍ കേരളത്തിന് 100 കോടി മാത്രമേയുള്ളൂ എന്നാണ് ഭൂഷന്റെ രൂക്ഷ വിമര്‍ശനം.

നേരത്തെ കേന്ദ്രം 100 കോടി രൂപ മാത്രം അനുവദിച്ചതില്‍ ധനമന്ത്രി തോമസ് ഐസകും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ‘ഏകദേശം 8000 കോടി രൂപയുടെ നാശനഷ്ടങ്ങളാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. അടിയന്തിര ചെലവ് 3000 കോടി രൂപയാണ്. എന്നാല്‍ വെറും 100 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചത്’, അദ്ദേഹം ട്വീറ്റ് ചെയ്തു.

അടിയന്തരമായി 1220 കോടി അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേരളം സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് 100 കോടി രൂപ മാത്രമാണ് അനുവദിച്ചത്. പ്രളയ ബാധിത പ്രദേശങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തിയ ശേഷം കൂടുതല്‍ പണം നല്‍കുമെന്നും സിങ് പറഞ്ഞിരുന്നു.

അതേസമയം പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വീണ്ടും സംസാരിച്ചു. പ്രളയക്കെടുതികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് പ്രധാനമന്ത്രി അന്വേഷിച്ചു. പല സ്ഥലങ്ങളിലും മഴ ശക്തിയായി തുടരുകയാണെന്നും അതുകൊണ്ട് ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.