പ്രളയത്തില്‍ കേരളത്തിന് പിന്തുണയുമായി രാജ്യാന്തര മാധ്യമങ്ങള്‍; ദേശീയ മാധ്യമങ്ങള്‍ ഇപ്പോഴും വാജ്‌പേയിയുടെ മരണത്തില്‍ അനുശോചനങ്ങള്‍ നല്‍കുന്ന തിരക്കില്‍

single-img
17 August 2018

കേരളം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് അസാധാരണവും അപ്രതീക്ഷിതവുമായ ദുരന്താനുഭവത്തെയാണ്. മനുഷ്യ സാധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനങ്ങളും നടക്കുകയാണ്. മാധ്യമങ്ങളൊന്നടങ്കം രക്ഷാപ്രവര്‍ത്തനത്തിന് വെളിച്ചമേകുന്ന പ്രവര്‍ത്തനമാണ് ചെയ്യുന്നത്.

രാജ്യമാകെ കേരളത്തിന്റെ കണ്ണീര്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ലോകമാധ്യമങ്ങളും കേരളത്തിനൊപ്പമാണ്. വലിയ പ്രാധാന്യത്തോടെയാണ് ലോക മാധ്യമങ്ങള്‍ കേരളത്തിന്റെ ദുരിതം റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്തര്‍ദേശീയ മാധ്യമങ്ങളായ സിഎന്‍എനും, ബിബിസിയും, വിഷയത്തിന് അതീവ പ്രാധാന്യം നല്‍കിയിട്ടുണ്ട്.

നൂറ് കോടി യുഎസ് ഡോളറിലധികം നഷ്ടം കേരളത്തിനുണ്ടെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട്. വാഷിംഗ്ണ്‍ പോസ്റ്റ്, അല്‍ ജസീറ. ഗാര്‍ഡിയന്‍ തുടങ്ങി ലോകത്തിന്റെ വിവിധ കോണുകളിലുള്ള മാധ്യമങ്ങളും വിഷയം ഏറ്റെടുത്തിട്ടുണ്ട്. കേരളത്തിന്റെ കണ്ണീരൊപ്പാനും സാമ്പത്തികമായി സഹായിക്കാനും ലോകത്തോട് പറയുകയാണ് മാധ്യമങ്ങള്‍.

കേരളത്തിലെ പ്രളയത്തിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളും അവര്‍ നല്‍കിയിട്ടുണ്ട്. ചൈനയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരും കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിയിരുന്നു. ചൈനീസ് സെന്‍ട്രല്‍ ടെലിവിഷന്റെയും, ചൈന ഗ്ലോബല്‍ ടെലിവിഷന്‍ നെറ്റവര്‍ക്കിന്റെയും റിപ്പോര്‍ട്ടിങ് സംഘങ്ങളാണ് കൊച്ചിയില്‍ എത്തിയത്.

എന്നാല്‍ രാജ്യാന്തര മാധ്യമങ്ങള്‍ കേരളത്തിലെ വാര്‍ത്ത വലിയ പ്രാധാന്യത്തോടെ നല്‍കിയിട്ടും ദേശീയ മാധ്യമങ്ങള്‍ ഇനിയും കേരളത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ല. ഇപ്പോഴും വാജ്‌പേയിയുടെ മരണത്തിലെ അനുശോചനങ്ങളാണ് ദേശീയ മാധ്യമങ്ങളിലെ പ്രധാന വാര്‍ത്തകള്‍. കേരളത്തിലെ കാലവര്‍ഷക്കെടുത്തി മിക്ക പത്രങ്ങളിലും അഞ്ചാമതോ ആറാമതോ പ്രാധാന്യമുള്ള വാര്‍ത്ത മാത്രമാണ്.

എന്‍.ഡി.ടി.വി, ദ ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ഡെക്കാന്‍ ക്രോണിക്കിള്‍, തുടങ്ങി പ്രമുഖ മാധ്യമങ്ങളെല്ലാം ഈ വിധമാണ് വാര്‍ത്തയ്ക്ക് പ്രാധാന്യം നല്‍കിയിരിക്കുന്നത്. കേരളത്തിലെ പ്രളയം ഇപ്പോഴും ദേശീയതലത്തില്‍ വേണ്ട രീതിയില്‍ ചര്‍ച്ചയായിട്ടില്ല എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.