കേരളത്തില്‍ സംഭവിക്കുന്നത് കാലാവസ്ഥാ വ്യതിയാനമോ?

single-img
17 August 2018

ഉത്തരേന്ത്യയിലും മറ്റും സ്ഥിരം കേള്‍ക്കുന്ന വാര്‍ത്തകളും കാഴ്ചകളുമാണ് നമ്മുടെ സ്വന്തം നാട്ടില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ബിഹാറിലും രാജസ്ഥാനിലും ഉത്തരാഖണ്ഡിലുമൊക്ക സംഭവിക്കുമ്പോള്‍ ഇവിടെ മാത്രം ഒരിക്കലും ഇതൊന്നും ഉണ്ടാകില്ലെന്ന് കരുതി അഹങ്കരിച്ചിരുന്ന മനസ്സിന് കനത്ത ആഘാതമാണ് ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്.

കേരളത്തിലെ വെള്ളപ്പൊക്കത്തിന് ആഗോള താപനവുമായി ബന്ധമുണ്ടെന്ന് തന്നെയാണ് കാലാവസ്ഥാ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രവചിക്കാനാകാത്ത ചൂടും കനത്ത മഴയുമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍. പതിവിലേറെ നീണ്ടുനില്‍ക്കുന്ന തുലാവര്‍ഷവും ഇടവപ്പാതിയും ഇതിന്റെ തെളിവ് തന്നെയാണ്.

കാണാനാകുന്നതും അല്ലാത്തതുമായ നിരവധി മാറ്റങ്ങള്‍ ഭൂമിയില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്താകമാനം ഒരേ രീതിയിലല്ല കാലാവസ്ഥാ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ചിലയിടങ്ങളില്‍ കനത്ത മഴയെങ്കില്‍ മറ്റിടങ്ങളില്‍ കടുത്ത വരള്‍ച്ചയായിരിക്കും.

പ്രകൃതിക്ഷോഭങ്ങളുടെ ആഘാതവും വ്യത്യസ്തമായിരിക്കും. കാലവും ക്രമവും തെറ്റിയെത്തുന്ന മഴയും അതുപോലെ കനത്ത ചൂടും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. കാലാവസ്ഥാ പ്രവചനാതീതമാകുമ്പോഴും പ്രതിസന്ധിയുടെ രൂക്ഷത കൂടുന്നു. കേരളത്തില്‍ മഴ നിര്‍ത്താതെ പെയ്യുകയാണ്.

ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹങ്ങളെല്ലാം കേരളത്തിലെ മഴചിത്രങ്ങളും വിവരങ്ങളും ഓരോ നിമിഷവും പങ്കുവച്ചുകൊണ്ടിരിക്കുകയാണ്. ഇന്‍സാറ്റ്, മെറ്റിയോസാറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങളില്‍ കേരളതീരം കാണുന്നില്ല. മഴമേഘങ്ങള്‍ മൂടിക്കിടക്കുകയാണ്.