ആയിരങ്ങള്‍ ദുരിതത്തില്‍ കഴിയുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കേണ്ട വനംമന്ത്രി കെ രാജു ജര്‍മനിയിലേക്ക് പോയി

single-img
17 August 2018

പ്രളയക്കെടുതിക്കിടെ വനംമന്ത്രി കെ രാജുവിന്റെ വിദേശയാത്ര. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പരിപാടിയില്‍ പങ്കെടുക്കാനാണ് മന്ത്രി ജര്‍മനിക്ക് പോയത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു മന്ത്രിയുടെ വിദേശ യാത്ര. പ്രളയക്കെടുതിയില്‍ കോട്ടയം ജില്ലയുടെ ചുമതലയുള്ള മന്ത്രിയാണ് കെ രാജു.

സ്വന്തം മണ്ഡലമായ കൊല്ലം ജില്ലയിലെ പുനലൂരില്‍ മഴക്കെടുതി കനത്ത നാശനഷ്ടം വിതച്ച പ്രദേശങ്ങള്‍ പോലും സന്ദര്‍ശിക്കാന്‍ മന്ത്രി രാജുവിനായിട്ടില്ല. ഇതിനെതിരെ നാട്ടുകാര്‍ക്കിടയിലും സി.പി.ഐക്കുള്ളിലും പ്രതിഷേധം ശക്തമാണ്. ഇക്കാര്യം ചില പ്രവര്‍ത്തകര്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തിരിച്ചെത്തിയാലുടന്‍ മന്ത്രിയില്‍ നിന്നും സി.പി.ഐ വിശദീകരണം ചോദിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ജര്‍മനിയിലെ ഒരു പ്രവാസി സംഘടനയുടെ സമ്മേളനത്തിനായി മന്ത്രിമാരായ വി.എസ്.സുനില്‍കുമാര്‍, കെ. രാജു, എം.പിമാരായ ശശി തരൂര്‍, ഇ.ടി.മുഹമ്മദ് ബഷീര്‍, എം.കെ.മുനീര്‍ എം.എല്‍.എ എന്നിവരെയാണ് സമ്മേളനത്തിലേക്ക് മുഖ്യാതിഥികളായി ക്ഷണിച്ചിരുന്നത്.

ഇതില്‍ കെ.രാജുവും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുമാണ് ജര്‍മനിയിലേക്ക് പോയത്. ചികിത്സാര്‍ത്ഥം അമേരിക്കയിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ യാത്ര റദ്ദാക്കി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്.

ചടങ്ങിലേക്ക് ക്ഷണിച്ചിരുന്ന മറ്റ് ജനപ്രതിനിധികളും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് യാത്ര റദ്ദാക്കി. മന്ത്രി വി.എസ്.സുനില്‍കുമാര്‍ കഴിഞ്ഞ ദിവസവും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന തിരക്കിലായിരുന്നു. അതേസമയം പ്രളയക്കെടുതി രൂക്ഷമാകുന്നതിന് മുമ്പാണ് വിദേശത്തേക്ക് പോയതെന്നും യാത്ര വെട്ടിച്ചുരുക്കി തിരികെ വരാനുള്ള ശ്രമത്തിലാണെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.