ഹെലികോപ്റ്ററിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

single-img
17 August 2018

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ മേഖലകളില്‍ ഹെലികോപ്റ്ററുകളാണ് ഉപയോഗിക്കുന്നത്. അതിനാല്‍ ഹെലികോപ്റ്ററില്‍ ഉള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാനായി എസ്ഒഎസ് എന്ന് എന്തെങ്കിലും വസ്തുക്കള്‍കൊണ്ട് എഴുതുക. അല്ലെങ്കില്‍ കണ്ണാടിയോ അതുപോലുള്ള വസ്തുക്കളോ ഉപയോഗിച്ച് ഹെലികോപ്റ്ററില്‍ റിഫ്‌ലെക്ട് ചെയ്യുക. നിറമുള്ള വലിയ തുണി വീശികാണിച്ചാലും ഹെലികോപ്റ്ററിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ സാധിക്കും. കൂടാതെ നാവിക സേനയുടെ ബോട്ട് വരുന്ന ഭാഗങ്ങളില്‍ ഉറക്കെ ശബ്ദമുണ്ടാക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി.

അതിനിടെ കാലവര്‍ഷകെടുതിയില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാന്‍ 200 മത്സ്യബന്ധനബോട്ടുകള്‍ കൂടി അധികമായി വിന്യസിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിഴിഞ്ഞത്തു നിന്നുള്ള 19 ബോട്ടുകള്‍ തിരുവല്ല മേഖലയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചിട്ടുണ്ട്. അഞ്ചുതെങ്ങില്‍ നിന്നുള്ളവ പത്തനംതിട്ടയിലും പൂവാറില്‍ നിന്നുള്ള ബോട്ടുകള്‍ പന്തളത്തും എത്തിച്ചേര്‍ന്നു.

കൊല്ലം നീണ്ടകരയില്‍ നിന്നുള്ള 15 ബോട്ടുകള്‍ തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. പൊന്നാനിയില്‍ നിന്നുള്ള 30 ബോട്ടുകളില്‍ 15 എണ്ണം വീതം തൃശ്ശൂരിലും, എറണാകുളത്തും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. കണ്ണൂര്‍ അഴീക്കലില്‍ നിന്നുള്ള 15 ബോട്ടുകളും തലശ്ശേരിയില്‍ നിന്നുള്ള 33 ബോട്ടുകളും ചാലക്കുടിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരും. നീന്തല്‍ വിദഗ്ധര്‍ കൂടിയായ മത്സ്യത്തൊഴിലാളികളും ഈ സംഘത്തിനൊപ്പമുണ്ട്. ആവശ്യത്തിനനുസരിച്ച് രക്ഷാപ്രവര്‍ത്തനത്തിനായി 62 ബോട്ടുകള്‍കൂടി സജ്ജമാക്കിയിട്ടുണ്ട്.

ഇതിനിടെ സംസ്ഥാനത്ത് ശനിയാഴ്ചയും പലസ്ഥലങ്ങളിലും ശക്തമായ മഴ തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശനിയാഴ്ച കഴിയുന്നതോടെ മഴയുടെ തീവ്രത കുറയും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നേരിയ മഴയ്ക്ക് മാത്രമെ സാധ്യതയുള്ളുവെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു. എന്നാല്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശനിയാഴ്ചയും അതിശക്തമായ മഴ പെയ്‌തേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

തീരുവനന്തപുരവും കാസര്‍കോടും ഒഴികെയുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. അതിനിടെ, മഴയുടെ തീവ്രത കുറയുമെന്ന റിപ്പോര്‍ട്ടുകള്‍ ആശ്വാസം നല്‍കുന്നതാണ്. ചൊവ്വാഴ്ച മുതല്‍ ഉയര്‍ന്നുതുടങ്ങിയ പെരിയാറിലെ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. ഇതോടെ ആലുവ അടക്കമുള്ള പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി പുരോഗമിക്കുകയാണ്.