നവജാത ശിശുവിനെ ഓവുചാലില്‍ നിന്ന് വീട്ടമ്മ രക്ഷപ്പെടുത്തി: വീഡിയോ

single-img
17 August 2018

തമിഴ്‌നാട്ടിലെ ഓവുചാലില്‍ നിന്ന് ഒരു നവജാതശിശുവിനെ വീട്ടമ്മ രക്ഷപ്പെടുത്തിയ കാഴ്ച ആരുടേയും കരളലിയിക്കും. ചെന്നൈ സ്വദേശിയായ വീട്ടമ്മ ഗീതയാണ് കുഞ്ഞിന് രക്ഷകയായത്. രാവിലെ പാല്‍ക്കാരന്റെ ശബ്ദം കേട്ട് വീടിന് മുന്നിലെത്തിയപ്പോള്‍ ഓവുചാലില്‍ നിന്ന് കരച്ചില്‍ കേട്ടു.

എന്താണെന്ന് അറിയാന്‍ അടുത്ത് ചെന്ന് ശ്രദ്ധിച്ചപ്പോഴാണ് അത് ഒരു കുഞ്ഞിന്റെ കരച്ചില്‍ ആണെന്ന് മനസിലായത്. ഓവിന്റെ അരികില്‍ ചെവി ചേര്‍ത്ത് വച്ച് ശ്രദ്ധിക്കുകയായിരുന്നു. അതേസമയം അത് ഒരു കോഴിക്കുഞ്ഞിന്റെ കരച്ചിലാണെന്ന് മറ്റുള്ളവര്‍ പറഞ്ഞെങ്കിലും ഗീത പിന്മാറാന്‍ തയ്യാറായിരുന്നില്ല.

രണ്ടും കല്‍പ്പിച്ച് ഗീത ഓവുചാലിലേക്ക് ഇറങ്ങിച്ചെന്ന് പരിശോധിച്ചു. ഞെട്ടിപ്പോയി. പൊക്കില്‍കൊടി പോലും മുറിച്ചുമാറ്റാത്ത ഒരു ചോരക്കുഞ്ഞ്. പൊക്കിള്‍കൊടി കുഞ്ഞിന്റെ കഴുത്തിന് ചുറ്റും കുരുങ്ങിക്കിടക്കുന്നു. നിര്‍ത്താതെ നിലവിളിക്കുകയായിരുന്നു കുട്ടി.

ഉടന്‍ തന്നെ കാലില്‍ പിടിച്ച് കുഞ്ഞിനെ പുറത്തേക്ക് എടുത്തു. വെള്ളം കൊണ്ടുവരാന്‍ അവിടെയുണ്ടായിരുന്നവരോട് നിര്‍ദ്ദേശിച്ചു. വെള്ളമുപയോഗിച്ച് കുഞ്ഞിനെ കഴുകി വൃത്തിയാക്കി. ഉടന്‍തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ കുട്ടി ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

സ്വാതന്ത്ര്യദിനത്തില്‍ കിട്ടിയ കുഞ്ഞായതിനാല്‍ അതിന് ‘സ്വതന്ത്ര’ എന്നാണ് പേരിട്ടിരിക്കുന്നതെന്ന് ഗീത അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഓവുചാലില്‍ വെള്ളം ഇല്ലാതിരുന്നതിനാലാണ് കുഞ്ഞ് രക്ഷപ്പെട്ടത്.

ആശുപത്രി വിട്ടശേഷം കുഞ്ഞിനെ ശിശുഭവന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. ഓവുചാലില്‍ നിന്ന് കുഞ്ഞിനെ രക്ഷിച്ച ഗീതയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സാമൂഹ്യമാധ്യമങ്ങള്‍.