എറണാകുളത്ത് 50000 ഭക്ഷണപ്പൊതികള്‍ ആവശ്യമുണ്ട്

single-img
17 August 2018

എറണാകുളത്ത് 50000 ഭക്ഷണപ്പൊതികള്‍, ചെറിയ കുപ്പിവെള്ളം ആവശ്യമുണ്ട്. എളുപ്പത്തില്‍ കേടാകാത്ത ഭക്ഷണസാധനങ്ങളാണ് വേണ്ടത്. കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിക്കണം. സ്പീഡ് ബോട്ടുകള്‍, ചെറുവള്ളങ്ങള്‍ എന്നിവയും വേണം. പത്തടിപ്പാലത്തെ ഗവണ്‍മെന്റ് റസ്റ്റ് ഹൗസിലാണ് ഇവ എത്തിക്കേണ്ടത്.

അതിനിടെ സംസ്ഥാനത്തെ മഹാപ്രളയത്തില്‍ പെട്ട് ഒറ്റപ്പെട്ടവരെ രക്ഷപെടുത്താന്‍ നാവികസേനയുടെ അതിതീവ്രദൗത്യം പുരോഗമിക്കുന്നു. പത്തനംതിട്ടയില്‍നിന്നു സൈന്യം രക്ഷപ്പെടുത്തി വ്യോമമാര്‍ഗം വര്‍ക്കലയിലെത്തിക്കുന്നവരുടെ വിവരങ്ങള്‍ ബന്ധുക്കളെ അറിയിക്കുന്നതിനായി ശിവഗിരി കണ്‍വന്‍ഷന്‍ സെന്ററില്‍ ഹെല്‍പ്പ് ലൈന്‍ തുടങ്ങി.. നമ്പര്‍ 9400667726, 8129311048, 8921185920.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ മേഖലയിലും വര്‍ക്കലയിലുമാണ് പത്തനംതിട്ട ജില്ലയില്‍നിന്നു രക്ഷപ്പെടുത്തുന്ന ആളുകളെ എത്തിക്കുന്നത്. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുന്നതിനും ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും പ്രത്യേക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.

തിരുവനന്തപുരത്ത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണു പൊതുജനങ്ങളില്‍നിന്ന് അവശ്യ വസ്തുക്കള്‍ ശേഖരിക്കുന്നത്. പ്രിയദര്‍ശിനി ഹാള്‍, വഴുതയ്ക്കാട് വിമന്‍സ് കോളേജ്, താലൂക്ക് ഓഫീസുകളിലും സഹായങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ഭക്ഷ്യ വസ്തുക്കള്‍, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, ആന്റി സെപ്റ്റിക് ലോഷന്‍, കമ്പിളി, വസ്ത്രങ്ങള്‍ തുടങ്ങി ദുരിത ബാധിതര്‍ക്ക് ആവശ്യമുള്ള വസ്തുക്കള്‍ എത്തിക്കാം.

തിരുവനന്തപുരം ജില്ലയില്‍ കുടിവെള്ള ദൗര്‍ലഭ്യം അനുഭവപ്പെടുന്ന മേഖലകളില്‍ ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. കുടിവെള്ളം എത്താത്ത മേഖലകള്‍ കണ്ടെത്തി ടാങ്കറില്‍ വെള്ളം എത്തിക്കുന്നതിനു വില്ലേജ് ഓഫിസര്‍മാരെ ചുമതലപ്പെടുത്തി.

ജില്ലയില്‍ ഏഴു ഗ്രാമീണ ജലവിതരണ പദ്ധതികളൊഴികെയുള്ള എല്ലാ പദ്ധതികളും പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുന്നതായി വാട്ടര്‍ അതോറിറ്റി അറിയിച്ചു. വെള്ളപ്പൊക്കത്തെത്തുടര്‍ന്നു വലിയകുളം, കുന്നത്തുകാല്‍, ആര്യന്‍കോട്, മണിക്കല്‍, ആര്യനാട്, പൂവച്ചല്‍ എന്നിവിടങ്ങളിലേക്കുള്ള പദ്ധതികളിലൂടെ ജലവിതരണം പൂര്‍ണ തോതില്‍ നടക്കുന്നില്ല.

ഇതിന്റെ പരിധിയില്‍ വരുന്ന മേഖലകളിലാണു ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിക്കുക. രണ്ടു ദിവസത്തിനകം ഇവ പൂര്‍ണ പ്രവര്‍ത്തനക്ഷമമാക്കാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ നടക്കുന്നു. ശക്തമായ മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയില്‍ ഇന്നും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.